കൊച്ചി: വേനല്‍ച്ചൂട് കടുത്തതോടെ മീനുകള്‍ക്ക് രോഗബാധ കൂടുന്നു. ചില മത്സ്യഫാമുകളില്‍ മീനുകള്‍ ചത്തൊടുങ്ങുന്നുമുണ്ട്. അതേസമയം മുന്‍പരിചയമുള്ള മത്സ്യകര്‍ഷകര്‍ ചൂടു തുടങ്ങുന്നതിനു മുന്‍പേ ഹാച്ചറികളിലെ മത്സ്യക്കുഞ്ഞുങ്ങളുടെ ഉത്പാദനം നിര്‍ത്തി. വേനല്‍ കടുത്തതോടെ ചൂടുകുറഞ്ഞ ഇടങ്ങള്‍ തേടി പലായനത്തിലാണ് മീനുകള്‍.

To advertise here,

ജലോപരിതലത്തിലെ ചൂട് സാധാരണ 25-27 ഡിഗ്രി സെല്‍ഷ്യസാണ്. പകല്‍നേരത്ത് 30-31 വരെ ഉയരും. താപനില ഉയരുമ്പോള്‍ ജലത്തിലെ ദ്രവ 
ഓക്‌സിജന്റെ അളവ് കാര്യമായി കുറയും. ശരീര ഊഷ്മാവ് ക്രമീകരിക്കാന്‍ സാധിക്കാത്ത ജീവിവര്‍ഗത്തില്‍ പെടുന്നതാണ് മീനുകള്‍. കൂടുന്ന ചൂട് മീനുകളുടെ ശാരീരിക പ്രവര്‍ത്തനത്തെ തകരാറിലാക്കും. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടും. ഇതിനായി കൂടുതല്‍ ഓക്‌സിജന്‍ വേണ്ടിവരും. ആവശ്യത്തിന് ശ്വാസവായു കിട്ടാതെ വരുന്നതോടെ മീനുകള്‍ കടുത്ത സമ്മര്‍ദത്തിലാവും. തീറ്റ കഴിക്കുന്നത് കുറയും. ജലത്തിലെ അമോണിയ കൂടുന്നതിനാല്‍ വളര്‍ച്ചയും മന്ദഗതിയിലാകും. ഉയര്‍ന്ന താപനിലയില്‍ രോഗകാരികളായ ബാക്ടീരിയകള്‍ പെരുകുന്നതോടെ മീനുകളെ രോഗങ്ങള്‍ പിടികൂടും.

''കൂടുമത്സ്യകൃഷിയില്‍ അടിത്തട്ടിലെ വെള്ളം മുകളിലേക്ക് പൈപ്പില്‍ പമ്പുചെയ്യുകയാണ് ഇപ്പോള്‍. ഇതുകൊണ്ട് ഒരു പരിധി വരെ ആശ്വാസം കിട്ടും. ലവണാംശവും കൂടുന്നുണ്ട്. സാധാരണയായി 10 മുതല്‍ 15 വരെയുള്ള പിപിടി (പാര്‍ട്‌സ് പര്‍ തൗസന്റ്) ഇപ്പോള്‍ 30 ആണ്. കരിമീനിന് ഇതു പ്രശ്‌നമാണ്'' - അഷ്ടമുടിക്കായലില്‍ വയലില്‍ ഹാച്ചറീസ് ആന്‍ഡ് ഫാംസ് നടത്തുന്ന കിരണ്‍ ബാലകൃഷ്ണന്‍ പറഞ്ഞു. ''കാലാവസ്ഥയുടെ മാറ്റം അതിവേഗത്തിലാണ്. പ്രതികൂല കാലാവസ്ഥയില്‍ ഹാച്ചറികള്‍ പ്രവര്‍ത്തനം നിര്‍ത്തുകയാണ് പതിവ്'' - പെരുമ്പാവൂരില്‍ അക്വാറ ഫിഷ് ഫാം നടത്തുന്ന അരുണ്‍ പോള്‍ പറയുന്നു.

'മീനുകള്‍ക്ക് ഇടമില്ല'

''വെള്ളത്തിന് ചൂടുകൂടുമ്പോള്‍ മീനുകള്‍ക്ക് താഴേയ്ക്ക് പോകാന്‍ ഇടമില്ലാതായിരിക്കുന്നുവെന്നതാണ് പുതിയ പ്രശ്‌നം. കായലുകളിലും നദികളിലുമെല്ലാം മണ്ണ് അടിഞ്ഞുകൂടി ആഴം കുറയുന്നു. മുന്‍പ് രണ്ടുമീറ്റര്‍ ശരാശരി ആഴമുണ്ടായിരുന്നിടത്ത് അര മീറ്ററൊക്കെയേ ഇപ്പോള്‍ ഉള്ളൂ''.- കുസാറ്റിലെ സെന്റര്‍ ഫോര്‍ അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് പ്രൊഫസര്‍ ഡോ. ഐ.എസ് ബ്രൈറ്റ് സിങ് പറഞ്ഞു.