അന്റാലിയ(തുർക്കി): കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ലോകമെങ്ങും രൂക്ഷമാകുന്നതിനിടെ ഐക്യരാഷ്ട്രസഭയുടെ 31-ാം കാലാവസ്ഥാ ഉച്ചകോടി (കോപ്-31) തുർക്കിയിലെ അന്റാലിയയിൽ തുടങ്ങി. ഹരിതഗൃഹവാതക പുറന്തള്ളൽ കുറയ്ക്കുന്നതിനും ഫോസിൽ ഇന്ധനങ്ങളിൽനിന്ന് ശുദ്ധോർജത്തിലേക്കുള്ള മാറ്റം വേഗത്തിലാക്കുന്നതിനും ലോകനേതാക്കൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യു.എൻ. സെക്രട്ടറിജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.

To advertise here,

യൂറോപ്പിലെ കടുത്ത ഉഷ്ണതരംഗങ്ങൾ, ഇൻഡൊനീഷ്യയിലെ കാട്ടുതീ, നേപ്പാളിലെ പ്രളയം തുടങ്ങിയ ദുരന്തങ്ങൾക്കു പിന്നാലെയാണ് ഉച്ചകോടി. ശക്തമായ എൽനിനോ പ്രതിഭാസവും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം വർധിപ്പിക്കുന്നുണ്ട്. ഉച്ചകോടിയുടെ ഉദ്ഘാടനച്ചടങ്ങ് നിശ്ചയിച്ചതിലും വൈകിയാണാരംഭിച്ചത്. കാലാവസ്ഥാ സഹായധനം സംബന്ധിച്ച അജൻഡയിൽ വികസിത -വികസ്വര രാജ്യങ്ങൾക്കിടയിൽ നിലനിന്ന തർക്കമാണു കാരണം.

കാലാവസ്ഥാദുരന്തങ്ങളെ നേരിടാൻ കടൽഭിത്തികൾ നിർമിക്കുക, വരൾച്ചയെ അതിജീവിക്കുന്ന വിളകൾ വികസിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കുള്ള സഹായം മൂന്നിരട്ടിയാക്കണമെന്നാണ് ആഫ്രിക്കൻ രാജ്യങ്ങളുടെ ആവശ്യം. എന്നാൽ കൂടുതൽ സാമ്പത്തികവാഗ്ദാനങ്ങൾക്ക് യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിൽ രാഷ്ട്രീയ സന്നദ്ധതയില്ലെന്നാണു സൂചന.

ഡെമക്രാറ്റുകൾ ഉച്ചകോടിയിൽ

കാലാവസ്ഥാ വ്യതിയാനത്തെ സംശയത്തോടെ കാണുന്ന യു.എസിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടം ഉച്ചകോടിയിലേക്ക് ഔദ്യോഗിക പ്രതിനിധികളെ അയച്ചിട്ടില്ല. എന്നാൽ, ഇടക്കാല തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ ഡെമക്രാറ്റിക് പാർട്ടിയുടെ കോൺഗ്രസ് പ്രതിനിധിസംഘം പങ്കെടുക്കും. കാലാവസ്ഥാനയത്തിൽ ട്രംപ് ഭരണകൂടം സ്വീകരിച്ച നിലപാടുകളിൽനിന്ന് വ്യത്യസ്തമായ സമീപനം പ്രതിനിധികൾ മുന്നോട്ടുവെക്കുമെന്നാണു പ്രതീക്ഷ.

പ്രധാന അജൻഡകൾ

  1. കാലാവസ്ഥാ സഹായധനം: വികസ്വര രാജ്യങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും ശുദ്ധോർജത്തിലേക്ക് മാറാനും സമ്പന്നരാജ്യങ്ങൾ കൂടുതൽ സഹായംനൽകണം
  2. ഫോസിൽ ഇന്ധനങ്ങളിൽനിന്നുള്ള മാറ്റം: കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയുടെ ഉപയോഗം ഘട്ടംഘട്ടമായി കുറച്ച് പുനരുപയോഗ ഊർജത്തിലേക്ക് മാറുക.
  3. ഊർജമേഖലയുടെ വൈദ്യുതീകരണം: ആഗോള ഊർജ ആവശ്യകതയിൽ വൈദ്യുതിയുടെ വിഹിതം നിലവിലെ 20 ശതമാനത്തിൽനിന്ന് 2035-ഓടെ 35 ശതമാനമാക്കുക എന്ന തുർക്കിയുടെ നിർദേശം
  4. കാലാവസ്ഥാ പ്രതിരോധവും പൊരുത്തപ്പെടലും: കടൽനിരപ്പ് ഉയരൽ, പ്രളയം, വരൾച്ച, ഉഷ്ണതരംഗം തുടങ്ങിയവയെ നേരിടാൻ ദുർബലരാജ്യങ്ങൾക്ക് സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ.