അന്ധകാരനഴി-മൂർത്തിങ്കൽ-പട്ടണക്കാട് റോഡ്

To advertise here,

ചേർത്തല : അന്ധകാരനഴി-മൂർത്തിങ്കൽ-പട്ടണക്കാട് റോഡ് വികസനത്തിനു തടസ്സമായിരുന്ന ട്രാൻസ്‌ഫോർമറുകൾ മാറ്റിസ്ഥാപിക്കാൻ പ്രാഥമിക നടപടികളായി. ട്രാൻസ്‌ഫോർമർ മാറ്റിസ്ഥാപിക്കുന്നതിനുള്ള സ്ഥലം നൽകാൻ വ്യക്തികൾ തയ്യാറായിട്ടുണ്ട്.

മാറ്റിസ്ഥാപിക്കുന്നതിനുള്ള തുകയുടെ കാര്യത്തിൽ കെ.എസ്.ഇ.ബി.യും പൊതുമരാമത്തു വകുപ്പും തമ്മിലുള്ള തർക്കത്തിൽ പരിഹാരമായിട്ടില്ല. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.ബി. മോഹൻദാസിന്റെയും കെ.ജി. ഹെൻട്രിയുടെയും നിർണായകമായ ഇടപെടലിലാണ് സ്ഥലം ഉടമകളായ തുറവൂർ സ്വദേശി പുന്നക്കൽ പ്രസാദ്‌, വെട്ടയ്ക്കൽ പള്ളിപ്പറമ്പിൽ സോമൻ എന്നിവർ ട്രാൻസ്‌ഫോർമർ സ്ഥാപിക്കാൻ സ്ഥലം നൽകാൻ ധാരണയായത്. ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ ഇരുവരുമായി നടത്തിയ ചർച്ചകളിലാണ് തീരുമാനം.

ഒൻപതുകോടിയുടെ റോഡ് വികസന പദ്ധതിയിൽ ട്രാൻസ്‌ഫോർമർ മാറ്റാത്തതു വലിയ പ്രതിസന്ധിയായിരുന്നു. വിഷയത്തിൽ ‘മാതൃഭൂമി’ വാർത്തകളെത്തുടർന്നാണ് ബ്ലോക്ക് പഞ്ചായത്തംഗങ്ങളുടെ നിർണായക ഇടപെടൽ. വ്യാഴാഴ്ച ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.ബി. മോഹൻദാസ്‌, കെ.ജി. ഹെൻട്രി, പ്രാദേശിക കോൺഗ്രസ് നേതാവ് വി.കെ. രഞ്ജിത്ത്, കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എൻജിനിയർ സജീവൻ ജോസഫ്, സബ് എൻജിനിയർ അമൽ ബാബു എന്നിവർ സ്ഥലം പരിശോധിച്ചു.

പണമടച്ചാൽ ഉടൻ ട്രാൻസ്‌ഫോർമർ മാറ്റും- കെ.എസ്.ഇ.ബി.

: വെട്ടയ്ക്കൽ പ്രദേശത്തിന്റെ സ്വപ്നപദ്ധതിയാണ് വെള്ളക്കെട്ടിനെ അതിജീവിക്കുന്ന റോഡ്. സ്ഥലം കണ്ടെത്തിയ സ്ഥിതിക്ക്‌ പദ്ധതിക്കു തടസ്സമായ ട്രാൻസ്‌ഫോർമർ അടിയന്തരമായി മാറ്റണമെന്ന ആവശ്യമുയർന്നിരിക്കുകയാണ്. എന്നാൽ, പദ്ധതിയിൽ ട്രാൻസ്‌ഫോർമറുകളുടെ മാറ്റത്തിനും ലൈനുകളുടെ ഉയരം കൂട്ടുന്നതിനും ഇലക്‌ട്രിക് തൂണുകൾ മാറ്റുന്നതിനുമടക്കം നിശ്ചയിച്ച തുക കൈമാറണമെന്ന ആവശ്യം കെ.എസ്.ഇ.ബി. ഉയർത്തിയിട്ടുണ്ട്.

ആദ്യം 16 ലക്ഷമാണ് കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടതെങ്കിലും എം.എൽ.എ. ഇടപെട്ട ചർച്ചകളിൽ ഇത്‌ 9.80 ലക്ഷമാക്കി കുറച്ച് അടങ്കൽ നൽകിയിരുന്നു. ഇതിൽനിന്നു തുക കൈമാറണമെന്ന ആവശ്യമാണ് കെ.എസ്.ഇ.ബി. ഉയർത്തിയിരിക്കുന്നത്. എന്നാൽ, ഇതിൽ പൊതുമരാമത്ത് വിഭാഗം പ്രതികരിച്ചിട്ടില്ല. ഒരു മാസംമുന്നേ അടങ്കൽ കൈമാറിയതായാണ് വൈദ്യുതി വകുപ്പിന്റെ വാദം.

വകുപ്പുകൾ തമ്മിലുള്ള തുകയെച്ചൊല്ലിയുള്ള തർക്കത്തിൽ നിർമാണം നീളുമോ എന്ന ആശങ്കയുയർന്നിട്ടുണ്ട്.