ചെറായി : വൈപ്പിൻകരയെ ആദ്യമായി മറുകരയിലെത്തിച്ച ചെറായി പാലം ശോചനീയാവസ്ഥയിൽ. ആറ് പതിറ്റാണ്ട് പിന്നിട്ട പാലത്തിന്റെ ഉറപ്പും സുരക്ഷയും ആശങ്കയിലാണ്. വൈപ്പിൻ-മുനമ്പം മേഖലകളിലേക്കും തിരിച്ചും ദിനംപ്രതി ആയിരക്കണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിന്റെ അവസ്ഥ പരിതാപകരമാണ്.

To advertise here,

പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ചെറായിയിലേക്കുള്ള പ്രധാന കവാടത്തിൽ സ്ഥിതിചെയ്യുന്ന പാലത്തിന്റെ പല ഭാഗങ്ങളിലും കോൺക്രീറ്റ് അടർന്നുപോയ അവസ്ഥയിലാണ്.

അടിഭാഗത്തെ ബീമുകൾ കാലപ്പഴക്കത്തേയും പരിപാലനമില്ലായ്മയേയും അതിജീവിക്കാനുള്ള തത്രപ്പാടിലാണ്. വീരൻപുഴയിൽ സ്ഥാപിച്ച 64 തൂണുകളാണ് ഈ പാലത്തെ താങ്ങിനിർത്തുന്നത്. അവയിൽ ഭൂരിഭാഗം തൂണുകളുടെയും കോൺക്രീറ്റ് പാളികൾ തകർന്ന് കമ്പികൾ പുറത്തുകാണാം. ഇത് പാലത്തിന്റെ ബലക്ഷയത്തിന് ആക്കംകൂട്ടുന്നതായി ആശങ്ക ജനിപ്പിക്കുന്നു.

പാലത്തിന്റെ പലഭാഗങ്ങളിലും ആൽമരങ്ങളും പുല്ലുകളും മുളച്ചുനിൽക്കുന്നത് കാണാം. ഇത് ബീമുകളിലും ഗർഡറുകളിലും വിള്ളൽ വീഴ്ത്താൻ കാരണമാകും. ടൂറിസ്റ്റുകൾ അടക്കം നിരവധി പേർ വാഹനം നിർത്തി ഇവിടെനിന്ന് ഫോട്ടോ എടുക്കാറുണ്ട്.

ഈ അടുത്ത കാലത്തായി പാലത്തിലൂടെ ഭാരമേറിയ കണ്ടെയ്‌നറുകളും മറ്റ് വലിയ വാഹനങ്ങളും നിരന്തരം കടന്നുപോകുന്നുണ്ട്. ഇത് പാലത്തിന്റെ ബലക്ഷയം കൂടുതൽ വർധിപ്പിക്കും.

പാലത്തിന് സമാന്തരമായ ബീമുകളോട് ചേർന്നുപോകുന്ന കുടിവെള്ള പൈപ്പുകളും നിരവധി കേബിൾ ശൃംഖലകളുമുണ്ട്.

പാലത്തിന്റെ ശോചനീയാവസ്ഥ കണ്ട് ഇതിന്റെ ഉറപ്പ് അടിയന്തരമായി പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ എത്രയും പെട്ടെന്ന് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.കേരളത്തിന്റെ പ്രധാന കരയിൽനിന്ന്‌ പൂർണമായി ഒറ്റപ്പെട്ടുകഴിഞ്ഞിരുന്ന ദ്വീപിലേക്ക് വികസനമെത്തിച്ച ചെറായിപ്പാലത്തിന് ചരിത്രം ഏറെയുണ്ട്. പുത്തൻതോടുകൾക്ക് കുറുകേ പാലങ്ങളായിരുന്നു അക്കാലത്ത്.

വൈപ്പിൻകരയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഒരു പാലം വേണമെന്ന ആവശ്യം 1940-കളുടെ അവസാനം മുതൽ ഉയർന്നുവന്നതാണ്. 1960 സെപ്‌റ്റംബർ 29-ന് പാലത്തിന്റെ നിർമാണം പൂർത്തിയായി. പാലത്തിലുള്ള ഫലകത്തിൽ ‌തീയതി കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. പാലത്തിലേക്കുള്ള റോഡുകളുടെ നിർമാണംകൂടി പൂർത്തിയാക്കിയ ശേഷം 1961 ജനുവരി 26 റിപ്പബ്ലിക് ദിനത്തിലാണ് 330 അടി നീളവും 22 അടി വീതിയുമുള്ള പാലം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള -ചെറായി പാലം നാടിന് സമർപ്പിച്ചത്.​​​​​​

​​അപ്രോച്ച് റോഡും തകർച്ചയിൽ

:​പാലത്തിന് ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡുകളുടെ സംരക്ഷണഭിത്തികൾ ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. ഈ ഭാഗത്ത് അടുക്കിവെച്ച കല്ലുകൾ ഇളകി മണ്ണൊലിച്ചുപോകുന്നതും വലിയ അപകടഭീഷണി ഉയർത്തുന്നുണ്ട്. പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ വശങ്ങളിലെ കൽഭിത്തി ഇടിത്തുതകർന്ന നിലയിലാണ്. കൂടെക്കൂടെ ഈ ഭാഗത്ത് മണ്ണൊലിപ്പും സാധാരണയാണ്. ഇങ്ങനെ മണ്ണൊലിച്ചുപോയാൽ കൽഭിത്തിയും തകരാൻ സാധ്യതയുണ്ട്. ഇതിൽ അടിയന്തര ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ വലിയ അപകടത്തിന് വഴിയൊരുക്കും. മാത്രമല്ല അപ്രോച്ച് റോഡിന് താഴെ ഇരുഭാഗത്തെയും റോഡുകളെയും ഇത് ബാധിക്കും.