വണ്ടിപ്പെരിയാർ: മൂന്നാറിൽനിന്ന് പിടികൂടി ഗവിയിലെ ഉൾവനത്തിൽ തുറന്നുവിട്ട കടുവ തങ്കമല ഭാഗത്തെ ജനവാസമേഖലയിൽ. തങ്കമല മാട്ടുപ്പട്ടി ആറാംനമ്പർ ഭാഗത്ത് കടുവ ഉള്ളതായാണ് വനംവകുപ്പിൽനിന്ന് ലഭിക്കുന്ന വിവരം. കടുവ ജനവാസ മേഖലയിലേക്ക് കടന്നതോടെ ദേശീയ കടുവ സംരക്ഷണ അതോറിറ്റി മോണിറ്ററിങ് കമ്മിറ്റി ഓൺലൈൻ യോഗംചേർന്ന് വീണ്ടും കൂടുവെച്ച് കടുവയെ പിടികൂടാൻ തീരുമാനിച്ചു.

To advertise here,

രാത്രിയോടെ രണ്ട് കൂടുകൾ സ്ഥാപിച്ചു. റേഡിയോ കോളർ ഘടിപ്പിച്ചിരിക്കുന്നതിനാൽ കടുവയുടെ നീക്കത്തിന് അനുസരിച്ച് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. കടുവയെ പിടികൂടിയാൽ ഉൾവനത്തിൽ വിടണോ, അതോ, മൃഗശാലയിലാക്കണോ എന്ന കാര്യത്തിൽ വനംവകുപ്പ് ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിർദേശം തേടിയിട്ടുണ്ട്.

ഈ മാസം രണ്ടാംതീയതിയാണ് മൂന്നാർ ജനവാസ മേഖലയിൽ ഭീതിപടർത്തിയ കടുവയെ പെരിയാർ ടൈഗർ റിസർവിന്റെ ഉൾവനത്തിലെത്തിച്ച് തുറന്നുവിട്ടത്. 10 പേരടങ്ങുന്ന വനപാലകസംഘം മൂന്നാഴ്ചയായി കടുവയെ നിരീക്ഷിച്ചുവരുകയായിരുന്നു.

തങ്കമല മൂലക്കയം, മാട്ടുപ്പട്ടി ആറാംനമ്പർ ഭാഗത്ത് പ്രദേശവാസിയായ ശേഖർ ശനിയാഴ്ച രാത്രി പത്തോടെ കടുവ തേയിലത്തോട്ടത്തിലേക്ക് ചാടുന്നത് കണ്ടു. വിവരം നാട്ടുകാർ ഉടൻ വനപാലകരെ അറിയിച്ചു. പെരിയാർ കടുവ സങ്കേതം അസി. ഫീൽഡ് ഡയറക്ടർ ആർ. ലക്ഷ്മിയുടെ നേതൃത്വത്തിൽ രാത്രി പതിനൊന്നോെട കൂടുതൽ വനപാലകസംഘം സ്ഥലത്തെത്തി നിരീക്ഷണം ശക്തമാക്കി. കൂടുതൽ ആർ.ആർ.ടി. അംഗങ്ങളും സ്ഥലത്തുണ്ട്. കോട്ടയം ഡി.എഫ്.ഒ. പ്രഫുൽ അഗർവാളും സ്ഥലത്തെത്തി. ആറാംനമ്പർ ഭാഗത്തെ കാടിനുള്ളിലാണ് കടുവയുള്ളത്. ഇതിന്റെ 100 മീറ്റർ ചുറ്റളവിൽ ആയുധധാരികളായ ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിട്ടുണ്ട്.

ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. രാത്രിയോടുകൂടി കടുവ വീണ്ടും കാട്ടിലേക്ക് കയറുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ.

ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണൻ വനം വകുപ്പ് ഉദ്യോഗസ്ഥരിൽനിന്ന് നിരന്തരം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

അഞ്ച് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാർ, വിവിധ ആർ.ആർ.ടി., വൈപ്പാർ ടീം അംഗങ്ങൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങി നൂറോളംപേർ വരുന്ന സംഘം വിവിധ ഭാഗങ്ങളിൽ ക്യാമ്പുചെയ്തുവരുകയാണ്. ഇടുക്കി ജില്ലാകളക്ടർ ഡോ. ദിനേശൻ ചെറുവാട്ടും വനംവകുപ്പ് ഉന്നത ഉദ്യേഗസ്ഥരും സ്ഥിതിഗതികൾ വിലയിരുത്തി വരുകയാണ്.