
ബ്രസീൽ പ്രസിഡൻ്റ് ലുയിസ് ഇനാസിയോ ലുല ഡ സിൽവ കാലാവസ്ഥാ ഉച്ചകോടിയുമായിക്ക് മുന്നോടിയായ ചർച്ചകൾക്ക് തുടക്കം കുറിക്കുന്നു | Photo: instagram/
Luiz Inácio Lula da Silva
a
ബ്രസീൽ: നവംബർ 10 മുതൽ 21 വരെ ബ്രസീലിലെ ബെലെം നഗരത്തിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനം (കോപ് 30) കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായുള്ള ചർച്ചകൾ ബ്രസീലിലെ ബെലേമിൽ ആരംഭിച്ചു. കാലാവസ്ഥാ പ്രതിസന്ധി എങ്ങനെ പരിഹരിക്കണം, അതിനുള്ള പണം ആരാണ് നൽകേണ്ടത് തുടങ്ങിയ വിഷയങ്ങളിൽ മുൻ ഉച്ചകോടികളിലുണ്ടായ തർക്കങ്ങൾ നിലനിൽക്കുന്നതിനാൽ, ലോകം ഏറെ ആകാംക്ഷയോടെയാണ് ഈ സമ്മേളനത്തെ നോക്കിക്കാണുന്നത്.
ബ്രസീലിന്റെ പ്രസിഡൻ്റ് ലുയിസ് ഇനാസിയോ ലുല ഡ സിൽവ, കോപ് 30- യെ 'ആമസോണിന്റെ കോപ്' ആയി അവതരിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആമസോൺ വനങ്ങളിലെ നഗരം ഉച്ചകോടിക്ക് വേദിയാകുന്നത് വഴി, ബ്രസീലിന്റെ 'ട്രോപ്പിക്കൽ ഫോറസ്റ്റ് ഫോറെവർ ഫെസിലിറ്റി' (TFFF) പോലുള്ള സുപ്രധാന പദ്ധതികൾക്ക് ലോകശ്രദ്ധ നേടാൻ സാധിക്കുമെന്നാണ് ബ്രസീലിന്റെ പ്രതീക്ഷ. ഇത് വനങ്ങളെ നിലനിർത്താനും പ്രാദേശിക സമൂഹങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്നതിൽ നിർണായകമാകും.
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കോപ് 30-യിൽ പങ്കെടുക്കുന്നില്ലെന്ന പ്രഖ്യാപനം ചർച്ചകളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ്റെ യോഗങ്ങളിൽ യുഎസ് ഭീഷണി ആദ്യാവസാനം നിഴലിച്ച സാഹചര്യത്തിൽ, നിർദേശങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യുന്ന പ്രതിനിധികൾക്ക് താരിഫ് നടപടികളിലൂടെയോ വിസ റദ്ദാക്കലിലൂടെയോ ഭീഷണിയുണ്ടായേക്കാമെന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. കോപ് 30 യിൽ സഹകരിച്ചാൽ തിരിച്ചടി നൽകുമെന്ന് ഭീഷണിപ്പെടുത്തുന്ന കോളുകളും ഇമെയിലുകളും പല രാജ്യങ്ങളുടെയും പ്രതിനിധികളിക്ക് ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഹരിതഗൃഹ വാതകങ്ങൾ ഏറ്റവുമധികം പുറത്തുവിടുന്ന രാജ്യമായ ചൈനയും ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല. വികസിത രാജ്യങ്ങൾ കാലാവസ്ഥാ ധനസഹായം നൽകണമെന്ന നിലപാടാണ് ചൈനയ്ക്കുള്ളത്. എന്നിരുന്നാലും, മീഥേൻ പുറന്തള്ളൽ കുറയ്ക്കാൻ ചെെന തയ്യാറാണെന്ന സൂചന നൽകിയാൽ, അത് യുഎസ്-ചൈന ബന്ധത്തിൽ വലിയ മാറ്റമുണ്ടാക്കിയേക്കാം.
കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കുന്നതിന് വികസിത രാജ്യങ്ങൾ പണം നൽകണമെന്നും, സാമ്പത്തിക വികസനത്തിനായി അവികസിത- വികസ്വര രാജ്യങ്ങളെ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കണം എന്നുമുള്ള ഇന്ത്യയുടെ നിലപാട് കോപ്30 യിലും ആവർത്തിക്കുമെന്നാണ് സൂചന. വായു മലിനീകരണം പരിഹരിക്കുന്നതിനായി ലോകത്തിലെ മൂന്നാമത്തെ വലിയ പുനരുപയോഗ ഊർജ്ജ ഉൽപ്പാദകരായ ഇന്ത്യയുടെ പ്രവർത്തനം മറ്റ് രാജ്യങ്ങൾക്ക് മാതൃകയാക്കാവുന്നതാണ്.
കഴിഞ്ഞ വർഷം കാലാവസ്ഥാ ധനസഹായം സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിട്ടത് അവികസിത രാജ്യങ്ങൾക്ക് പുതിയ ധനസഹായ രൂപങ്ങൾ കണ്ടെത്താൻ വലിയ പ്രതീക്ഷ നൽകുന്നുണ്ട്. അവികസിത രാജ്യങ്ങൾക്ക് ആവശ്യമായ 'കാലാവസ്ഥയ്ക്ക് വേണ്ടിയുള്ള കടം മാറ്റിവയ്ക്കൽ' (debt for climate swaps) പോലുള്ള സംവിധാനങ്ങളും പരമ്പരാഗത ഗ്രാന്റുകളും ഈ ഉച്ചകോടിയിൽ യാഥാർഥ്യമായാൽ, ദാരിദ്ര്യത്തിൽനിന്ന് കരകയറാൻ അവർക്ക് ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കേണ്ടി വരില്ല. വികസിത രാജ്യങ്ങളുടെ ബാധ്യതകളെക്കുറിച്ച് ഓർമ്മിപ്പിക്കുന്ന ചെറിയ ദ്വീപ് രാജ്യങ്ങളുടെ സഖ്യം (Aosis) അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയിലൂടെ നിയമപരമായ ശക്തമായ പിന്തുണയോടെയാണ് എത്തുന്നത്.
കോപ് 30 ഉച്ചകോടിയുടെ വെല്ലുവിളികളും സാമ്പത്തിക തർക്കങ്ങളും നിലനിൽക്കുമ്പോഴും, ബെലേമിലെ ചർച്ചകൾ ലോകത്തിന് മുന്നിൽ വലിയ പ്രതീക്ഷകളാണ് നൽകുന്നത്. വിവിധ രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര താൽപര്യങ്ങൾ മാറ്റിവെച്ച്, യൂറോപ്യൻ യൂണിയൻ-ചൈന സഖ്യം പോലുള്ള പുതിയ കൂട്ടുകെട്ടുകൾ ആഗോള കാലാവസ്ഥാ പ്രവർത്തനത്തിന് ഊർജ്ജം പകരാനുള്ള സാധ്യതയും ബെലേമിലുണ്ട്. 'ബക്കു ടു ബെലെം റോഡ്മാപ്പി'ലൂടെ കാലാവസ്ഥാ ധനസഹായം ഒരു ദൃഢമായ ഫണ്ടിംഗ് പ്രോഗ്രാമിന്റെ തുടക്കത്തിലേക്ക് എത്താനുള്ള സാധ്യത ഈ ഉച്ചകോടിയെ ഒരു വഴിത്തിരിവാക്കി മാറ്റിയേക്കാം.
Content Highlights: UN Climate Change Conference (COP 30) discussions are underway in Belem, Brazil
Published: 07 Nov 2025, 02:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented