കൂത്താട്ടുകുളം : തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂർ തിയേറ്റർ പടിക്ക് സമീപം ജനവാസ മേഖലയിൽ അനധികൃത പാറ ഖനനവും മണ്ണെടുപ്പും നടത്തുന്നതിൽ പ്രതിഷേധവുമായി ജനപ്രതിനിധികളും നാട്ടുകാരും രംഗത്തെത്തി. പരാതികളെ തുടർന്ന് തിരുമാറാടി വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി നിരോധന ഉത്തരവ് നൽകി. നൂറുകണക്കിന് ലോഡ് കല്ലും മണ്ണുമാണ് അനധികൃതമായി പൊട്ടിച്ചു കടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.
കെട്ടിടം നിർമിക്കുന്നതിന് വേണ്ടി മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നിശ്ചിത സ്ഥലത്തുനിന്ന് മാത്രം മണ്ണെടുക്കുന്നതിന് നൽകിയ പെർമിറ്റ് ഉപയോഗിച്ച് കൂടുതൽ സ്ഥലത്തുനിന്ന് മണ്ണും പാറയും ഖനനം ചെയ്തുവെന്ന് പഞ്ചായത്തംഗം എ.സി. ജോൺസൺ പറഞ്ഞു.
സ്ഥലം നിരപ്പാക്കുന്നതിനായി എറണാകുളം മൈനിങ് ആൻഡ് ജിയോളജി വിഭാഗത്തിൽനിന്നും മേൽമണ്ണ് നീക്കാൻ ലഭിച്ച പെർമിറ്റ് ദുരുപയോഗം ചെയ്താണ് കൂടുതൽ അളവിൽ മണ്ണും പാറയും ഖനനം ചെയ്തതെന്നാണ് പരാതി. മണ്ണത്തൂർ-ആറൂർ റോഡിൽനിന്നും ഒന്നരമീറ്റർ അകലത്തിൽ റോഡിന്റെ വശത്ത് 15 മീറ്റർ നീളത്തിലും ഒന്നര മീറ്റർ ആഴത്തിലും ഏഴര മീറ്റർ വീതിയിലും മണ്ണ് മാറ്റിയതായി വില്ലേജ് ഓഫീസർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പാറഖനനം ചെയ്തതായും രണ്ട് ടിപ്പർ ലോറിയിൽ കയറ്റാനുള്ള അളവിൽ പൊട്ടിച്ച പാറ കണ്ടെത്തിയതായും റിപ്പോർട്ടിലുണ്ട്.
യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ തോട്ടയും ജലാറ്റിൻ സ്റ്റിക്കും ഉപയോഗിച്ചാണ് വൻതോതിൽ സ്ഫോടനങ്ങൾ നടത്തുന്നത്. ഇത് സമീപത്തെ വീടുകൾക്ക് കടുത്ത ആഘാതം ഉണ്ടാക്കിയിട്ടുണ്ട്. ഇതിനെതിരേ നാട്ടുകാർ കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലും തിരുമാറാടി പഞ്ചായത്തിലും പരാതി നൽകിയിട്ടുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഖനനം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് കാണിച്ച് വില്ലേജ് ഓഫീസർ ജില്ലാ മൈനിങ് ആൻഡ് ജിയോളജിസ്റ്റിനും കൂത്താട്ടുകുളം പോലീസിനും തിരുമാറാടി പഞ്ചായത്ത് സെക്രട്ടറിമാർക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്.
മണ്ണ് നിരപ്പാക്കാനുള്ള പെർമിറ്റിന്റെ പരിധി മറികടന്നാണ് റോഡിനോടുചേർന്ന് പത്തടിയോളം താഴ്ചയിൽ മണ്ണെടുത്തിരിക്കുന്നത്. ഇതുമൂലം മണ്ണത്തൂർ-ആറൂർ റോഡ് അപകട ഭീഷണിയിലാണ്.
തിരുമാറാടി ഗ്രാമപ്പഞ്ചായത്ത് മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ഇരുപതിനായിരത്തോളം രൂപ ചെലവഴിച്ച് വൃത്തിയാക്കിയ പൊതു ഓട യാതൊരു അനുമതിയുമില്ലാതെ കല്ലും തടിയും മണ്ണും ഉപയോഗിച്ച് നികത്തിയിട്ടുണ്ട്. ഖനനം ചെയ്ത പാറയും മണ്ണും കടത്തുന്നത് ഇതുവഴിയാണ്.
അപകടകരമായ രീതിയിൽ മണ്ണെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വാർഡ് മെംബർ എ.സി. ജോൺസൺ, മെംബർ ബിനോയ് കുര്യാക്കോസ് എന്നിവർ സ്ഥലത്തെത്തിയിരുന്നു. നിയമ വിരുദ്ധമായി നടത്തുന്ന പ്രവർത്തികൾക്കെതിരേ പ്രതിഷേധിക്കുമെന്ന് എ.സി. ജോൺസൺ, ബിനോയി കുര്യാക്കോസ് എന്നിവർ അറിയിച്ചു.
Published: 02 Oct 2026, 02:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented