കാഞ്ഞൂർ : വരൾച്ച നേരിടാൻ കാഞ്ഞൂർ ഗ്രാമപ്പഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ കർമപദ്ധതികളുമായി രംഗത്ത്. പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന തിരുവലഞ്ചൂഴി, മുരിയമംഗലം, പള്ളിക്കടവ് ലിഫ്റ്റ് ഇറിഗേഷൻ എന്നിവ ജനകീയ പങ്കാളിത്തത്തോടെ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരണവും അനുബന്ധ പ്രവൃത്തികളും നടത്തി. പമ്പിങ് പുനരാരംഭിക്കുന്നതിനുവേണ്ട മുന്നൊരുക്കങ്ങളാണ് അടിയന്തരമായി നടത്തിയത്. ഇതിന്റെ ഭാഗമായി സെക്ഷൻ പിറ്റുകൾ ശുചീകരിച്ചു. പാഴൂർ പാടശേഖരത്തിലെ കൃഷിയിറക്കുന്നതിനായി കാഞ്ഞൂർ എടനാട് നമ്പിളി സ്കീം പമ്പിങ് നേരത്തേ ആരംഭിച്ചിരുന്നു. നമ്പിളി കമ്യൂണിറ്റി സ്കീമിന്റെ മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളായി. തിരുവലംചുഴി ഇറിഗേഷനിൽ മോട്ടോറുകൾ ഇറക്കിവെച്ച് പമ്പിങ് പുനരാരംഭിക്കാനാണ് നടപടികൾ ആരംഭിച്ചിട്ടുള്ളത്. അടുത്ത ദിവസങ്ങളിൽ മുരിയമംഗലം, പള്ളിക്കടവ് ഇറിഗേഷനുകളിലും മോട്ടോറുകൾ ഇറക്കിവെച്ച് പമ്പിങ് പുനരാരംഭിക്കുന്ന നടപടികൾ സ്വീകരിക്കാമെന്ന് കാലടി മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ പോൾ അറിയിച്ചു.
ചെങ്ങൽ, പുളിയാമ്പിള്ളി, കൊടിഞ്ഞിലി എന്നീ സ്കീമുകൾ പ്രവർത്തിപ്പിക്കുന്നതിനുവേണ്ട മുന്നൊരുക്കങ്ങൾ നടത്താൻ കത്ത് നൽകുന്നതിന് കൃഷി ഓഫീസർക്ക് പഞ്ചായത്ത് നിർദേശം നൽകി. ആവശ്യത്തിന് മഴ കിട്ടാത്തതാണ് ഇക്കൊല്ലം പ്രതിസന്ധി സൃഷ്ടിച്ചത്. സെപ്റ്റംബർ മാസത്തിൽ ഇത്തരത്തിൽ പമ്പിങ് നടത്തേണ്ട അവസ്ഥ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. പ്രതിസന്ധി മുന്നിൽകണ്ട് വാർഷിക അറ്റകുറ്റപ്പണി കരാർ എസ്റ്റിമേറ്റ് തയ്യാറാക്കി നേരത്തേതന്നെ തിരുവനന്തപുരം ചീഫ് എൻജിനിയറുടെ ഓഫീസിലേക്ക് അയച്ചിരുന്നു. സാമ്പത്തികാനുമതി ലഭിച്ചെങ്കിലും സാങ്കേതിക അനുമതികൾ കിട്ടിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ ചെറിയ സാമ്പത്തിക സഹകരണത്തോടെ ജനകീയ പങ്കാളിത്തത്തോടെ സെക്ഷൻ പിറ്റ് ശുചീകരണം തീരുമാനിച്ചത്. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ പമ്പിങ് പുനരാരംഭിക്കാനാകുമെന്ന് പ്രസിഡന്റ് അറിയിച്ചു. പള്ളിക്കടവ് സെക്ഷൻ പിറ്റ് ശുചീകരണത്തിന് വൈസ് പ്രസിഡന്റ് വിജി ബിജുവും മുരിയമംഗലം സ്കീമിന്റെ ശുചീകരണത്തിന് പഞ്ചായത്തംഗം ഷിജി ടോമിയും, തിരുവലഞ്ചൂഴി ഇറിഗേഷൻ സ്കീമിന്റെ ശുചീകരണത്തിന് പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ പോൾ, അംഗങ്ങളായ സവിത നിതീഷ്, ടി.എസ്. ജയൻ, കെ.വി. അഭിജിത്ത്, സാമൂഹിക പ്രവർത്തകർ എന്നിവരും നേതൃത്വം നൽകി. കാഞ്ഞൂരിൽ പലയിടത്തും കിണറുകൾ വറ്റിത്തുടങ്ങിയിരുന്നു. കുടിവെള്ള പ്രശ്നം രൂക്ഷമായി അനുഭവപ്പെട്ടുതുടങ്ങി. പശുക്കളെ പരിപാലിക്കാൻ കർഷകർ ബുദ്ധിമുട്ടുന്നു. കൃഷിയിടങ്ങളും ഉണങ്ങി. ജനങ്ങളിൽനിന്നും വ്യാപക പരാതി ഉയർന്നപ്പോഴാണ് ജനകീയമായിതന്നെ പ്രശ്നപരിഹാരത്തിന് മാർഗങ്ങൾ കണ്ടെത്തിയത്. ഇറിഗേഷൻ കനാലുകളിൽ വെള്ളം ഒഴുകുന്നതോടെ കിണറുകളിൽ ഉറവയെത്തുകയും കുടിവെള്ള പ്രശ്നത്തിനും കാർഷിക ആവശ്യത്തിനും പരിഹാരമാകുമെന്നുമാണ് പ്രതീക്ഷ.
Published: 17 Sept 2026, 02:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented