
തൃശ്ശൂർ മൃഗശാലയിൽ ചത്ത ഋഷിരാജ് എന്ന കടുവ | Photo: mathrubhumi
തൃശ്ശൂർ: തൃശ്ശൂർ മൃഗശാലയിലെ പ്രധാന ആകർഷണമായിരുന്ന ഋഷിരാജ് എന്ന ആൺ കടുവ ചത്തു. മൂന്നുമാസത്തോളമായി പ്രത്യേക പരിചരണം നൽകി വരികയായിരുന്നു. തൃശ്ശൂർ സംസ്ഥാന മ്യൂസിയം മൃഗശാലയത്തിലെ കടുവയാണ് ചത്തത്. വയനാട്ടിൽ നിന്നെത്തിച്ചതുമുതൽ അവസാന സമയം വരെയും കുടുംബാംഗത്തെപോലെയാണ് ജീവനക്കാർ ഋഷിരാജിനെ കണ്ടിരുന്നത്.
മൃഗശാലയിലെ ശൗര്യമേറിയ കടുവകളിലൊന്നായിരുന്നു ഋഷിരാജ്. പത്തുവർഷം മുൻപ് 15 വയസ്സുള്ളപ്പോഴാണ് ഇവിടെ എത്തിച്ചത്. ഇപ്പോൾ 25 വയസ്സായിരുന്നു. ശൗര്യം കൂടുമ്പോൾ കൂടിന് മുകളിൽ അടിച്ച് വിറപ്പിക്കുമായിരുന്നു. സന്ദർശകരെയും പേടിപ്പിക്കും. മാസങ്ങളെടുത്താണ് മൃഗശാലയുമായി ഇണങ്ങിയത്. പ്രായമേറിയതോടെ ശൗര്യം അടങ്ങിയിരുന്നു.
രണ്ടുവർഷമായി പരിചാരകരോടും ഏറെ ഇണങ്ങിയിരുന്നു. അവസാന സമയത്ത് കിടക്കുന്നതിന് പ്രത്യേകം റബ്ബർമാറ്റും ചാക്കുമെല്ലാം നൽകിയിരുന്നു. മൂന്നുമാസമായി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു. ഭക്ഷണം കഴിക്കുന്നതും കാഷ്ഠത്തിലെ മാറ്റങ്ങളും നോക്കിയാണ് ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നത്. മൂന്നുമാസമായി ജീവനക്കാരാണ് ഭക്ഷണവും മരുന്നും വായിൽ വെച്ചുകൊടുത്തിരുന്നത്. സന്ദർശകരെയും അനുവദിച്ചിരുന്നില്ല.
കൃത്യമായ പരിചരണമാണ് കടുവയുടെ ആയുസ്സ് കൂടാൻ സഹായിച്ചതെന്ന് സൂപ്രണ്ട് ടി.വി. അനിൽകുമാർ പറഞ്ഞു. വെറ്ററിനറി സർജൻ ഡോ. ധന്യ, കീപ്പർ കെ.വി. വിബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിചരണം.
കാട്ടിൽ കഴിയുന്ന കടുവകൾ 20 വയസ്സിന് മുകളിൽ സാധാരണയായി ജീവിക്കാറില്ല. പ്രായമാകുന്നതോടെ ഇവയുടെ ഇരതേടുന്നതിനുള്ള ശക്തിയില്ലാതാകും.
പേശികളുടെ ബലം കുറയുന്നതോടെ നടക്കാനും കഴിയാതാകും. പട്ടിണി കിടന്നാണ് പലപ്പോഴും ചാകേണ്ടി വരുക. മൃഗശാലയിൽ 20-30 വയസ്സുവരെ കടുവകൾ ജീവിക്കും. ഇനി നരൻ എന്ന് പേരുള്ള കടുവയാണ് ഇവിടെയുള്ളത്. ദേശീയ കടുവസംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് പോസ്റ്റ്‌മോർട്ടത്തിനുശേഷം കടുവയെ സംസ്‌കരിച്ചു.
മാസങ്ങൾക്ക് മുമ്പ് തിരുപ്പതി മൃഗശാലയിലെ പെണ്‍സിംഹം പ്രായാധിക്യം മൂലമുള്ള അവശതകളാല്‍ ചത്തിരുന്നു. 23 വയസുളള ഇന്ദു എന്ന് പേരുള്ള പെണ്‍സിംഹമാണ് ചത്തത്. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഭക്ഷണം കഴിക്കുന്നത് ഇന്ദു നിര്‍ത്തിയതായും മെല്ലെ മരണത്തിന് കീഴടങ്ങുകയുമായിരുന്നെന്നും ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കിലെ ജീവനക്കാര്‍ പറഞ്ഞു.
Content Highlights: Rishiraj, a beloved male tiger at Thrissur Zoo, passed away.
Published: 24 Nov 2025, 04:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented