രാത്രി സമയം. ഏതാനും സുഹൃത്തുക്കൾ കൂടിയിരുന്ന് കൊച്ചുവർത്തമാനം പറയുകയാണ്. അപ്പോൾ കൂട്ടത്തിലൊരാൾ: ''എന്തൊരു കൊതുകാണ്. ഇരിക്കപ്പൊറുതി തരുന്നില്ലല്ലോ.'' മറ്റുള്ളവർ വിശ്വാസം വരാതെ പരസ്പരം നോക്കി. ''അതാ പറയുന്നത്, ദിവസവും കുളിക്കണം. ഞങ്ങളെയൊന്നും കൊതുകിന് വേണ്ട.'' ഒരാൾ തമാശപറഞ്ഞു. കൂട്ടച്ചിരി മുഴങ്ങി. ഇതുപോലെയുള്ള അനുഭവം പലരും പറഞ്ഞുകേട്ടിട്ടുണ്ട്. കൊതുകുകൾക്ക് ചില ആളുകളെ കൂടുതൽ ഇഷ്ടമാണോ? ഉണ്ടെങ്കിൽ എന്തായിരിക്കും കാരണം?

To advertise here,

 

കൊതുകുകളുടെ ചോരകുടി സ്വഭാവം

പെൺകൊതുകുകൾ മാത്രമേ രക്തം കുടിക്കുകയുള്ളൂ. ഭൂരിപക്ഷം കൊതുകുകളും രക്തം തേടുന്നത് ഉഷ്ണരക്ത ജീവികളായ, മനുഷ്യരടക്കമുള്ള സസ്തനികളേയും പക്ഷികളെയുമാണ്. ചില കൊതുകുകൾക്ക് കൂടുതലിഷ്ടം മനുഷ്യ രക്തമാണ്. അത്തരം കൊതുകുകൾ ആന്ത്രപ്പോഫിലിക്ക് (Anthropophilic) കൊതുകുകൾ എന്നാണ് അറിയപ്പെടുന്നത്. മൃഗരക്തത്തോട് കൂടുതൽ ഇഷ്ടം കാണിക്കുന്നവ സൂഫിലിക്കും (zoophilic) പക്ഷിസ്‌നേഹികൾ ഓർണിത്തോഫിലിക്കുമാണ് (ornithophilic ). ചില കൊതുകുകൾ വിവേചമില്ലാതെ കണ്ട മൃഗങ്ങളെയെല്ലാം കടിക്കും(generalists) . മറ്റുചിലവ ഇഷ്ടമുള്ള ജീവികളെ മാത്രമേ കടിക്കുകയുള്ളൂ (specialists). ശീതരക്തജീവികളായ ഉരഗങ്ങളുടേയും (ഓന്തുവർഗ്ഗം), ഉഭയജീവികളുടേയും രക്തം കുടിക്കുന്ന കൊതുകുകളുണ്ട്.

 

മത്സ്യങ്ങളേയും മണ്ണിരകളേയും അട്ടകളേയും വരെ കടിക്കുന്ന കൊതുകുകളുമുണ്ട്! മനുഷ്യരെ കടിക്കുന്ന കൊതുകുകളിൽ വീട്ടിനകത്തുകയറി ആക്രമിക്കുന്നവയും (endophilic) വീട്ടിന് പുറത്തുമാത്രം കടിക്കുന്നവയുമുണ്ട് (exophilic). പകൽ കടിക്കുന്നവയും രാത്രി കടിക്കുന്നവയുമുണ്ട്.

ഇരകളെ കണ്ടെത്തുന്നതെങ്ങനെ?

കൂടുതൽ പഠനങ്ങളും നടന്നത് മനുഷ്യരെ കടിക്കുന്ന കൊതുകുകളിലാണ്. മനുഷ്യർ പുറത്തുവിടുന്ന അഞ്ച് സൂചനകൾ (cues) തങ്ങളുടെ ഗ്രാഹികൾ (receptors) വഴി പിടിച്ചെടുത്താണ് കൊതുക് ലക്ഷ്യം കണ്ടെത്തുന്നത്. കാർബൺ ഡയോക്‌സൈഡ്, ശരീരഗന്ധങ്ങൾ, ചില ദൃശ്യസൂചനകൾ (നിറം, രൂപം മുതലായവ), താപം, ജലാംശം (humidity). ഏറ്റവും പ്രധാനപ്പെട്ടതും ആദ്യമായി കൊതുകിന്റെ ശ്രദ്ധയിൽപ്പെടുന്നതും കാർബൺ ഡയോക്‌സൈഡാണ്. ശ്വാസോച്ഛ്വാസത്തിന്റെ ഭാഗമായി നമ്മൾ കാർബൺ ഡയോക്‌സൈഡ് പുറത്തുവിടുമല്ലോ. ഇത് അന്തരീക്ഷത്തിലെ കാർബൺ ഡയോക്‌സൈഡിന്റെ അളവിലുണ്ടാക്കുന്ന നേരിയ വ്യത്യാസം പോലും തിരിച്ചറിയാൻ കൊതുകുകളുടെ കാർബൺ ഡയോക്‌സൈഡ് ഗ്രാഹികൾക്ക് കഴിയും. ലക്ഷ്യത്തിൽ നിന്നും 10-15 മീറ്റർ അകലെ നിന്നുതന്നെ കൊതുകുകൾക്ക് കാർബൺ കാർബൺ ഡയോക്‌സൈഡിന്റെ സ്രോതസ്സിനെ തിരിച്ചറിയാൻ കഴിയും. സൂചന കിട്ടിയാൽ കൊതുക് ആ സ്രോതസ്സിലേക്ക് പറക്കും. കൊതുകിന്റെ തലയിലെ മാക്‌സില്ലറി പാൽപ്പ്/പാൽപ്പ് എന്ന അവയവത്തിലാണ് കാർബൺ ഡയോക്‌സൈഡ് ഗ്രാഹികളുള്ളത്

ലക്ഷ്യത്തിന് ഒന്നുരണ്ടു മീറ്ററുകൾക്കടുത്തെത്തുമ്പോൾ അടുത്ത സൂചനയായ ശരീരഗന്ധം ലഭിച്ചുതുടങ്ങും. അതോടൊപ്പം കണ്ണുകളുടെ സഹായവുമുണ്ടാകും. ഗന്ധഗ്രാഹികൾ അധികവും ആന്റിനയിലാണുള്ളത്. കുറച്ച് പാൽപ്പിലുമുണ്ട്. നമ്മുടെ ത്വക്ക് നൂറുകണക്കിന് ഗന്ധതന്മാത്രകൾ പുറത്തുവിടുന്നുണ്ട്. ത്വക്കിൽ ജീവിക്കുന്ന ബാക്റ്റീരിയകൾ വിയർപ്പും സീബവും (ത്വക്കിലെ ചില ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന എണ്ണ പോലെയുള്ള ദ്രാവകം) വിഘടിപ്പിക്കുമ്പോളാണ് ഇവയിൽ ഭൂരിപക്ഷവും ഉണ്ടാകുന്നത്. ഈ തന്മാത്രകളിൽ ഏതെല്ലാമാണ് കൊതുകുകളെ ആകർഷിക്കുന്നതെന്ന് കൃത്യമായി അറിയില്ല. എങ്കിലും ലാക്റ്റിക്ക് ആസിഡും അമോണിയയുമാണ് ഏറ്റവും പ്രധാനപ്പെട്ടവ. പഴയ വിയർപ്പിലാണ് അമോണിയ കൂടുതലുണ്ടാവുക. ചില കൊതുകുകൾക്ക് ലാക്റ്റിക്ക് ആസിഡിനേക്കാൾ അമോണിയയാണ് പ്രിയം. ശരീരഗന്ധവും കാർബൺ ഡയോക്‌സൈഡും ചേരുമ്പോഴാണ് കൊതുകുകൾ മുൻപിലുള്ളത് ഇരയാണെന്ന് തീർച്ചപ്പെടുത്തുന്നത്. രക്തം കുടിക്കാൻ ഇനിയാവശ്യം ഇരയുടെ ശരീരത്തിൽ വന്നിരിക്കുകയാണല്ലോ. ഗന്ധങ്ങളോടൊപ്പം ഇരയുടെ രൂപവും നിറവും താപവും ജലാംശവും അപഗ്രഥിച്ച ശേഷമാണ് കടിക്കാൻ പറ്റിയ ആളാണെന്ന് തീരുമാനിക്കുന്നതും ഏതെങ്കിലും ശരീര ഭാഗത്തിലേക്ക് പറന്നിറങ്ങുന്നതും.

നിറങ്ങളും രൂപവും തിരിച്ചറിയാനുള്ള കഴിവ് അവയുടെ കണ്ണുകൾക്കുണ്ട്. ഇരുണ്ട നിറമാണ് പൊതുവേ ഇഷ്ടം. നമ്മുടെ കൈകളുടെ ചലനം വളരെപ്പെട്ടെന്ന് അവയ്ക്ക് തിരിച്ചറിയാൻ കഴിയും. അതുകൊണ്ടാണ് കടിക്കാൻ വരുന്ന കൊതുകുകളെ എളുപ്പത്തിൽ അടിച്ചുകൊല്ലാൻ കഴിയാത്തത്. ആന്റിനയിലുള്ള താപഗ്രാഹികൾ ഉപയോഗിച്ചാണ് ഉഷ്ണരക്തജീവിയാണെന്ന് ഉറപ്പ് വരുത്തുന്നത്. കൂടെ സഹായികളായി ജലാംശ ഗ്രാഹികളും. ഇവ രണ്ടും പരസ്പരപൂരകങ്ങളായാണ് പ്രവർത്തിക്കുന്നത്. ഇരയുടെ ശരീരത്തിൽ നിന്ന് ഒരു മീറ്ററിൽ താഴെ അകലത്തെത്തുമ്പോഴാണ് താപഗ്രാഹികളും ജലാംശ ഗ്രാഹികളും ഉത്തേജിക്കപ്പെടുന്നത്. ഇങ്ങനെ അഞ്ച് സൂചനകളും സമന്വയിപ്പിച്ചുകൊണ്ടാണ് കൊതുകുകൾ ഇരകളെ കണ്ടെത്തുന്നത്. കൊതുകിന് ഒരുവ്യക്തിയോടുള്ള ആകർഷണത്തിന് അയാളുടെ രക്ത ഗ്രൂപ്പിന് പ്രധാന പങ്കുണ്ടെന്ന് നേരത്തേ സംശയമുണ്ടായിരുന്നു. 'ഒ' ഗ്രൂപ്പ് രക്തമുള്ളവരോട് കൊതുകുകൾ കൂടുതൽ ആകർഷണം പ്രകടിപ്പിക്കുമെന്നായിരുന്നു നിഗമനം. എന്നാൽ പിൽക്കാലത്ത് നടന്ന പഠനങ്ങളൊന്നും ആ നിഗമനത്തെ സാധൂകരിക്കുന്നില്ല.

ഗർഭിണികളോട് കൂടുതലിഷ്ടം

ഗർഭിണികൾ പൊതുവേ കൂടുതൽ കൊതുകുകളെ ആകർഷിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഉയർന്ന ഉപാപചയ പ്രവർത്തനങ്ങളുടെ ഫലമായി അവർ പുറത്തുവിടുന്ന കാർബൺ ഡയോക്‌സൈഡിന്റെ അളവിലും ശരീരതാപത്തിലും വർദ്ധനവുണ്ടാകും. അതിന് പുറമെ ഗർഭവുമായി ബന്ധപ്പെട്ട ചില പ്രത്യേക രാസതന്മാത്രകളും ഉൽപാദിപ്പിക്കുന്നുണ്ടാവാം.

മദ്യപരെയും നോട്ടം

മദ്യം, പ്രത്യേകിച്ച് ബിയർ, കൊതുകുകളെ ആകർഷിക്കുമെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. വാഴപ്പഴം, കാപ്പി തുടങ്ങിയവ ആകർഷകത്വം വർദ്ധിപ്പിച്ചേക്കാമെന്നും സൂചനകളുണ്ട്. രക്തത്തിൽ മലമ്പനി രോഗാണുക്കളുള്ളവർ മലമ്പനി പരത്തുന്ന അനഫലസ് കൊതുകുകളെ കൂടുതലായി ആകർഷിക്കുന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ചിലരോടെന്തേ കൂടുതലിഷ്ടം?

കൊതുകുകൾക്ക് ഇരയിലേക്കുള്ള വഴികാട്ടിയാകുന്ന സൂചനകൾ എല്ലാവരിലും ഒരേ അളവിലല്ല ഉണ്ടായിരിക്കുക. അതുകൊണ്ടുതന്നെ ആകർഷകത്വവും വ്യത്യസ്തമായിരിക്കും. ഈ വ്യത്യാസത്തിനുള്ള കാരണങ്ങൾ അന്വേഷിക്കുന്ന ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുണ്ട്. അവയിൽ കൂടുതലും പലതരം രോഗങ്ങൾ പരത്തുന്ന കൊതുകുകളിലാണ് നടന്നിട്ടുള്ളത്. ഏകദേശം ഒരേതരത്തിലുള്ള ഗന്ധതന്മാത്രകളാണ് എല്ലാ മനുഷ്യരും പുറത്തുവിടുന്നത്. എങ്കിലും അവയുടെ അളവുകളിൽ വ്യത്യാസമുണ്ടാകാം. ഉദാഹരണത്തിന് ലാക്റ്റിക്ക് ആസിഡിന്റെ അളവ്. ത്വക്കിലുള്ള വിയർപ്പ് ഗ്രന്ഥികളുടെ എണ്ണത്തിലുള്ള വ്യത്യാസവും ത്വക്കിന്റെ അമ്ല-ക്ഷാര വ്യത്യാസവും ലാക്റ്റിക്ക് ആസിഡിന്റെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കാം. പുറത്തുവിടുന്ന കാർബൺ ഡയോക്‌സൈഡിന്റെ അളവിലും വ്യത്യാസമുണ്ടാകാം. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളുടെ വേഗത (metabolic rate), ശരീര ഭാരം, ശ്വാസോച്ഛാസ നിരക്ക് തുടങ്ങിയവ കാർബൺ ഡയോക്‌സൈഡിന്റെ അളവിനെ സ്വാധീനിക്കും. അതേപോലെ തന്നെയാണ് മറ്റ് ഗന്ധതന്മാത്രകളുടെ കാര്യവും. ത്വക്കിൽ ജീവിക്കുന്ന ബാക്ടീരിയകളുടെ എണ്ണവും തരവും ഗന്ധതന്മാത്രകളുടെ നിർമ്മാണത്തെ വലിയ തോതിൽ ബാധിക്കുന്ന ഘടകമാണ്. ബാക്ടീരിയകളുടെ എണ്ണവും തരവും ഓരോ ആളുകളിലും വ്യത്യസ്തമായിരിക്കും. ഈ കാരണത്താൽ ഓരോ ആൾക്കും വ്യക്തിപരമായ ഗന്ധമുണ്ടായിരിക്കും. ബാക്ടീരിയകളുടെ പ്രവർത്തനം മൂലമുണ്ടാകുന്ന ഗന്ധതന്മാത്രയാണ് സുൾക്കേറ്റോൺ (sulcatone). ഇതിന്റെ അളവ് കുറഞ്ഞവർ കൂടുതൽ കൊതുകുകളെ ആകർഷിക്കുമെന്നും അളവ് കൂടിയവർ കുറച്ചുമാത്രം കൊതുകുകളെ ആകർഷിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

ജീനുകളുടെ പങ്ക്

ചില ശരീര ഗന്ധങ്ങളുടെ ഉൽപാദനം ജീനുകളുടെ നിയന്ത്രണത്തിലാണ്. ഉദാഹരണത്തിന് കക്ഷത്തിലുണ്ടാകുന്ന ഗന്ധം എബിസിസി11 (ABCC11) എന്ന ജീനിന്റെ നിയന്ത്രണത്തിലാണ്. ഈ ജീനിലുണ്ടാകുന്ന വളരെ ചെറിയ മ്യൂട്ടേഷൻ പോലും ഗന്ധത്തിൽ മാറ്റമുണ്ടാക്കും! ഇതുപോലെ മറ്റ് ചില ജീനുകളും ശരീരം ഉൽപ്പാദിപ്പിക്കുന്ന ഗന്ധതന്മാത്രകളുടെ ഉൽപാദനത്തെ നിയന്ത്രിക്കുന്നതായി തെളിവുകളുണ്ട്. ജീനുകളിലെ വ്യത്യസ്തതയും ഒരാളുടെ ശരീരഗന്ധത്തെ സ്വാധീനിക്കും. കൊതുകിനോടുള്ള ആകർഷണീയത വ്യത്യസ്തമാക്കുകയും ചെയ്യും.

ഓരോതരം കൊതുകിനും ഓരോ ഇഷ്ടം

2026 ൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് സ്പീഷീസുകൾക്കനുസരിച്ച് ചോരകുടിക്കൽ സ്വഭാവവും മാറുമെന്നാണ്. മൂന്ന് കൊതുക് സ്പീഷീസുകളെയാണ് പഠനത്തിനുപയോഗിച്ചത്. ഡെങ്കിപ്പനി പരത്തുന്ന ഏഡിസ് ഈജിപ്‌തൈ, ഏഡിസ് ആൽബോപിക്റ്റസ് എന്നീ കൊതുകുകളും മന്ത് പരത്തുന്ന ക്യൂലക്‌സ് ക്യുൻക്വിഫേഷിയേറ്റസ് കൊതുകും. പരീക്ഷണഫലം രസകരമായിരുന്നു. മൂന്ന് കൊതുകുകളും വ്യത്യസ്തരായ മൂന്ന് സംഘം ആളുകളെയാണ് കൂടുതലായി കടിച്ചത്!

കൊതുകുകൾക്ക് ചോരയില്ലാതെ ജീവിക്കാമോ?

ലോകത്തിൽ 3500 ൽ കൂടുതൽ കൊതുക് സ്പീഷീസുകൾ ഉണ്ട്. അവയിൽ ഭൂരിപക്ഷവും രക്തം കുടിക്കുന്നവയാണ്. കൊതുക് ആണായാലും പെണ്ണായാലും ജീവിക്കാൻ രക്തം ആവശ്യമില്ല. പൂമ്പാറ്റകളെ പോലെ അവയ്ക്കും പൂന്തേനും ചെടിച്ചാറും പഴച്ചാറും മറ്റും കഴിച്ച് ജീവിക്കാൻ കഴിയും. പിന്നെന്തിന് പെൺകൊതുകുകൾ ചോരകുടിക്കുന്നു? രക്തം പെൺകൊതുകിന്റെ ഭക്ഷണം മാത്രമല്ല, കൊതുകുവംശത്തിന്റെ ജീവാമൃതമാണ്. മുട്ടകൾ ഉൽപാദിപ്പിക്കാനുള്ള പ്രോട്ടീനുകൾ ലഭിക്കുന്നത് രക്തത്തിൽ നിന്നാണ്. രക്തം കുടിച്ചില്ലെങ്കിൽ അടുത്ത തലമുറ ഉണ്ടാകില്ലെന്നർത്ഥം. കൊതുകുകളുടെ പൂർവ്വികർ സസ്യാഹാരികളായിരുന്നു എന്നാണ് കരുതപ്പെടുന്നത്. രക്തം കുടിക്കാത്ത ഏതാനും കൊതുകുകൾ ഇപ്പോഴുമുണ്ട്. കൊതുകുകൾ രക്തം കുടിച്ചുതുടങ്ങിയത് എന്നുമുതലാണെന്നതിന് പ്രത്യക്ഷമായ തെളിവുകളില്ല. എങ്കിലും 1985 ൽ അമേരിക്കയിലെ മൊണ്ടാനയിൽ നിന്നുശേഖരിച്ച കൊതുകുഫോസ്സിൽ രക്തംകുടിച്ച ക്യുലിസെറ്റ (Culiseta) വിഭാഗത്തിൽ പെട്ടതാണെന്ന് 2013 ൽ കണ്ടെത്തി. ഈ കൊതുക് ജീവിച്ചിരുന്നത് 4.6 കോടി വർഷങ്ങൾക്ക് മുൻപായിരുന്നു ! 1993 ൽ പുറത്തിറങ്ങിയ ജുറാസ്സിക്ക് പാർക്ക് എന്ന സിനിമയിൽ ഡൈനസോറുകളെ സൃഷ്ടിക്കാൻ ഉപയോഗിച്ച ഡി.എൻ.എ.യെ കുറിച്ച് പറയുന്നുണ്ട്.

ഡൈനസോറിന്റെ രക്തം കുടിച്ച കൊതുകിന്റെ ഫോസ്സിലിൽ നിന്നാണ് അങ്ങനെ സൃഷ്ടിക്കുന്നത്. സിനിമ റിലീസ് ചെയ്ത് 10 വർഷം കഴിഞ്ഞാണ് ചോര കുടിച്ച (ഏത് ജീവിയുടെ രക്തമാണെന്നറിയില്ല) കൊതുകിന്റെ ഫോസ്സിൽ കണ്ടെത്തിയത്. എന്നാൽ 1985 ൽ തന്നെ ആ ഫോസ്സിൽ അമേരിക്കയിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ആരുമറിയാതെ വിശ്രമിക്കുന്നുണ്ടായിരുന്നു!

അധിക വായനയ്ക്ക് :

Coutinho-Abreu IV, Riffel JA, Akbari OS (2022). Human attractive cues and mosquito host-seeking behavior. Trends in Parasitology. 38(3): 246-264.

Marrero KM et al (2026). Individual humans are more attractive to certain mosquito species. iScience 29: 117006, August.

McMeniman CJ, Corfas RA, Matthews BJ, Ritchie SA, Vosshall LB (2014). Multimodal Integration of Carbon Dioxide and Other Sensory Cues Drives Mosquito Attraction to Humans. Cell 156:1060-1071.

Wilkerson CR, Linton YM, Strickman D (2021) Mosquitoes of the world. John Hopkins University Press.