ഭീതിയിൽ തൃക്കളത്തൂരിലെ കുടുംബങ്ങൾ

To advertise here,

മൂവാറ്റുപുഴ : പായിപ്ര പഞ്ചായത്തിലെ തൃക്കളത്തൂരിൽ എല്ലുപൊടി കമ്പനി റോഡിന് സമീപം മണ്ണെടുക്കുന്നതും പാറപൊട്ടിക്കുന്നതും വീടുകൾക്കടക്കം ഭീഷണിയാകുന്നു. വിള്ളൽ വന്ന് അപകടാവസ്ഥയിലായ മുല്ലശ്ശേരി മലയ്ക്കുസമീപമാണ് ഒരു പ്രദേശത്തെ മുഴുവൻ ഭീതിയിലാക്കിയിരിക്കുന്ന മണ്ണെടുപ്പും പാറപൊട്ടിക്കലും. പരിസ്ഥിതി ആഘാത പഠനം നടത്താതെയും സമീപവാസികളുടെ പ്രശ്നങ്ങൾ പരിഗണിക്കാതെയുമാണ് മണ്ണെടുപ്പ്.

മണ്ണെടുക്കുന്നതിനായി വലിയ പാറകൾ പൊട്ടിക്കുന്നതിനാൽ സമീപത്തുള്ള വീടുകളുടെ ഭിത്തിക്ക് വിള്ളൽ വീഴുന്നതായും പരാതിയുണ്ട്. മുല്ലശ്ശേരിമലയുടെ അപകടസ്ഥിതി രണ്ടുവർഷം മുൻപുതന്നെ റവന്യൂ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിൾ സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന് നൽകിയ പരാതിയെ തുടർന്ന് ഈ മലയിലെ ഖനനം നിരോധിച്ചിട്ടുമുണ്ട്.

മലയുടെ കീഴിലുള്ള നിരവധി കുടുംബങ്ങൾ ഭീഷണി നേരിടുന്നതായി അധികൃതർ പരിശോധനയിൽ മനസ്സിലാക്കിയതുമാണ്. മണ്ണെടുപ്പും പാറപൊട്ടിക്കലും നിർത്തണമെന്ന് കാണിച്ച് ഗ്രീൻ പീപ്പിൾ വീണ്ടും പരാതി നൽകിയിട്ടുണ്ട്. മുല്ലശ്ശേരി മലയിലെ വലിയ പാറക്കല്ലുകൾ എപ്പോൾ വേണമെങ്കിലും നിലംപതിക്കാം എന്നിരിക്കെയാണ് മീറ്ററുകൾ മാറി വലിയ ഖനനം.

കഴിഞ്ഞ ഒരാഴ്ചയായി നാല് വലിയ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പത്ത് വലിയ ടോറസ് ലോറികളിൽ മണ്ണ് കടത്തുന്നു. ഈ വാഹനങ്ങൾ കടന്നു പോകുന്ന പഞ്ചായത്ത് റോഡും കലുങ്കും തകർച്ചയിലാണ്. മണ്ണെടുപ്പിന് പിന്നിലെ സാമ്പത്തിക തട്ടിപ്പും ഉദ്യോഗസ്ഥ ഇടപെടലും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിലും പരാതി നൽകിയിട്ടുണ്ട്.