ആർട്ടിക് മേഖലയിൽ ജീവിക്കുന്ന വലിയ കരടിയാണ് ധ്രുവക്കരടി. കരടിവർഗ്ഗത്തിലെ ഏറ്റവും വലിയ ജീവിയും കരയിലെ ഏറ്റവും വലിയ മാംസഭുക്കുകളാണിവ. ഇന്ന് വംശനാശഭീഷണി നേരിടുന്ന ഒരു ജീവിയാണിത്. ഇതിനിടെ മാറുന്ന കാലാവസ്ഥയും ആഗോളതാപനവുമെല്ലാം ചേർന്ന് നിലനിൽപ്പുതന്നെ അപകടത്തിലാക്കിയാൽ എന്തുചെയ്യും? വേറേ ഗതിയില്ലെങ്കിൽ ചിലപ്പോൾ ഡിഎൻഎ തന്നെ മാറ്റിക്കളയുമെന്ന് തെളിയിച്ചിരിക്കുകയാണ് ധ്രുവക്കരടികൾ. ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ധ്രുവക്കരടിയെ സംബന്ധിച്ച കൗതുകകരമായ മാറ്റം കണ്ടെത്തിയത്.

To advertise here,

ഗ്രീൻലൻഡിലെ രണ്ടു പ്രദേശത്തു ജീവിക്കുന്ന ധ്രുവക്കരടികളിൽനിന്നെടുത്ത രക്തമുപയോഗിച്ചാണ് പഠനം നടത്തിയത്. ഇവയുടെ ജംപിങ് ജീനുകൾ (മറ്റ് ജീനുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കാൻ സാധിക്കുന്ന ജനിതകവസ്തു) താരതമ്യംചെയ്തപ്പോൾ കാലാവസ്ഥാവ്യതിയാനം കൂടുതൽ ബാധിക്കുന്ന തെക്കുകിഴക്കൻ ഗ്രീൻലൻഡിലെ ധ്രുവക്കരടികളിൽ താപസമ്മർദം, പ്രായമാകൽ, ഉപാപചയം (മെറ്റബോളിസം) എന്നിവയുമായി ബന്ധപ്പെട്ട ചില ജീനുകൾ വ്യത്യസ്തമായി പെരുമാറുന്നതായി കണ്ടെത്തി.

ഉയരുന്ന താപനിലയും ഒരു സസ്തനിയിലെ ഡിഎൻഎ മാറ്റവും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നത് ഇതാദ്യമായാണ്. പഠനങ്ങൾ പുറത്തുവന്നതോടെ മാറുന്ന ജനിതകഘടന പരിണാമത്തിലേക്ക് വഴിവെയ്ക്കുമോയെന്ന ആശങ്കയിലാണ് ശാസ്ത്രജ്ഞർ.