നൈൽ നദിയിലെ ഏറ്റവും അക്രമകാരിയായ ജീവിയാണ് ഹിപ്പോകൾ. എന്നാൽ തലയിൽ തലോടി കൊഞ്ചിക്കാൻ തോന്നും വിധം ചെറുതും ചന്തവുമുള്ള ഹിപ്പോ ഇനമുണ്ട് ലോകത്ത്. പിഗ്മി ഹിപ്പോകൾ.  ഹിപ്പോപൊട്ടാമസിന്റെ ഒരകന്ന ബന്ധുവായി വരും പിഗ്മി ഹിപ്പോകള്‍. ഹിപ്പോപൊട്ടോമസുകളേക്കാള്‍ പകുതി ഉയരവും നാലിലൊന്ന് ഭാരവുമേ പിഗ്മി ഹിപ്പോകള്‍ക്കുണ്ടാവൂ. ഏതാണ്ട് ഒരു കോടി വര്‍ഷം മുമ്പ് ഹിപ്പോപ്പട്ടാമസുകളില്‍ നിന്ന് വേര്‍പിരിഞ്ഞുണ്ടായതെന്നാണ് അനുമാനം. വംശനാശത്തിലേക്കടുക്കുന്ന ജീവികളുടെ സംരക്ഷണത്തിന്റെ ആവശ്യകത മുന്‍നിര്‍ത്തി  ഏപ്രില്‍ 8 ലോക പിഗ്മി ഹിപ്പോ ദിനമായി കൊണ്ടാടുകയാണ്.

To advertise here,

ഹിപ്പോപ്പൊട്ടാമിഡ കുടുംബത്തില്‍ നിലവില്‍ രണ്ട് വര്‍ഗ്ഗങ്ങളാണുള്ളത്. നമ്മള്‍ സാധാരണയായി കാണുന്ന ഹിപ്പോകളും പിഗ്മി ഹിപ്പോകളും. കാഴ്ചയിൽ ഹിപ്പോകളെപ്പോലെ കട്ടികുറഞ്ഞതും വഴുവഴുപ്പുള്ള തൊലിയുമാണ് ഇവയ്ക്ക്. ഹിപ്പോകളെപ്പോലെ തന്നെ വെള്ളത്തിലാണ് ഭൂരിഭാഗം സമയവും. പക്ഷെ അവയെപ്പോലെ കൂട്ടമായല്ല ഇവ ജീവിക്കുന്നത്. ഒറ്റയ്ക്കും കുടുംബമായുമെല്ലാം ഇവയെ കാണാം.

കൃത്യമായ കണക്കുകളിലെല്ലെങ്കിലും 2000ത്തിനും 3000ത്തിനുമിടയില്‍ വരും ലോകത്താകമാനമുള്ള പിഗ്മി ഹിപ്പോകളുടെ എണ്ണമെന്നാണ് അനുമാനം. പടിഞ്ഞാറൻ ആഫ്രിക്കയിൽ പ്രധാനമായും ലൈബീരിയയിലാണ് ഇവയെ കണ്ടുവരുന്നത്. ഐവറി കോസ്റ്റ് ഗിനിയ, സിയറ ലിയോണ്‍ എന്നീ രാജ്യങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ട്. നൈജീരിയയില്‍ പിഗ്മിഹിപ്പോകളുടെ സാന്നിധ്യം പണ്ടുണ്ടായിരുന്നെന്നും എന്നാല്‍ മാംസത്തിനു വേണ്ടി വേട്ടയാടപ്പെട്ട് ഇവ വംശമറ്റെന്നും കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി പിഗ്മി ഹിപ്പോകളുടെ സാന്നിധ്യം ഇവിടെ കണ്ടെത്തിയിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇവയുടെ എണ്ണം ക്രമാതതീതമായി കുറഞ്ഞതിനാലാണ് 2015മുതല്‍ വേല്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട്(WWF) ഏപ്രില്‍ 8 പിഗ്മി ഹിപ്പോ ദിനമായി ആചരിക്കുന്നത്.