കുരിശിങ്കൽ പാലം പൊളിച്ചതോടെ യാത്രക്കാർ ദുരിതത്തിൽ, ബസ് സർവീസുകൾ പാതിവഴിയിൽ
മേലുകാവ്മറ്റം : പാലാ- മേലുകാവ്മറ്റം റോഡിലെ കുരിശിങ്കൽ പാലം പൊളിച്ചതോടെ മേലുകാവ്മറ്റം ഒറ്റപ്പെട്ടനിലയിൽ. സ്ഥലത്തേക്ക് ബന്ധപ്പെടുന്ന പഞ്ചായത്ത് റോഡുകൾ തകർന്നുകിടക്കുന്നു. വെള്ളപ്പൊക്കത്തിൽ തകർന്ന റോഡുകൾ അറ്റകുറ്റപ്പണി നടത്താത്തതിനാൽ ഗതാഗതപ്രശ്‌നം രൂക്ഷമാക്കി. കുരിശിങ്കൽ കൊടിത്തോപ്പ് ദീപ്തി ജങ്ഷൻ റോഡിനും ചാലമറ്റം- വെള്ളത്തൊട്ടി പയസ് മൗണ്ട് റോഡിനും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തിയില്ലെന്നാണ് പരാതി.
നിലവിൽ പൈകടപ്പീടിക, പയസ് മൗണ്ട്, കുറുമണ്ണ് റോഡ് വഴിയാണ് ബസുകൾ സർവീസുകൾ നടത്തുന്നത്. കെ.എസ്.ആർ.ടി.സി. സർവീസുകളും ഇതുവഴിയാണ്. എന്നാൽ, പാലായിൽനിന്ന് മേലുകാവ്മറ്റത്തേക്ക് സർവീസ് നടത്തുന്ന രണ്ട് സ്വകാര്യബസുകൾ ഇപ്പോൾ കുരിശിങ്കൽ ജങ്ഷനിൽ സർവീസ് നിർത്തുന്നു. കുരിശിങ്കൽ ജങ്ഷനിൽ ഇറങ്ങുന്ന യാത്രക്കാർ മറ്റത്ത് എത്തണമെങ്കിൽ ഓട്ടോറിക്ഷകളെ ആശ്രയിക്കണം. ഇതുമൂലം സ്‌കൂൾ വിദ്യാർഥികളും യാത്രക്കാരും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.
ഗതാഗതപ്രശ്‌നം മേലുകാവ്മറ്റത്തെ വ്യാപാര മേഖലയെയും ബാധിച്ചതായി വ്യാപാരികൾ പറയുന്നു. പൊതുഗതാഗത സൗകര്യങ്ങൾ കുറഞ്ഞതോടെ മേലുകാവ്മറ്റത്ത് എത്തുന്ന ആളുകളുടെ എണ്ണത്തിലും കച്ചവടത്തിലും കുറവുണ്ടായതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഇലവിഴാപൂഞ്ചിറ, ഇല്ലിക്കക്കല്ല് തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാരെയും ഗതാഗത നിയന്ത്രണം ബാധിക്കുമെന്ന ആശങ്കയുണ്ട്.
പോലീസ്, മോട്ടോർ വാഹനവകുപ്പ്, പഞ്ചായത്ത് അധികൃതർ എന്നിവർ സംയുക്തമായി പ്രദേശത്തെ ബദൽ റോഡുകൾ പരിശോധിച്ച് ഗതാഗതത്തിന് അനുയോജ്യമായ വഴികൾ നിശ്ചയിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എല്ലാ പ്രധാന ജങ്ഷനുകളിലും ദിശാബോർഡുകൾ, സ്ഥലനാമ ബോർഡുകൾ, വാഹനങ്ങൾ പോകേണ്ട വഴികൾ വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിക്കണമെന്നാണ് ആവശ്യം.
Published: 02 Oct 2026, 02:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented