പഞ്ചായത്തിനു വൻ സാമ്പത്തികബാധ്യത
വള്ളികുന്നം : ജില്ലയുടെ തെക്കൻ അതിർത്തിയായ വള്ളികുന്നം ഗ്രാമത്തിലെ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കാൻ ഒരു വർഷം മുൻപു തുടങ്ങിയ ഗ്രാമവണ്ടിയുടെ ഓട്ടം നിർത്തി. വ്യാഴാഴ്ച മുതലാണ് ഗ്രാമവണ്ടിയുടെ ഓട്ടം നിലച്ചത്. വള്ളികുന്നം ഗ്രാമപ്പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി കെ.എസ്.ആർ.ടി.സി.യുമായി ചേർന്ന് കഴിഞ്ഞവർഷം ഓഗസ്റ്റ് 27-നാണ് ഗ്രാമവണ്ടി സർവീസ് തുടങ്ങിയത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് ഗ്രാമവണ്ടി ഓടിത്തുടങ്ങിയത്.
പഞ്ചായത്തിനു വലിയ സാമ്പത്തികബാധ്യതയുണ്ടാകുന്നതിന്റെ പേരിലാണ് ഗ്രാമവണ്ടി നിർത്തിയത്. പഞ്ചായത്ത് കമ്മിറ്റി യോഗം ഐകകണ്‌ഠ്യേനയാണ് ഗ്രാമവണ്ടിയുടെ ഓട്ടം അവസാനിപ്പിക്കാൻ തീരുമാനമെടുത്തത്. പഞ്ചായത്തിന്റെ തനതുഫണ്ടിൽനിന്ന് പ്രതിമാസം 85,000 രൂപയോളമാണ് ഗ്രാമവണ്ടി ഓടിക്കുന്നതിനു ഡീസൽ വാങ്ങുന്ന ഇനത്തിൽ കെ.എസ്.ആർ.ടി.സി.യിൽ അടച്ചിരുന്നത്. ഡീസലിനു ചെലവാകുന്ന തുക പഞ്ചായത്തു വഹിക്കാമെന്നും ടിക്കറ്റിലൂടെ ലഭിക്കുന്ന വരുമാനം കെ.എസ്.ആർ.ടി.സി.ക്കുമെന്ന ഉടമ്പടി പ്രകാരമാണ് ഗ്രാമവണ്ടി സർവീസ് നടത്തിയിരുന്നത്. വള്ളികുന്നത്തെ പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകൾ, സ്‌കൂളുകൾ, കുടുംബാരോഗ്യകേന്ദ്രം, പ്രധാന ജങ്ഷനുകൾ, വ്യാപാരകേന്ദ്രങ്ങൾ എന്നിവിടങ്ങളെയും താമരക്കുളം, കണ്ണനാകുഴി, കറ്റാനം, വെട്ടിക്കോട്, പാവുമ്പ ചിറയ്ക്കൽ, ഓച്ചിറ തുടങ്ങിയ സ്ഥലങ്ങളെയും ബന്ധിപ്പിച്ചായിരുന്നു ഗ്രാമവണ്ടി ഓടിയിരുന്നത്.
കോവിഡ് കാലത്തെ ലോക്ഡൗണിനുശേഷം വള്ളികുന്നത്ത് യാത്രാക്ലേശം രൂക്ഷമായിരുന്നു. ഓച്ചിറ-താമരക്കുളം, ഓച്ചിറ-കറ്റാനം, കായംകുളം-താമരക്കുളം, കായംകുളം-കാമ്പിശ്ശേരി റൂട്ടുകളിൽ വള്ളികുന്നം വഴി സ്വകാര്യബസുകളും കെ.എസ്.ആർ.ടി.സി.യും ഉൾപ്പെടെ 20-ഓളം ബസുകളാണ് മുൻപ് സർവീസ് നടത്തിയിരുന്നത്. എന്നാൽ, കോവിഡിനുശേഷം രണ്ടു കെ.എസ്.ആർ.ടി.സി. അടക്കം ഒൻപതു ബസുകൾ മാത്രമാണുള്ളത്.
വള്ളികുന്നം നിവാസികൾക്ക് പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നതിനും ദേശീയപാതയിലും സംസ്ഥാനപാതയായ കെ.പി.റോഡിലെത്തുന്നതിനും ഓട്ടോറിക്ഷയോ മറ്റു വാഹനങ്ങളോ വാടകയ്ക്കു വിളിച്ച് യാത്രചെയ്യേണ്ട സ്ഥിതിയായിരുന്നു. കോവിഡിനു ശേഷമുള്ള വള്ളികുന്നത്തെ രൂക്ഷമായ യാത്രാക്ലേശം സംബന്ധിച്ച് ഒന്നിലധികം വാർത്തകൾ മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. മാതൃഭൂമി വാർത്തയും പ്രദേശവാസികളുടെ ആവശ്യവും പരിഗണിച്ചായിരുന്നു പഞ്ചായത്തു പദ്ധതിയിൽ ഗ്രാമവണ്ടി ഓടിത്തുടങ്ങിയത്. ഗ്രാമവണ്ടിയുടെ ഓട്ടം നിർത്തിയത് മേഖലയിൽ യാത്രാക്ലേശം രൂക്ഷമാക്കുന്ന നിലയിലാണ്.
Published: 02 Oct 2026, 02:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented