
ജനവാസ മേഖലയില്‍ ഇറങ്ങിയ അപൂര്‍വ ഹിമക്കരടിയെ വെടിവെച്ച് കൊന്ന് ഐസ്ലാന്‍ഡ് പോലീസ്. കരടി ജനങ്ങളെ അപായപ്പെടുത്തിയേക്കുമോ എന്ന് ഭയന്ന് മുന്‍കരുതലിന്റെ ഭാഗമായാണ് അതിനെ കൊന്നതെന്നാണ് പോലീസ് പറയുന്നത്. വടക്കു-പടിഞ്ഞാറന്‍ ഐസ്ലാന്‍ഡില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് പോലീസ് ഹിമക്കരടിയെ വെടിവെച്ച് കൊന്നത്. 2016-നു ശേഷം ആദ്യമാണ് ഐസ്ലാന്‍ഡില്‍ ഒരു ഹിമക്കരടിയെ കാണുന്നത്. ഒമ്പതാം നൂറ്റാണ്ടുമുതലുള്ള കണക്കെടുത്താല്‍ ഇതുവരെ 600 തവണ മാത്രമാണ് ഐസ്ലാന്‍ഡില്‍ ഹിമക്കരടികളെ കണ്ടിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുള്ളത്.
ഐസ്ലാന്‍ഡിലെ സംരക്ഷിത ജീവിവര്‍ഗമാണ് ഹിമക്കരടികള്‍. കടലില്‍ കണ്ടാല്‍ ഒരുവിധത്തിലും അവയെ ഉപദ്രവിക്കാന്‍ പാടില്ല എന്നാണ് നിയമം. കരയില്‍ മനുഷ്യന്റെ ജീവന് ആപത്താകുന്ന സാഹചര്യത്തില്‍, മറ്റ് മാര്‍ഗങ്ങള്‍ ഒന്നുമില്ലെങ്കില്‍ മാത്രമേ അവയെ കൊല്ലാന്‍ പാടുള്ളൂ. 150-200 കിലോഗ്രാം ഭാരം വരുന്ന, അധികം പ്രായമില്ലാത്ത ഹിമക്കരടിയാണ് കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ടത്. കൂടുതല്‍ പരിശോധനകള്‍ക്കും പഠനങ്ങള്‍ക്കുമായി കരടിയുടെ മൃതദേഹം വെള്ളിയാഴ്ച ഐസ്ലാന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലേക്ക് മാറ്റി. ഈ ഭാഗത്ത് വേറെയും ഹിമക്കരടികള്‍ ഉണ്ടോ എന്ന് ഹെലികോപ്ടര്‍ ഉപയോഗിച്ച് പരിശോധിച്ചുവെങ്കിലും കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു.
Also Read
താത്പര്യങ്ങള്‍ക്ക് വിപരീതമായി, സാഹചര്യത്തിന്റെ സമ്മര്‍ദം മൂലമാണ് ഹിമക്കരടിയെ കൊല്ലാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്ന് വെസ്റ്റ്ഫിയോഡ്സ് പോലീസ് മേധാവി ഹെല്‍ഗി ജെന്‍സണ്‍ പറയുന്നു. ജനവാസ മേഖലയില്‍ ഹിമക്കരടിയെ കണ്ടതോടെ സ്ഥലത്തെ പോലീസ് പരിസ്ഥിതി പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. എന്നാല്‍ ഹിമക്കരടിയെ മറ്റേതെങ്കിലും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങളുടെ സുരക്ഷയെ കരുതി കരടിയെ വെടിവെച്ചത്.
തീര്‍ത്തും ഇഷ്ടമില്ലാതെയാണ് ഞങ്ങള്‍ ആ പ്രവൃത്തി ചെയ്തത്. ചിത്രത്തില്‍ കാണുന്നതുപോലെ, ആ വേനല്‍ക്കാല വസതിക്ക് തൊട്ടടുത്താണ് കരടി നിലയുറപ്പിച്ചത്. ആ വീട്ടില്‍ ഒരു വൃദ്ധ മാത്രമാണ് ഉണ്ടായിരുന്നത്. കരടി ആ വീടിന്റെ മാലിന്യടാങ്ക് നശിപ്പിക്കാന്‍ ശ്രമിക്കുകയും അലറുകയും മറ്റും ചെയ്തതോടെ അവര്‍ ആകെ ഭയന്നു. പേടിച്ച് കതകുപൂട്ടി അവര്‍ വീടിന്റെ മുകള്‍നിലയില്‍ കയറി ഒളിച്ചിരുന്നു. കരടിയുടെ മുന്നില്‍ പെട്ടാല്‍ ഉണ്ടാകാവുന്ന അപകടം ഭയന്ന് അവര്‍ താഴേക്ക് ഇറങ്ങിയതേയില്ല.
"ഈ വീടിന്റെ പരിസരത്തെ മറ്റ് വേനല്‍ക്കാല വസതികളില്‍ ഉണ്ടായിരുന്ന താമസക്കാരെല്ലാം അവരുടെ വീടുകളിലേക്ക് മടങ്ങിയിരുന്നു എന്നതും വൃദ്ധയുടെ ഭയം വര്‍ധിപ്പിച്ചു. വീടിനുള്ളില്‍ കുടുങ്ങിയ വൃദ്ധ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ച് ഐസ്ലാന്‍ഡിന്റെ തലസ്ഥാനമായ റെയ്ക്യവികില്‍ താമസിക്കുന്ന മകളെ ബന്ധപ്പെട്ട് അപകടവിവരം പറഞ്ഞു. മകള്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. അതോടെയാണ് ഞങ്ങള്‍ സ്ഥലത്തെത്തിയത്", ഹെല്‍ഗി ജെന്‍സണ്‍ പറയുന്നു. സംഭവത്തിന് ശേഷവും വൃദ്ധ അവധിക്കാല വസതിയില്‍തന്നെ തുടരാന്‍ തീരുമാനിച്ചതായാണ് വിവരം.
ഐസ്ലാന്‍ഡില്‍ സ്വാഭാവികമായി കാണപ്പെടുന്ന ജീവികളല്ല ഹിമക്കരടികള്‍. അതേസമയം, ഗ്രീന്‍ലാന്‍ഡില്‍ നിന്നും അടര്‍ന്നുനീങ്ങുന്ന മഞ്ഞുപാളികളിലൂടെ ചിലപ്പോഴൊക്കെ ഹിമക്കരടികള്‍ ഐസ്ലാന്‍ഡിലും എത്താറുള്ളതായി ഐസ്ലാന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ സയന്റിഫിക് കളക്ഷന്‍സ് ഡയറക്ടര്‍ അന്ന സ്വിന്‍സ്ദോതിസ് പറയുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഐസ്ലാന്‍ഡിന്റെ വടക്കന്‍ കടല്‍ത്തീരങ്ങളില്‍ നിരവധി മഞ്ഞുപാളികള്‍ കണ്ടെത്തിയിരുന്നതായും അന്ന വെളിപ്പെടുത്തി.
കാലാവസ്ഥാ വ്യതിയാനവും മഞ്ഞുരുകലും ഹിമക്കരടികളുടെ ആവാസവ്യവസ്ഥയേയും ആഹാരത്തേയുമെല്ലാം കാര്യമായി ബാധിച്ചിട്ടുണ്ട്. ഇര തേടിയും ചിലപ്പോള്‍ ഇവ ഇത്തരത്തില്‍ സഞ്ചരിച്ച് മനുഷ്യവാസ മേഖലകളിലേക്ക് എത്താന്‍ സാധ്യതയുണ്ട്. അത് മനുഷ്യര്‍ക്കും ആപത്താണ്. ഇവയെ പിടികൂടി, തിരിച്ച് 300 കിലോമീറ്റര്‍ അകലെയുള്ള ഗ്രീന്‍ലാന്‍ഡിലേക്ക് എത്തിക്കുന്നതിന് നല്ലൊരു തുകയും ചെലവാകും. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് കരടിയെ വെടിവെച്ച് കൊല്ലാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ പറയുന്നു.
സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ https://mbi.page.link/mbes
2008ല്‍ സമാനമായ സാഹചര്യത്തില്‍ രണ്ട് ഹിമക്കരടികള്‍ ഐസ്ലാന്‍ഡില്‍ എത്തിയപ്പോള്‍ പരിസ്ഥിതി മന്ത്രാലയം നേരിട്ട് ഇടപെട്ടിരുന്നു. അവയെ തിരികെ ഗ്രീന്‍ലാന്‍ഡില്‍ എത്തിക്കുന്നതിനേക്കാള്‍ നല്ലത് കൊല്ലുന്നത് തന്നെയാണ് എന്നായിരുന്നു മന്ത്രാലയം ഈ വിഷയത്തില്‍ പഠനം നടത്താന്‍ ഏര്‍പ്പാടാക്കിയ വിദഗ്ധ സംഘത്തിന്റെ അഭിപ്രായമെന്ന് ഐസ്ലാന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ അധ്യാപകര്‍ പറയുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ സാഹചര്യത്തിലും ഹിമക്കരടിയെ കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ലോകത്ത് ഇതുവരെ വളരെ വിരളമായി മാത്രമേ ഹിമക്കരടികളും മനുഷ്യനും തമ്മില്‍ സംഘർഷം ഉണ്ടായിട്ടുള്ളൂ. കാനഡ, ഗ്രീന്‍ലാന്‍ഡ്, നോര്‍വെ, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഇത്തരം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1870-2014 കാലഘട്ടത്തില്‍ ഇത്തരത്തില്‍ 73 തവണ ഹിമക്കരടികള്‍ മനുഷ്യനെ ആക്രമിച്ചിട്ടുള്ളതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഈ അപകടങ്ങളില്‍ 20 പേര്‍ മരിക്കുകയും 63 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 2 2009നും 2014നും ഇടയിലുള്ള അഞ്ചുവര്‍ഷത്തിനുള്ളിലാണ് ഇതില്‍ 15 അപകടങ്ങളും ഉണ്ടായിട്ടുള്ളത്.
Content Highlights: polar bear shot dead in iceland
Published: 24 Sept 2024, 10:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented