രാവിലെ തൊടിയില്‍ ഓരോ തെങ്ങിലെയും ഓലകളിലൊക്കെ തൂങ്ങിയാടി പ്രാണികളൊക്കെ തിന്നാന്‍ നോക്കും

തക്കംകിട്ടിയാൽ പൂത്താങ്കീരിയുടെയും കണ്ണയ്ക്കകളുടെയും മുട്ടകൾ, കുഞ്ഞുങ്ങൾ എന്നിവ ശാപ്പിടുന്ന വിരുതന്മാരാണ് ഓലഞ്ഞാലി( Rufous Treepie). ഓലമുറിയൻ എന്നും അറിയപ്പെടും. കാട്ടിലും നാട്ടിൻപുറങ്ങളിലും സർവ്വസാധാരണമായി കാണാം. കാക്കയുടെ കുടുംബമാണ്. മറ്റ് ചെറുപക്ഷികളുടെ സുരക്ഷാ ചുമതല ഇവർ ഏറ്റെടുക്കാറുണ്ട്. തമ്മിൽ കലഹങ്ങളുണ്ടെങ്കിലും പുറമേനിന്ന് വരുന്ന ശത്രുക്കളെ തുരത്തിയോടിക്കാൻ ഓലഞ്ഞാലികൾ ഒരുമിക്കും. ചെറുകൂട്ടങ്ങളുണ്ടെങ്കിൽ പൂത്താങ്കീരികൾക്ക് ഇവരെ തുരത്താൻ കഴിയും. എന്നാൽ, വലിയ പരുന്തുകൾ വന്നാൽ അങ്ങനയല്ലല്ലൊ. അപ്പോൾ തമ്മിൽ ഭേദം ഓലഞ്ഞാലിയോട് സൗഹൃദം പുലർത്തുന്നതു തന്നെ. അതു കൊണ്ടൊക്കെയാവണം ചെറുപക്ഷികൾ ഓലഞ്ഞാലിയുടെ കൂടിന്റെ പരിസരത്തായി സ്വന്തം കൂട് ഒരുക്കുന്നത്. മനുഷ്യർ ഉണ്ടാക്കുന്ന ഭക്ഷണങ്ങളോട് പൊതുവേ താൽപര്യം കാണിക്കാറില്ല. പുഴുക്കളോടാണ് പ്രിയം. കണിക്കൊന്നയും മട്ടിയുമുള്ളിടത്ത് ഇവരെ എപ്പോഴും കാണാം.
ഇവർ ഏതൊക്കെയൊ ഭാഷയിൽ പറയുന്ന പോലെ കേട്ടിട്ടുണ്ട്. ഇതിൽ ടിക്കുറുക്കി എന്ന ശബ്ദം ഇടയ്ക്കിടെ കേൾക്കാം. ആ ശബ്ദമുണ്ടാക്കുമ്പോളെല്ലാം മരക്കമ്പിലിരുന്ന് മുന്നോട്ടും പിന്നോട്ടുമാഞ്ഞ് കളിക്കുന്നതു കാണാം. കാട്ടുഞ്ഞാലിയും ചെറിയ പൊൻമാനും ഇങ്ങനെ ചെയ്യുന്നതായി കണ്ടിട്ടുണ്ട്. നാട്ടിലെ തെങ്ങുമായി ഇവർക്ക് വലിയ ചങ്ങാത്തമാണ്. രാവിലെ തൊടിയിൽ ഓരോ തെങ്ങിലെയും ഓലകളിലൊക്കെ തൂങ്ങിയാടി പ്രാണികളെ തിന്നാൻ നോക്കും. തീർന്നു എന്ന് കണ്ടാൽ പിന്നെ മറ്റു പക്ഷികളുടെ കൂടെയങ്ങു കൂടും. ഇര പിടിക്കുന്ന കാര്യത്തിൽ ഇരട്ടവാലനുമായി ആരാദ്യം എന്ന മൽസരം കാണാം. നാമോന്ന് നമുക്ക് രണ്ട് എന്നതാണ് മുട്ടയിടുന്ന കാര്യത്തിൽ ഇവർ പാലിച്ചു പോരുന്നത്. കുഞ്ഞുങ്ങളെ ആഹാരരീതിയും ഇരതേടാൻ പഠിപ്പിക്കലും കൗതുകകരമാണ്. കാക്കയോട് സാമ്യമുള്ള ചെറുകൂടുകളാണിവരുടേത്. മാവ്, ജാതി, ഉങ്ങ് പോലുള്ള ഇലകൊഴുപ്പുള്ള മരങ്ങളിലാണ് ഇവരുടെ കൂടുകൾ കൂടുതലായി കണ്ടിട്ടുള്ളത്.
കണ്ണയ്ക്ക = Red whiskered BulBul
മട്ടിമരം = പൊങ്ങല്യം
Content Highlights: The Rufous Treepie is a member of the crow family found in both forests and rural areas., Known for its predatory behavior towards other birds' eggs and chicks., Small birds often nest near Olanjali as they help drive away larger predators like hawks., They prefer insects and larvae over human food., Commonly found in trees like Mango, Nutmeg, and Pongamia.
Published: 08 Aug 2026, 05:29 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented