കോഴിക്കോട്: ഇഞ്ചിക്കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി മികച്ച ഉത്പാദനക്ഷമതയുള്ള മറ്റൊരിനംകൂടി കര്‍ഷകരിലേക്ക്. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണസ്ഥാപനം (ഐ.ഐ.എസ്.ആര്‍.) കര്‍ഷകപങ്കാളിത്തത്തോടെ വികസിപ്പിച്ച പുതിയ ഇനത്തിന് 'ഐ.ഐ.എസ്.ആര്‍. സുരസ' എന്നാണ് പേരുനല്‍കിയിരിക്കുന്നത്. കഴിക്കുമ്പോള്‍ കുത്തല്‍ അനുഭവപ്പെടാത്ത, രുചിയുള്ള ഇനമാണ് സുരസ.

To advertise here,

ശാസ്ത്രീയരീതികള്‍ അവലംബിച്ച് കൃഷിചെയ്താല്‍ ഹെക്ടറിന് 24.33 ടണ്ണോളം വിളവ് സുരസയില്‍നിന്ന് പ്രതീക്ഷിക്കാം. പച്ചക്കറിയാവശ്യത്തിനുവേണ്ടി വികസിപ്പിച്ച ഇന്ത്യയിലെത്തന്നെ ആദ്യത്തെ ഇഞ്ചിയിനം എന്ന പ്രത്യേകതകൂടി ഐ.ഐ.എസ്.ആര്‍. സുരസയ്ക്കുണ്ട്.

കോഴിക്കോട് കോടഞ്ചേരിയിലുള്ള കര്‍ഷകനായ ജോണ്‍ ജോസഫില്‍നിന്നാണ് ഗവേഷകര്‍ ഇതിന്റെ യഥാര്‍ഥ പ്രകന്ദം കണ്ടെടുക്കുന്നത്. തുടര്‍ന്ന്, ഇതില്‍ നടത്തിയ പരീക്ഷണങ്ങളുടെ ഫലമായാണ് സുരസ വികസിപ്പിക്കാനായത്. സുഗന്ധവിള ഗവേഷണസ്ഥാപനത്തിലും, കേരളം, നാഗലാന്‍ഡ്, ഒഡിഷ എന്നീസംസ്ഥാനങ്ങളുടെ വിവിധഭാഗങ്ങളിലുമായി ആറുവര്‍ഷത്തോളം കൃഷിചെയ്ത് ഉത്പാദനക്ഷമത ഉറപ്പുവരുത്തിയതിനുശേഷമാണ് സുരസ കര്‍ഷകരിലേക്കെത്തുന്നത്. ഈയിനം കേരളത്തില്‍ കൃഷിചെയ്യുന്നതിനുള്ള അനുമതി കഴിഞ്ഞദിവസം കേരള സംസ്ഥാന വെറൈറ്റല്‍ റിലീസ് കമ്മിറ്റിയില്‍നിന്ന് ഗവേഷണസ്ഥാപനം കരസ്ഥമാക്കി.

സാധാരണ ഇഞ്ചിയിനങ്ങളേക്കാള്‍ വലുപ്പമേറിയ പ്രകന്ദങ്ങളുള്ള സുരസയുടെ അകം വെള്ളകലര്‍ന്ന മഞ്ഞനിറത്തിലാണ് കാണപ്പെടുക. ഗ്രോ ബാഗുകളില്‍ കൃഷിചെയ്യുന്നതിനും ഏറെ അനുയോജ്യമായതാണ് ഈയിനം. വ്യാവസായികാടിസ്ഥാനത്തില്‍ മൂല്യവര്‍ധന നടത്തുന്നതിന് പുതിയ ഇനം കൂടുതല്‍ അനുയോജ്യമാവുമെന്ന് സുരസയുടെ മുഖ്യഗവേഷകയും സുഗന്ധവിള ഗവേഷണസ്ഥാപനത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമായ ഡോ. സി. കെ. തങ്കമണി പറഞ്ഞു.

അടുത്ത നടീല്‍ സീസണായ മേയ്, ജൂണ്‍ മാസത്തോടെ കര്‍ഷകര്‍ക്ക് ചെറിയ അളവില്‍ വിത്ത് ലഭ്യമായിത്തുടങ്ങും. സുഗന്ധവിള ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞരായ ഡോ. എന്‍.കെ. ലീല, ഡോ. ടി.ഇ. ഷീജ, ഡോ. കെ.എസ്. കൃഷ്ണമൂര്‍ത്തി, ഡോ. ഡി. പ്രസാദ്, ഡോ. ഷാരോണ്‍ അരവിന്ദ്, ഡോ. എസ്. മുകേഷ് ശങ്കര്‍ എന്നിവരാണ് ഗവേഷണസംഘത്തിലുണ്ടായിരുന്നത്.