കട്ടപ്പന: മറുനാട്ടിൽനിന്ന് തൊഴിലിനായി തൊഴിലാളികൾ വ്യാപകമായി എത്തിത്തുടങ്ങിയതോടെ കട്ടപ്പന നഗരത്തിലും സമീപപ്രദേശത്തും വാടകനിരക്കുകൾ ഇരട്ടിയായി. ഏലത്തോട്ടങ്ങളിൽ പണിക്ക് എത്തിയിരുന്ന തമിഴ് തൊഴിലാളികളേക്കാൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും തൊഴിലാളികൾ എത്തിയതോടെയാണ് വാടകനിരക്കുകൾ ഉയരാൻ തുടങ്ങിയത്.

To advertise here,

ബംഗാൾ, അസം, ഝാർഖണ്ഡ് എന്നിവിടങ്ങളിൽനിന്ന്‌ തൊഴിലാളികൾ കൂട്ടമായി എത്തിത്തുടങ്ങിയതോടെ തോട്ടം ഉടമകളും ചെറുകിട കോൺട്രാക്ടർമാരും നഗരത്തിന് സമീപ പ്രദേശത്തുള്ള വീടുകൾ ഉയർന്നവാടക നൽകി എടുത്തുതുടങ്ങി. ഇതോടെ നഗരത്തിലെ താമസ സൗകര്യമുള്ള കെട്ടിടങ്ങളുടെയും വാടക ഉയർന്നു.

കഴിഞ്ഞ രണ്ടുവർഷത്തിനിടയ്ക്ക് വൻകിട വ്യാപാര സ്ഥാപനങ്ങൾ നഗരത്തിൽ എത്തിയതും വാടക ഉയരാൻ കാരണമായി. ഇത്തരം സ്ഥാപനങ്ങൾ ജോലിക്കാരെ താമസിപ്പിക്കാൻ എന്തു വാടക നൽകിയും നഗരത്തിന് ഉള്ളിൽതന്നെ വാടകക്കെട്ടിടങ്ങൾ തേടിയിറങ്ങിയതോടെ താമസ സൗകര്യമുള്ള കെട്ടിടങ്ങളുടെ നിരക്ക് ഇരട്ടിയായി ഉയർന്നു. മുൻപ് ഒരു ചെറിയ കുടുംബത്തിന് താമസിക്കാൻ ആവശ്യമായ വീട് നഗരത്തിൽ ശരാശരി ഒൻപതിനായിരം രൂപ മാസവാടകയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ പന്ത്രണ്ടായിരം മുതൽ പതിനേഴായിരം വരെയാണ് വാടക. പുതിയ ബസ്സ്റ്റാൻഡിനോട് ചേർന്ന് ഒരു കെട്ടിടത്തിലെ ഒരു കുടുംബത്തിന് താമസിക്കാൻ സൗകര്യമുള്ള ഭാഗം കഴിഞ്ഞദിവസം 25,000 രൂപ വാടകയ്ക്കാണ് നൽകിയത്.

ആർക്കും വേണ്ടാതെ വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങൾതാമസ സ്ഥലങ്ങൾക്കായുള്ള കെട്ടിടവാടക കുതിക്കുമ്പോൾ വാണിജ്യ ആവശ്യത്തിനായി നിർമിച്ച പല കെട്ടിടങ്ങളും ഒഴിഞ്ഞുകിടക്കുന്ന വൈരുധ്യവും കാണാം.

പട്ടണം കുറഞ്ഞ കാലത്തിനുള്ളിൽ വെള്ളയാംകുടി ഭാഗത്തേക്കും പള്ളിക്കവല ബൈപ്പാസ് ഭാഗങ്ങളിലേക്കും വളർന്നതോടെ പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ്‌സ്റ്റാൻഡ്, സെൻട്രൽ ജങ്ഷൻ പരിസരങ്ങളിൽ വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങളുടെ ആവശ്യം കുറഞ്ഞു.

ഒട്ടേറെ കെട്ടിടങ്ങളിൽ കടമുറികൾ ഒഴിഞ്ഞുകിടപ്പുണ്ട്. വാടക കുത്തനെ ഉയർത്തിയതോടെ നഗരത്തിലെ ഹൗസിങ് ബോർഡ് ഷോപ്പിങ് കോംപ്ലക്സിലെ കടമുറികൾ വാടകയ്ക്ക് എടുത്തവർ വൻതോതിൽ ഒഴി‍ഞ്ഞുപോയ സാഹചര്യവും ഉണ്ടായി. ഒഴിഞ്ഞുകിടക്കുന്ന വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളിൽ ചിലത് താമസ സൗകര്യത്തിനായി മാറ്റിയെടുക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്.