മഴ കുറഞ്ഞു; അണക്കെട്ടുകളിൽ ജലനിരപ്പ് താഴുന്നു

To advertise here,

മൂന്നാർ : മഴ ലഭിക്കാതെ വന്നതോടെ മൂന്നാർ കടുത്ത ജലക്ഷാമത്തിലേക്ക്. മൂന്നാറിൽ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന മാട്ടുപ്പെട്ടി ഡാമിലെ ജലനിരപ്പ് ഓരോ ദിവസവും കുറയുന്നത് ഗുരുതര പ്രതിസന്ധിയാണ് ഉയർത്തുന്നത്. ആകെയുള്ള സംഭരണശേഷിയുടെ 21.5 ശതമാനം മാത്രം വെള്ളമാണ് ഡാമിൽ ഇപ്പോഴുള്ളത്. 83.35 മീറ്റർ ഉയരമുള്ള ഡാമിന്റെ ജലനിരപ്പ് ഇനിയും കുറഞ്ഞാൽ മൂന്നാറിൽ കടുത്ത ജലക്ഷാമാണ് ഉണ്ടാവുക.

മാട്ടുപ്പെട്ടി ഡാമിൽ വെള്ളമെത്തിക്കുന്ന കുണ്ടള ഡാമിലും കടുത്ത പ്രതിസന്ധിയുണ്ട്. ആകെയുള്ള സംഭരണശേഷിയുടെ 49.35 ശതമാനം വെള്ളം മാത്രമാണ് ഇപ്പോഴുള്ളത്. മാട്ടുപ്പെട്ടിയിൽനിന്നും ഒഴുകിയെത്തുന്ന പുഴയിൽനിന്നും ഗ്രാംസ്ലാൻഡ് ഭാഗത്തുള്ള ടാങ്കിൽ ശേഖരിച്ചാണ് മൂന്നാറിലും പരിസരപ്രദേശങ്ങളിലും വെള്ളമെത്തിക്കുന്നത്. ഡാമിൽ വെള്ളമില്ലാതായാൽ ഈ ടാങ്കിലേക്ക് വെള്ളം സംഭരിക്കാൻ സാധിക്കാതെ വരികയും കുടിവെള്ള വിതരണം നടത്താനാവാതെ വരികയും ചെയ്യും. ഇതോടെ നൂറുകണക്കിന് കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ പ്രതിസന്ധിയിലാവുന്നത്.

ബോട്ടിങ് നിർത്തേണ്ടിവരുമോ

:കേരള തമിഴ്നാട് അതിർത്തി പ്രദേശമായതിനാൽ കേരളത്തിൽ ലഭിക്കുന്ന മൺസൂൺ മഴയ്ക്കു പുറമേ തമിഴ്നാടിൽ ലഭിക്കുന്ന മഴയെക്കൂടി ആശ്രയിച്ചാണ് ഡാമിൽ വെള്ളം നിറയുന്നത്. എന്നാൽ, ഇത്തവണ തമിഴ്നാട്ടിൽ കാര്യമായ മഴ ലഭിക്കാത്തതും തിരിച്ചടിയായി. ജൂൺ, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ ലഭിക്കേണ്ട മഴയുടെ പാതിപോലും ഇത്തവണ ലഭിച്ചില്ല. ജൂണിൽ ശരാശരി 264 മില്ലീമീറ്റർ മഴ ലഭിക്കേണ്ടയിടത്ത് ഇത്തവണ 84.4 മില്ലീ മീറ്റർ മഴ മാത്രമാണ് ലഭിച്ചത്. മഴ ഏറ്റവും ഉയർന്ന തോതിൽ പെയ്യുന്ന ജൂലായ്‌ മാസത്തിൽ ശരാശരി 398 മില്ലീമീറ്റർ ലഭിക്കേണ്ടയിടത്ത് 102 മില്ലീമീറ്റർ മഴയാണ് ആകെ ലഭിച്ചത്. ഓഗസ്റ്റിൽ ശരാശരി 268 മില്ലീമീറ്റർ മഴ ലഭിക്കേണ്ടയിടത്ത് 135.1 മില്ലീ മീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ഡാമുകളിൽ വെള്ളം കുറയുന്നതോടെ വരും നാളുകളിൽ ബോട്ടിങ് നിർത്തിവെയ്ക്കേണ്ടി വരും.