തിരുപ്പതി (ആന്ധ്രാപ്രദേശ്): തിരുപ്പതി മൃഗശാലയിലെ പെണ്‍സിംഹം പ്രായാധിക്യം മൂലമുള്ള അവശതകളാല്‍ ചത്തു. 23 വയസ്സുളള ഇന്ദു എന്ന് പേരുള്ള പെണ്‍സിംഹമാണ് ചത്തത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഭക്ഷണം കഴിക്കുന്നത് ഇന്ദു നിര്‍ത്തിയതായും മെല്ലെ മരണത്തിന് കീഴടങ്ങുകയുമായിരുന്നെന്നും ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കിലെ ജീവനക്കാര്‍ പറയുന്നു. 

To advertise here,

ഒരു സര്‍ക്കസ് സ്ഥാപനത്തില്‍നിന്ന് രക്ഷിച്ചെടുത്ത പെണ്‍സിംഹങ്ങളിലൊന്നാണ് ഇന്ദു. 2002-ല്‍ എട്ടുമാസം മാത്രം പ്രായമുള്ളപ്പോള്‍ മഹാരാഷ്ട്രയിലെ താനെയിലുള്ള നാഷണല്‍ സര്‍ക്കസില്‍നിന്നാണ് ഇന്ദുവിനെ മൃഗശാല അധികൃതര്‍ക്ക് ലഭിക്കുന്നത്. 

കൂട്ടിലടക്കപ്പെട്ട സിംഹങ്ങള്‍ 23 വര്‍ഷം ജീവിച്ചിരിക്കുന്നത് അപൂര്‍വ്വമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. മികച്ച ചികിത്സ  ഇന്ദുവിന് ഉറപ്പാക്കിയിരുന്നെങ്കിലും പ്രായാധിക്യം മൂലമുള്ള അവശതകള്‍ പെണ്‍സിംഹത്തെ അലട്ടിയിരുന്നുവെന്ന് മൃഗശാലാ ജീവനക്കാര്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ ഇന്ദുവിന്റെ മരണം സ്വാഭാവികമാണെന്ന് സ്ഥിരീകരിച്ചു.