വിദ്യാർഥികൾ മണിയാറൻകുടിയിൽ

To advertise here,

വട്ടമേട്ടിൽ ഏഴുദിവസത്തെ കമ്യൂണിറ്റി സഹവാസ ക്യാമ്പിന് തുടക്കം

മണിയാറൻകുടി : മന്നാൻ സമുദായത്തിന്റെ ജീവിതവും സാമൂഹിക സാഹചര്യങ്ങളും അടുത്തറിയാൻ അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ സോഷ്യൽ വർക്ക് വിദ്യാർഥികൾ മണിയാറൻ കുടിയിലെത്തി.

വട്ടമേട് ഉന്നതിയിൽ ഏഴുദിവസം നീളുന്ന കമ്യൂണിറ്റി സഹവാസക്യാമ്പിന് തുടക്കമായി.

വട്ടമേട് സാംസ്കാരിക നിലയത്തിൽ നടന്ന സമ്മേളനം റോയി കെ.പൗലോസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അധ്യക്ഷത വഹിച്ചു.

വനമേഖലയോട് ചേർന്നുള്ള വട്ടമേട് ഉന്നതിയിലെ ജനജീവിതം നേരിട്ട് മനസ്സിലാക്കുന്നതിനും അവരുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക സാഹചര്യങ്ങൾ പഠിക്കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

പ്രദേശവാസികളുമായി നേരിട്ട് ഇടപഴകി അവരുടെ ദൈനംദിന ജീവിതവും ആവശ്യങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കുന്നതിനൊപ്പം ജനപങ്കാളിത്തത്തോടെ പരിഹാരമാർഗങ്ങൾ കണ്ടെത്തുന്നതിനുള്ള അനുഭവവും വിദ്യാർഥികൾക്ക് ലഭിക്കും.

പഞ്ചായത്ത്‌ അംഗങ്ങളായ സിജി ചാക്കോ, സിബി മത്തായി, രവി സുധാകരൻ, ഊരുമൂപ്പൻ രവി സി.വി., ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഡോ. ഫാ. ജോണി ചാക്കോ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. മാത്യു മാളിയേക്കൽ, ഫാ. ജോസഫ് തടത്തിൽ, ഫാ. ക്രിസ്റ്റിൻ പുത്തൻപുരയിൽ തുടങ്ങിയവർ സംസാരിച്ചു.