അരൂർ : ദേശീയപാതയിൽ നിയന്ത്രണംവിട്ട കാർ ഇരുചക്രവാഹനത്തിലും മറ്റൊരു കാറിലുമിടിച്ച് അപകടം. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച യാത്രക്കാരന് ഗുരുതര പരിക്ക്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരുകാറിന് പിന്നിലും അപകടമുണ്ടാക്കിയ കാറിടിച്ചു. ബുധനാഴ്ച രാവിലെ പത്തരയോടെ ദേശീയപാതയിൽ അരൂർ സെയ്ന്റ് ആന്റണീസ് പള്ളിക്ക് (കുഴിപ്പള്ളി) എതിർവശത്തായിരുന്നു അപകടം. അരൂർ ഗ്രാമപ്പഞ്ചായത്ത് ഒൻപതാം വാർഡ് കമ്പിയകത്ത് വീട്ടിൽ ബോസ്‌കുട്ടി(63)ക്കാണ് പരിക്കേറ്റത്. തോളെല്ലടക്കം ഒടിഞ്ഞ ഇദ്ദേഹം എറണാകുളം മെഡിക്കൽട്രസ്റ്റ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കായംകുളത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കാറിന്റെ നിയന്ത്രണമാണ് നഷ്ടമായത്. കൊച്ചിയിലെ മറ്റൊരു സ്വകാര്യാശുപത്രിയിലേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവർ. ദേശീയപാത മറികടന്ന് നിൽക്കുകയായിരുന്നു ഇരുചക്രവാഹനയാത്രികൻ. ഇടിയുടെ ആഘാതത്തിൽ ഉയർന്നുപൊങ്ങിയ ബോസുകുട്ടി കാറിന്റെ ബോണറ്റിലേക്കാണ് വീണതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
അപകടത്തിൽ കാറിന്റെ മുൻഭാഗത്തിന് കാര്യമായ കേടുപാടുണ്ടായി. അപകടത്തെ തുടർന്ന് അല്പനേരം പടിഞ്ഞാറേ പാതയിൽ ഗതാഗതതടസ്സം നേരിട്ടു. അരൂർ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
Published: 17 Sept 2026, 02:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented