ജാംനഗർ: മഗ്ദലീന നദീതടത്തിൽ ഉള്ള 80 ഹിപ്പോപൊട്ടാമസുകളെ കൊല്ലരുതെന്ന് കൊളംബിയയോട് അഭ്യർഥിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ലോകത്തിലെ ഏറ്റവും വലിയ വന്യജീവി രക്ഷ, പരിചരണം, സംരക്ഷണ കേന്ദ്രങ്ങളിലൊന്നായ വൻതാരയുടെ സ്ഥാപകനുമായ അനന്ത് മുകേഷ് അംബാനി. തീരുമാനം പുനഃപരിശോധിക്കണമെന്ന് കൊളംബിയ സർക്കാരിനോട് അദ്ദേഹം ഔദ്യോഗികമായി ആവശ്യപ്പെട്ടു. പകരം ശാസ്ത്രീയമായും മാനുഷികമായും സുരക്ഷിതമായ രീതിയിൽ 80 ഹിപ്പോകളെ ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാരയിൽ സ്ഥിരമായി താമസിപ്പിക്കാനുള്ള പദ്ധതിയും അദ്ദേഹം മുന്നോട്ടുവച്ചു.

To advertise here,

കൊളംബിയയുടെ പരിസ്ഥിതി, സുസ്ഥിര വികസന മന്ത്രി ഐറീൻ വെലെസ് ടോറസിന് അയച്ച കത്തിൽ, ഓരോ ഘട്ടത്തിലും കൊളംബിയൻ അധികാരികളുടെ മേൽനോട്ടത്തിലും അംഗീകാരത്തിലും നടപ്പിലാക്കാവുന്ന സമഗ്രമായ പരിഹാരമാണ് നിർദേശിച്ചിരിക്കുന്നത്. മൃഗക്ഷേമത്തിനും സംരക്ഷണത്തിനുമുള്ള അനന്ത് അംബാനിയുടെ ദീർഘകാല പ്രതിബദ്ധതയും ഇതിലൂടെ പ്രതിഫലിക്കുന്നു. ഈ രംഗത്ത് നൽകിയ സംഭാവനകളെ അംഗീകരിച്ച്, ഗ്ലോബൽ ഹ്യൂമെയ്ൻ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ആദ്യ ഏഷ്യക്കാരനുമാണ് അദ്ദേഹം.

'ഈ എൺപത് ഹിപ്പോകൾ എവിടെ ജനിക്കണമെന്ന് അവർ തിരഞ്ഞെടുക്കുകയായിരുന്നില്ല; അവർ നേരിടുന്ന സാഹചര്യം അവർ സൃഷ്ടിച്ചതുമല്ല. അവർ ജീവിക്കുന്ന, ബോധമുള്ള ജീവികളാണ്. അവരെ സുരക്ഷിതവും മാനുഷികവുമായ മാർഗത്തിൽ രക്ഷിക്കാനുള്ള കഴിവ് നമ്മുക്ക് ഉണ്ടെങ്കിൽ, അതിന് ശ്രമിക്കുക നമ്മുടെ ഉത്തരവാദിത്വമാണ്.' -അനന്ത് അംബാനി പറഞ്ഞു.

ഈ മാനുഷിക പരിഹാരം ശരിയായി വിലയിരുത്തുന്നതുവരെ വധനടപടി മാറ്റിവയ്ക്കണമെന്ന് വൻതാര ഔദ്യോഗികമായി അഭ്യർഥിച്ചിട്ടുണ്ട്. ഓരോ ജീവനും വിലപ്പെട്ടതാണ് എന്ന വൻതാരയുടെ അടിസ്ഥാന തത്വത്തെ ഈ നിർദേശം പ്രതിഫലിപ്പിക്കുന്നു. സങ്കീർണ്ണമായ ആഗോള വന്യജീവി വെല്ലുവിളികൾക്ക് ശാസ്ത്രീയമായ വലിയതോതിലുള്ള പരിഹാരങ്ങൾ നൽകുന്നതിൽ ഇന്ത്യയുടെ ഉയർന്നുവരുന്ന പങ്കും ഇതിലൂടെ എടുത്തുകാട്ടുന്നു. കൊളംബിയയുടെയും ഇന്ത്യയുടെയും സർക്കാരുകളുടെ ആവശ്യമായ അനുമതികളും ബന്ധപ്പെട്ട അന്താരാഷ്ട്ര അധികാരികളുടെ അംഗീകാരങ്ങളും ലഭിച്ചതിന് ശേഷമേ ഈ പദ്ധതി നടപ്പിലാക്കുകയുള്ളു.

കൊളംബിയയിലെ മഗ്ദലീന നദീതടം ഏകദേശം 200 ഹിപ്പോപൊട്ടാമസുകളുടെ ആവാസകേന്ദ്രമാണ്. 1980-കളിൽ കൊണ്ടുവന്ന ചെറിയ കൂട്ടത്തിൽ നിന്നാണ് ഇവ വളർന്നത്. സ്വാഭാവിക ശത്രുക്കളുടെ അഭാവവും അനുകൂലമായ പരിസ്ഥിതിയും കാരണം ഇവയുടെ എണ്ണം ഗണ്യമായി വർധിച്ചു. ഇതോടെ ജൈവവൈവിധ്യനാശം, പരിസ്ഥിതി ദോഷം, സമൂഹസുരക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ ഈ ജീവികളെ 'ആക്രമണ സ്വഭാവമുള്ള ജീവിവർഗ'മായി കൊളംബിയൻ അധികാരികൾ പ്രഖ്യാപിച്ചു. തുടർന്ന് 80 ഹിപ്പോകളെ വധിക്കാൻ നൽകിയ അനുമതി അന്താരാഷ്ട്ര ശ്രദ്ധ നേടി. ഇതിനൊപ്പം ശാസ്ത്രീയവും മാനുഷികവുമായ പകരം മാർഗങ്ങൾക്കായുള്ള ആവശ്യങ്ങളും ശക്തമായി ഉയർന്നു.