പൈനാവ് : മണ്ണിൽ വിത്ത് പാകിയപ്പോൾ അത് ഒരു പച്ചക്കറി ചെടിയായി മാത്രം വളർന്നില്ല… കുട്ടികളുടെ സ്വപ്നങ്ങൾക്കും ആത്മവിശ്വാസത്തിനും അത് വേരുറപ്പിച്ചു. സ്വന്തം കൈകളാൽ നട്ടുവളർത്തിയ വിളകൾ വിളവെടുത്ത്, അധ്വാനത്തിന്റെ സന്തോഷം അനുഭവിച്ച് അമൽജ്യോതി സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾ.

To advertise here,

സ്കൂളിലെ വൊക്കേഷണൽ യൂണിറ്റിന്റെ ഭാഗമായി പോളിഹൗസിൽ വിദ്യാർഥികൾ ഒരുക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. പഞ്ചായത്ത് അംഗം പ്രഭ തങ്കച്ചൻ ഉദ്ഘാടനം നിർവഹിച്ചു. വള്ളിപ്പയർ, ബട്ടർ ബീൻസ്, തക്കാളി, വഴുതന, പച്ചമുളക്, ചീര തുടങ്ങി വിവിധയിനം പച്ചക്കറികൾക്കൊപ്പം ചെണ്ടുമല്ലി, കറ്റാർവാഴ തുടങ്ങിയവയും പോളിഹൗസിൽ കൃഷി ചെയ്യുന്നുണ്ട്.

വിത്ത് നടുന്നതുമുതൽ വിളവെടുപ്പ് വരെയുള്ള ഓരോഘട്ടവും കുട്ടികൾക്ക് ഒരു പാഠപുസ്തകമാണ്.

മണ്ണൊരുക്കുന്നതും വിത്ത് നടുന്നതും ചെടികൾക്ക് വെള്ളവും വളവും നൽകുന്നതും പരിചരിക്കുന്നതും വിളവെടുക്കുന്നതുമെല്ലാം വിദ്യാർഥികൾ നേരിട്ട് ഏറ്റെടുത്താണ് ചെയ്യുന്നത്. വൊക്കേഷണൽ ഇൻസ്ട്രക്ടർ സിസ്റ്റർ ജെസ്‌വിന്റെ നേതൃത്വത്തിലാണ് കൃഷി മുന്നോട്ടുപോകുന്നത്. കൃഷിയിലൂടെ ഒരുതൊഴിൽ പരിശീലനം മാത്രമല്ല, സ്വന്തം കഴിവുകളിൽ വിശ്വാസമർപ്പിക്കാനും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാനും കൂട്ടായ്മയോടെ മുന്നേറാനും സ്വയംപര്യാപ്തതയിലേക്ക് ചുവടുവയ്ക്കാനും കുട്ടികൾ പഠിക്കുന്നു.

സ്വന്തം കൈകളാൽ നട്ടുവളർത്തിയ ഒരുചെടിയിൽ ആദ്യത്തെ കായ കാണുമ്പോഴും, മാസങ്ങളുടെ പരിചരണത്തിനൊടുവിൽ അത് വിളവെടുക്കുമ്പോഴും കുട്ടികളുടെ മുഖത്ത് തെളിയുന്നത് അധ്വാനത്തിന്റെ വിജയവും ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയുമാണ്.

വ്യത്യസ്ത കഴിവുകളുള്ള ഓരോ കുട്ടിയിലും ഒളിഞ്ഞിരിക്കുന്ന സാധ്യതകളെ കണ്ടെത്തി അവയെ പ്രായോഗിക പരിശീലനത്തിലൂടെ വളർത്തിയെടുക്കുകയാണ് ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം. പ്രവർത്തനങ്ങൾക്ക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ എയ്ഞ്ചൽറാണിയുടെ നേതൃത്വത്തിൽ ആവശ്യമായ പിന്തുണയും മാർഗനിർദേശവും ലഭിക്കുന്നുണ്ട്.