ഊര്‍ജജസ്വലരും സാമര്‍ത്ഥ്യക്കാരും ആയ വേട്ടക്കാരെന്ന നിലയിലാണ് ഹിമപ്പുലികളറിയപ്പെടുന്നത്. വംശനാശ ഭീഷണി നേരിടുന്ന ഇവയുടെ നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. ഇത്തരത്തിലൊരു വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ലഡാക്കില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. ഒരു മലയോരത്ത് ഇരയെ പിടികൂടാനായി ഓടുന്ന ഹിമപ്പുലിയാണ് ദൃശ്യങ്ങളിലുള്ളത്. പര്‍വീണ്‍ കസ്വാന്‍ എന്ന ഐഎഫ്എസ് ഓഫീസറാണ് ദൃശ്യങ്ങള്‍ പങ്ക് വെച്ചിരിക്കുന്നത്. 

To advertise here,

കിടിലന്‍ വേട്ടക്കാര്‍ എന്ന ക്യാപ്ഷനാണ് പര്‍വീണ്‍ കസ്വാന്‍ ദൃശ്യത്തിന് അടികുറിപ്പായി നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 13-ന്‌ ചിത്രീകരിച്ച വീഡിയോയില്‍ ഇരയുമായി തിരികെ ഹിമപ്പുലികള്‍ മലകയറുന്നതും കാണാം. നിരവധിയാളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. കൗതുകമുണര്‍ത്തുന്ന നിരവധി കമന്റുകള്‍ ഇതിനുള്ളില്‍ വീഡിയോയ്ക്ക് ലഭിച്ച് കഴിഞ്ഞു. ഇതാദ്യമായിട്ടല്ല ഹിമപ്പുലിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. അമ്മയ്‌ക്കൊപ്പം ഒത്തു ചേരുന്ന രണ്ട് ഹിമപ്പുലിയുടെ ദൃശ്യങ്ങള്‍ അടുത്തിടെയാണ് വൈറലായത്. 

ഇന്ത്യയില്‍ ഉയര്‍ന്ന മലമ്പ്രദേശങ്ങളിലാണ് ഹിമപ്പുലികളെ കാണാന്‍ കഴിയുക. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍ പ്രദേശ് തുടങ്ങിയവിടങ്ങളില്‍ എല്ലാം ഹിമപ്പുലികളെ കാണാന്‍ കഴിയും. ഏത് മോശം കാലാവസ്ഥയിലും തങ്ങളുടെ ശരീരത്തിനെക്കാള്‍ മൂന്നിരട്ടി വലിപ്പമുള്ള ഇരകളെ വരെ നേരിടുവാന്‍ ഹിമപ്പുലികള്‍ക്ക് സാധിക്കും. തൊലി, എല്ല്, മറ്റ ശരീര ഭാഗങ്ങള്‍ എന്നിവയ്ക്കായി വന്‍തോതില്‍ വേട്ടയാടുന്നത് മൂലം വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിലാണ് ഹിമപ്പുലികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.