ബെലെം: ബ്രസീലിലെ ബെലെമിൽ നടന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിയ്ക്ക് (കോപ് 30) ശനിയാഴ്ച സമാപനമായി. 2035- ഓടെ വികസിത രാജ്യങ്ങൾ കാലാവസ്ഥാ പ്രവർത്തനങ്ങൾക്കായി അവികസിത- വികസ്വര രാജ്യങ്ങൾക്ക് പ്രതിവർഷം 1.3 ട്രില്യൺ ഡോളർ നൽകണമെന്ന കരാറിൽ എല്ലാ കക്ഷികളും ഒപ്പുവെച്ചാണ് സമ്മേളനത്തിന് സമാപനമായത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട ധനസഹായത്തിൽ ഉണ്ടായ തീരുമാനത്തെ ഇന്ത്യ സ്വാഗതംചെയ്തു. എന്നാൽ, ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം നിർത്തലാക്കാനുള്ള കരാറിൽ പ്രതിനിധികൾ തമ്മിൽ തർക്കമുണ്ടായതോടെ വിഷയത്തിൽ തീരുമാനമാകാതെ പിരിഞ്ഞു. 

To advertise here,

പാരീസ് ഉടമ്പടിയിലെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി രാജ്യങ്ങളെ സജ്ജമാക്കാൻ ഗ്ലോബൽ ഇംപ്ലിമെന്റേഷൻ ആക്സിലറേറ്ററും മിഷൻ 1.5°C സംരംഭവും ആരംഭിക്കാൻ ഉച്ചകോടിയിൽ തീരുമാനമായിട്ടുണ്ട്.

2035-ഓടെ ആരോഗ്യ സംവിധാനങ്ങളിലെ കാലാവസ്ഥാ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനായി അഡാപ്റ്റേഷൻ ഫണ്ടിലേക്ക് 135 മില്യൺ ഡോളറിന്റെ പുതിയ പദ്ധതികളും ബെലെം ഹെൽത്ത് ആക്ഷൻ പ്ലാനിനായി 300 മില്യൺ ഡോളറും പ്രതിനിധികൾ പ്രഖ്യാപിച്ചു. ഇത് അസർബൈജാനിലെ ബക്കുവിൽ നടന്ന കോപ് 28 ഉച്ചകോടിയിൽ തീരുമാനിച്ചിരുന്ന അഡാപ്റ്റേഷൻ ഫണ്ടിന്റെ മൂന്നിരട്ടിയാണ്. 

അതേസമയം, ഫോസിൽ ഇന്ധനം സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും വിഷയത്തിലുണ്ടായ ചർച്ച, ഭാവിയിലുണ്ടായേക്കാവുന്ന മാറ്റങ്ങളുടെ ശുഭസൂചനയാണെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അടുത്തവർഷത്തെ കാലാവസ്ഥാ ഉച്ചകോടി (കോപ് 31) ഓസ്ട്രേലിയയുടെ സഹകരണത്തോടെ തുർക്കിയിൽ നടത്തുമെന്നും സംഘാടകർ അറിയിച്ചു.