വണ്ണപ്പുറം വളരണം-2
വണ്ണപ്പുറം കുടുംബാരോഗ്യകേന്ദ്രത്തെ താലൂക്ക് ആശുപത്രിയാക്കണം
വണ്ണപ്പുറം : മുപ്പത് കിലോമീറ്റർ ചുറ്റളവിൽ കിടത്തിച്ചികിത്സാ സൗകര്യമില്ലാത്ത പഞ്ചായത്ത്. അതാണ് വണ്ണപ്പുറം.
ഒരു അസുഖംവന്ന് വീണാൽ അങ്ങകലെയുള്ള തൊടുപുഴവരെ ഓടണം. ഇതിന് പരിഹാരമായി വണ്ണപ്പുറം കുടുംബാരോഗ്യകേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തണം എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
കാരിക്കോട്ടെ സർക്കാർ ആതുരാലയം ജില്ലാ ആശുപത്രിയായി ഉയർന്നതോടെ തൊടുപുഴ താലൂക്കിൽ ഇപ്പോൾ താലൂക്ക് ആശുപത്രിയില്ല. അതിനാൽത്തന്നെ കുടുംബാരോഗ്യകേന്ദ്രത്തെ താലൂക്കാശുപത്രിയാക്കാൻ ഒരു തടസ്സവുമില്ല. ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ചാൽ മതി. പശ്ചാത്തല സൗകര്യവും ഒരുക്കണം. അതിനുള്ള സ്ഥലം കുടുംബാരോഗ്യ കേന്ദ്രത്തിനും വണ്ണപ്പുറം പഞ്ചായത്തിനുമുണ്ട്.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ ഉൾപ്പെടെ അത്രയും സാധാരണക്കാരായ കുടുംബങ്ങൾ ഏറെയുള്ള പഞ്ചായത്താണ് വണ്ണപ്പുറം. പട്ടയക്കുടി, വാൽപ്പാറ, മുള്ളരിങ്ങാട്, മുണ്ടൻമുടി, പുളിക്കത്തൊട്ടി തുടങ്ങിയ മലയോര മേഖലയിലെ ജനങ്ങളാണ് ചികിത്സാസൗകര്യമില്ലാതെ ഏറെ ബുദ്ധിമുട്ടുന്നത്.
വിദഗ്‌ധ ചികിത്സയ്ക്കായി തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം തുടങ്ങിയ ദൂരസ്ഥലങ്ങളിലെ ആശുപത്രികളെയാണ് ഇവിടത്തെ ജനങ്ങൾ ആശ്രയിക്കുന്നത്. രാത്രികാലങ്ങളിലും മറ്റും അസുഖബാധിതരാകുമ്പോൾ കൃത്യസമയത്ത് ചികിത്സ കിട്ടാതെ ജീവനുതന്നെ ഭീഷണിയാകുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്.
ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരുകളാണ്. വണ്ണപ്പുറത്തെ ജീവിതം സുഗമമാക്കാൻ ഇവിടെ കിടത്തിച്ചികിത്സയുള്ള ഒരു സർക്കാർ ആശുപത്രിവേണം. ന്യായമായ ഈ ആവശ്യം എന്ന് നടപ്പാക്കും?
റോഡും നന്നാകണം
തൊടുപുഴ- വണ്ണപ്പുറം, പ്ലാന്റേഷൻ കവല- തൊമ്മൻകുത്ത് റോഡുകൾ പഞ്ചായത്തിലെ പ്രധാനപ്പെട്ട പാതയാണ്. ഇതുരണ്ടും ബി.എം.ബി.സി. നിലവാരത്തിൽ പുതുക്കിപ്പണിയണമെന്ന് യു.ഡി.എഫ്. മണ്ഡലം കമ്മിറ്റി തന്നെ ബജറ്റിന് മുമ്പ് സർക്കാരിന് നിവേദനം നൽകിയിരുന്നു. നൂറ് രൂപ ടോക്കൺ മാത്രമാണ് രണ്ട് റോഡിനും ബജറ്റിൽ നീക്കിവെച്ചത്.
വണ്ണപ്പുറം ടൗണിൽ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ട്. ഇവിടെ റിങ് റോഡുകൾ വേണം. മാർ സ്ലീവാ പള്ളി- തക്‌വാ മസ്ജിദ് റോഡാണ് ഒന്ന്. ടൗണിൽ പ്രവേശിക്കാതെ അമ്പലപ്പടിയിൽ എത്തി മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് പോകാൻ കഴിയുന്ന വിധം വണ്ണപ്പുറം-മൂവാറ്റുപുഴ റോഡിന് സമാന്തരമായി ബൈപ്പാസ് വേണം. വണ്ണപ്പുറം എസ്.എൻ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് മുൻപിൽനിന്ന് തുടങ്ങുന്ന ബൈപ്പാസ് വീതികൂട്ടി പണിയണം. ബസുകൾ ഇതുവഴി അമ്പലപ്പടി ബസ്‌സ്റ്റാൻഡിൽ പ്രവേശിച്ച് ടൗണിലെത്തി ഹൈറേഞ്ച് കവല ഭാഗത്ത് പാർക്കുചെയ്യണം. ഇവിടെ ബസ്‌സ്റ്റാൻഡ് പണിയണം.
Published: 17 Sept 2026, 02:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented