ബെലെം: ബ്രസീലിലെ ബെലെമിൽ നടക്കുന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ (കോപ് 30) ഫോസിൽ ഇന്ധനങ്ങൾ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കാനുള്ള കരാറിൽ തീരുമാനമായില്ല. ഇതേത്തുടർന്ന് കരാറിനെ എതിർക്കുന്ന രാജ്യങ്ങളും അനുകൂലിക്കുന്ന രാജ്യങ്ങളും തമ്മിൽ തർക്കമുണ്ടായി. ഇതോടെ രണ്ടാഴ്ച നീണ്ടുനിന്ന സമ്മേളനം വെള്ളിയാഴ്ച അവസാനിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും, രാത്രി വൈകിയും ചർച്ചകൾ തുടർന്നു.

To advertise here,

ഫോസിൽ ഇന്ധനങ്ങളുടെ (കൽക്കരി, എണ്ണ, പ്രകൃതി വാതകം) ഉപയോഗം കാർബൺ ഡൈ ഓക്സൈഡ് (CO2), മീഥെയ്ൻ, കാർബൺ തുടങ്ങിയ ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നു. ഇത് വർധിക്കുന്നത് ആഗോള താപനത്തിനും കാലാവസ്ഥാ മാറ്റങ്ങൾക്കും കാരണമാകുന്നു. ഗതാഗതം, ഊർജ്ജ ഉത്പാദനം, വ്യവസായങ്ങൾ, ഖനനം, ശുദ്ധീകരണം എന്നിവയാണ് പ്രധാനമായും പുറന്തള്ളലിന്റെ സ്രോതസ്സുകൾ. അതുകൊണ്ടുതന്നെ ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കുകയെന്നത് കാലാവസ്ഥാ ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

എൺപതോളം രാഷ്ട്രങ്ങൾ കരാറിനെ അനുകൂലിക്കുന്നുണ്ടെങ്കിലും ഉച്ചകോടിയിൽ ഒരു കരാർ പാസാക്കുന്നതിന് 194 കക്ഷികളും സമ്മതിക്കണമെന്ന വ്യവസ്ഥയുണ്ട്. അതിനാൽ കരാർ വേണമെന്നതിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസമാണ് തർക്കത്തിന് വഴിവെച്ചത്

രണ്ട് വർഷം മുമ്പ് ദുബായിൽ നടന്ന COP28 ലാണ് ഫോസിൽ ഇന്ധനങ്ങൾക്ക് ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്ന ആശയം അവതരിപ്പിക്കപ്പെട്ടത്. എന്നാൽ ഇതുസംബന്ധിച്ച് കരാറുകളൊന്നും രാജ്യങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല. ഇങ്ങനെയൊരു കരാർ നിലവിൽ വന്നാൽ രാജ്യത്തിന്റെ  സമ്പദ്ഘടനയിൽ ഫോസിൽ ഇന്ധനങ്ങൾക്ക് പ്രാധാന്യമുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് വെല്ലുവിളിയാകും.

എണ്ണ ഉത്പാദക രാജ്യങ്ങളായ റഷ്യ, ഇന്ത്യ, സൗദി അറേബ്യ, തുടങ്ങിയ വളർന്നുവരുന്ന രാജ്യങ്ങൾ കരാറിനെ തടയുകയാണെന്ന് ഫ്രഞ്ച് പരിസ്ഥിതി മന്ത്രി മോണിക്ക് ബാർബട്ട് വേദിയിൽ വിമർശിച്ചു. 

അതിനിടെ ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കൽ, CO2 ഉദ്വമനം കുറയ്ക്കൽ, ദരിദ്ര രാജ്യങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനാവശ്യമായ ധനസഹായം എന്നിവ സംബന്ധിച്ചും വാർഷിക സമ്മേളനത്തിൽ തീരുമാനമായില്ല. ഉച്ചകോടിയുടെ സമാപനത്തിന് മുന്നോടിയായി വെള്ളിയാഴ്ച ബ്രസീൽ പുറത്തിറക്കിയ കാലാവസ്ഥാ കരാറിനായുള്ള കരട് വാചകത്തിൽ ഈ വിഷയങ്ങളിൽ യാതൊരു പരാമർശവും ഉണ്ടായിരുന്നില്ല.