വിമുഖത മാത്രമല്ല, പലപ്പോഴും വെറുപ്പും പ്രകടിപ്പിക്കുന്നു. യൂറോപ്യന് വീടുകള്ക്കുള്ളില് ഇന്ന് മുഴങ്ങുന്ന പ്രധാനപ്പെട്ട ഒരു ചോദ്യം ഇതാണ്: 'എന്റെ വാതിലില് അഭയം തേടിയെത്തുന്ന ഒരാളുടെ കാവല്ക്കാരനാകേണ്ടത് ഞാനാണോ?'

കളമശ്ശേരി മുനിസിപ്പൽ അതിർത്തിയിലുള്ളത്ര ജനസംഖ്യയേ ജിബ്രാൾട്ടർ കടലിടുക്കിലേക്ക് മൂക്ക് നീട്ടിനിൽക്കുന്ന ഉത്തരാഫ്രിക്കൻ നഗരമായ സ്യൂട്ടയിലുള്ളൂ, എൺപതിനായിരം പേർ. അവിടേയ്ക്കാണ് ആഗസ്ത് മാസത്തിലെ ആദ്യദിവസങ്ങളിലൊന്നിൽ അൻപതിനായിരം പേർ കടൽ നീന്തി കരയ്ക്കണഞ്ഞത്. സ്പാനിഷ് അധീനതയിലുള്ള സ്യൂട്ട ആഫ്രിക്കയിലെ യൂറോപ്യൻ നഗരമാണ്. അസ്തമിച്ച യൂറോപ്യൻ സാമ്രാജ്യത്വം മരിക്കുന്നതിന് മുമ്പ് എടുത്തുപോകാൻ മറന്നുപോയ ഒരു നിമിഷംപോലെയാണ് സ്യൂട്ട. അവിടേയ്ക്കാണ് മൊറോക്കോയിൽ നിന്ന് അർദ്ധനഗ്‌നരായ പതിനായിരങ്ങൾ എത്തിച്ചേർന്നത്. കടൽത്തീരത്തെ കമ്പിവേലികളിൽ അള്ളിപ്പിടിച്ച് ഒരു യുവാവ് സ്പാനിഷ് പോലീസിനോട് പറയുന്നതു കേട്ടു, 'കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറായി നീന്തുകയായിരുന്നു. ഒന്നും കഴിച്ചിട്ടില്ല. വിശക്കുന്നു'.
ക്രൂശിലെ ക്രിസ്തുവിനെ ഓർമ്മിപ്പിക്കുന്ന വിധം ക്ഷീണിതനായി അരയിലെ ഒറ്റമുണ്ടിൽ കണ്ട ആ യുവാവിന്റെ വിശപ്പ് ഒരു മനുഷ്യന്റെ വിശപ്പു മാത്രമായിരുന്നില്ല. നീന്തിനീന്തി തളർന്ന ആ മനുഷ്യരൂപം ഇന്നത്തെ ലോകം അഭയാർത്ഥികളെ കാണുന്ന രീതിയെക്കുറിച്ചുള്ള ഒരു ചോദ്യമായി മാറി.
എന്നാൽ ഇപ്പോൾ അഭയാർത്ഥിപ്രവാഹങ്ങൾ പരിഷ്‌കൃതലോകത്തെ വൈകാരികമായി സ്പർശിക്കാറില്ല. ആളുകളെ ഇപ്പോൾ സ്ഥിതിവിവരക്കണക്കുകളും ഇസ്ലാം പേടിയും ഭീകരാക്രമണമെന്ന ഭയവുമാണ് നിയന്ത്രിക്കുന്നത്. രണ്ടു ലോകമഹായുദ്ധങ്ങൾ മനുഷ്യരാശിയെ പഠിപ്പിച്ച അനുകമ്പയുടെ വികാരം ഇന്ന് കവികളുടെ വിചാരലോകത്തുമാത്രം അഭയം തേടുന്നു. പാശ്ചാത്യ ലിബറൽ ലോകം പല കാരണങ്ങളാലും മിക്കവാറും വലത്തേക്കു തിരിഞ്ഞതോടെ അഭയാർത്ഥിയോടുള്ള കരുണ പൊതുരാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങുകയാണ്. അതിനാൽ മഹ്‌മൂദ് ദാർവിഷിന്റെ ഈ വരികൾ ആദ്യം വായിക്കാം. പിന്നെ സ്യൂട്ടയിലേക്കു തിരികെ വരാം.
'ഈ വിദൂരതയിൽ എന്റെ ഈന്തപ്പനയിലേക്കു
എന്നെ തിരികെ കൊണ്ടുവരുന്ന ഒന്നുമില്ല -
സമാധാനവുമില്ല, യുദ്ധവുമില്ല.
ദൈവവചനങ്ങളിലേക്ക് കയറിനോക്കാൻ
എന്നെ പ്രേരിപ്പിക്കുന്ന ഒന്നുമില്ല.
അപ്പോൾ ഞാൻ എന്തു ചെയ്യും?
നാടുകടക്കുകയല്ലാതെ ഞാൻ എന്തു ചെയ്യും?
ജലത്തിലേക്ക് ഉറ്റുനോക്കുന്ന
ഈ നീണ്ട രാത്രിയില്ലാതെ ഞാൻ എന്തു ചെയ്യും?'
കടൽ കടന്നു വന്ന അൻപതിനായിരം പേരെ സ്‌പെയിൻ കൈനീട്ടി സ്വീകരിച്ചില്ല. ഞാൻ ഈ ലേഖനം എഴുതുന്ന സമയത്തിനകം തന്നെ അവരിൽ നാല്പതിനായിരത്തോളം പേർ തിരികെ മൊറോക്കോയിലേക്ക് പോയെന്നാണ് അറിയാൻ കഴിയുന്നത്. പക്ഷേ ആലോചിച്ചുനോക്കൂ—എന്തൊരു ദുരന്തമാണത്! ഒരു തൊഴിൽ തേടി, മെച്ചപ്പെട്ട ഉറക്കം സ്വപ്നംകണ്ട്, സ്വന്തം അമ്മയെയും പിറന്ന നാടിനെയും ഭാഷയെയും വേരുകളെയും ഉപേക്ഷിച്ച് കടൽ നീന്തിക്കടന്ന ചെറുപ്പക്കാർ വന്നപാടേ എന്നാൽ കൂടുതൽ അനാഥത്വത്തോടെ തിരിച്ചുപോകേണ്ടി വരുന്ന മനുഷ്യാവസ്ഥ ! ഈ മാനസികാഘാതത്തിൽ അവരിൽ എത്രപേർ ആത്മഹത്യയുടെ വക്കിലെത്തുമെന്നു പോലും നമുക്കറിയില്ല. അങ്ങനെ സംഭവിക്കാതിരിക്കട്ടെ. രണ്ടാം ലോകമഹായുദ്ധം യൂറോപ്പിൽ സൃഷ്ടിച്ച അഭയാർത്ഥിപ്രവാഹങ്ങളെക്കുറിച്ച് ഹന്നാ ആരെന്റ് ( Hannah Arendt തന്റെ ചരിത്രപ്രസിദ്ധമായ We, Refugees (1943, 'ഞങ്ങൾ, അഭയാർത്ഥികൾ') എന്ന പ്രബന്ധത്തിൽ ആത്മഹത്യകളെക്കുറിച്ച് എഴുതുന്നുണ്ട്. ആ പട്ടികയിലെ ഏറ്റവും വേദനാജനകമായ പേരുകളിലൊന്നാണ് ജർമ്മൻ-ജൂത ചിന്തകനായ വാൾട്ടർ ബെൻയാമിൻ. നാല്പത്തിയെട്ടാം വയസ്സിൽ അദ്ദേഹം ആത്മഹത്യ ചെയ്തത് മറ്റെവിടെയുമല്ല-സ്‌പെയിനിലായിരുന്നു. അതിരുകൾ ചിലപ്പോൾ രാജ്യങ്ങളെ മാത്രമല്ല, മനുഷ്യരുടെ പ്രതീക്ഷകളെയും വേർതിരിക്കുന്നു. വാൾട്ടർ ബെൻയാമിൻ അവസാനമായി എത്തിച്ചേർന്ന അതിരും സ്‌പെയിനിന്റെ അതിരായിരുന്നു. സ്പാനിഷ് അതിർത്തിയിലെ പോർട്ട്ബൗവിൽ. പിറ്റേന്ന് നാസി നിയന്ത്രണത്തിലുള്ള ഫ്രാൻസിന് താൻ കൈമാറപ്പെട്ടേക്കുമെന്ന ഭയമാണ് ആ മഹാചിന്തകനെ ജീവിതം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ മരണം നമ്മെ അതിർത്തികളെയും അഭയാർത്ഥിത്വത്തെയും കുറിച്ച് കൂടുതൽ തീക്ഷ്ണമായി ചിന്തിക്കാൻ പ്രേരിപ്പിച്ചു.
ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം കഴിഞ്ഞ വർഷം യൂറോപ്പിലേക്ക് അനധികൃതമായി കുടിയേറിയത് ഒന്നരലക്ഷം പേരാണ്. കഴിഞ്ഞ ദിവസം സ്യൂട്ടയിലേക്ക് നീന്തിക്കയറിയവരിൽ ഒരാളായ മുജാഹിദ് അഹമ്മദ് സുഡാനീസ് പൗരനാണ്. കൂട്ടുകാരിൽ പലരും മുപ്പതിലേറെ തവണ ശ്രമിച്ചിട്ടും പരാജയപ്പെട്ടിടത്താണ് താൻ കരകയറിയതെന്ന് അയാൾ പറഞ്ഞു. മടങ്ങിയവരിൽ ഒരുപക്ഷേ മുജാഹിദും ഉണ്ടായിരിക്കണം.
അൻപതിനായിരം പേർ ഒരുമിച്ച് കടലിലിറങ്ങിയത് മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു നീക്കമായിരുന്നില്ല. അതൊരു പെട്ടെന്നുണ്ടായ കൂട്ടപ്പുറപ്പാടായിരുന്നു. അവസാന നിമിഷംവരെ വീട്ടുകാരോടുപോലും പറയാതെയാണ് പല ചെറുപ്പക്കാരും കടലിലിറങ്ങിയത്.
എന്നാൽ ഇന്ന് യൂറോപ്യൻ സമൂഹങ്ങൾ പൊതുവെ ഇത്തരം നിയമവിരുദ്ധ കുടിയേറ്റങ്ങളോട് വിമുഖരാണ്. വിമുഖത മാത്രമല്ല, പലപ്പോഴും വെറുപ്പും പ്രകടിപ്പിക്കുന്നു. യൂറോപ്യൻ വീടുകൾക്കുള്ളിൽ ഇന്ന് മുഴങ്ങുന്ന പ്രധാനപ്പെട്ട ഒരു ചോദ്യം ഇതാണ്: 'എന്റെ വാതിലിൽ അഭയം തേടിയെത്തുന്ന ഒരാളുടെ കാവൽക്കാരനാകേണ്ടത് ഞാനാണോ?'
ഉൽപത്തി പുസ്തകത്തിന്റെ ധാർമിക ഭാവന മറ്റൊന്നായിരുന്നു. വാതിലിൽ മുട്ടുന്ന അപരിചിതർ ചിലപ്പോൾ മാലാഖമാരായിരിക്കാം; അതുകൊണ്ട് അവരെ സ്വീകരിക്കണം എന്നായിരുന്നു അതിന്റെ ഓർമ്മപ്പെടുത്തൽ. പുതിയ ആഗോള രാഷ്ട്രീയത്തിന്റെ നിഘണ്ടുവിൽ ആ വാക്യത്തിന് ഇന്ന് വലിയ സ്ഥാനമില്ല. ഉല്പത്തിയിൽ നിന്നുമാത്രമല്ല പുതിയ നിയമത്തിൽ നിന്നും യൂറോപ്പ് പലായനം ചെയ്യുകയാണ്. എബ്രായർ 13:2 ഇങ്ങനെ പറയുന്നു:
'അപരിചിതർക്കു അഭയം നൽകാൻ മടിക്കരുത്. കാരണം, ചിലപ്പോൾ നാം അറിയാതെ മാലാഖമാർക്കാണ് അഭയം നൽകുന്നത്.'
മതബോധനങ്ങളെ മാത്രം ആശ്രയിച്ച് അനധികൃത കുടിയേറ്റങ്ങളെ സമീപിക്കുന്നത് ഇന്ന് മതിയാകില്ല. ഹന്നാ ആരെന്റിന്റെ ചിന്തകളെക്കുറിച്ച് പഠിച്ച എസ്റ്റോണിയൻ ദാർശനിക സിയോഭൻ കാറ്റഗോ ചൂണ്ടിക്കാട്ടുന്നത്, മതമല്ല, നിയമങ്ങളും രാഷ്ട്രീയവുമാണ് ഇന്ന് അനുകമ്പയുടെ അതിരുകൾ നിർണയിക്കുന്നതെന്നാണ്. വ്യക്തി എന്ന നിലയിൽ ഒരു അഭയാർത്ഥിക്ക് ലഭിക്കേണ്ട അടിസ്ഥാനപരിഗണന പോലും സമകാലിക ലോകരാഷ്ട്രീയത്തിൽ ക്രമേണ നിരസിക്കപ്പെടുകയാണ്. അയാളുടെ മതവിശ്വാസവും സാംസ്‌കാരിക രീതികളും തങ്ങളുടെ ജീവിതരീതിക്കു ഭീഷണിയാകുമെന്ന ആശങ്കയാണ് പല യൂറോപ്യൻ സമൂഹങ്ങളെയും നയിക്കുന്നത്. അതുകൊണ്ടുതന്നെ കുടിയേറ്റവിരോധം ഇന്ന് ഒരു സാമൂഹിക പ്രതികരണം മാത്രമല്ല; പുതിയ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തമായ ഭാഷകളിലൊന്നായി മാറിയിരിക്കുന്നു.
ഒരാൾ മിത്രമാണോ ശത്രുവാണോ എന്ന് തീരുമാനിക്കുന്നത് ഇന്ന് മനുഷ്യസാഹചര്യങ്ങളാലല്ല, രാഷ്ട്രീയപരിഗണനകളാലാണ്. ദിനംപ്രതി വടക്കേ ഇന്ത്യയിൽ തീവ്രഹൈന്ദവ രാഷ്ട്രീയം കണ്ടുകൊണ്ടിരിക്കുന്ന ഒരാൾ എന്ന നിലയിൽ ഈ മാറ്റത്തിന്റെ സ്വഭാവം എനിക്ക് കൂടുതൽ വ്യക്തമായി മനസ്സിലാകുന്നു. ശത്രുവെന്ന സങ്കൽപ്പം ഒരിക്കൽ രൂപപ്പെട്ടുകഴിഞ്ഞാൽ, അയാൾ രാജ്യത്തിനും കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ ഭീഷണിയാണെന്ന് വിശ്വസിപ്പിക്കുന്നതാണ് ഭയപരാഗണത്തിന്റെ രസതന്ത്രം.
മിത്രം/ശത്രു എന്ന പ്രിസത്തിലൂടെയാണ് സമകാലിക വലതുപക്ഷ രാഷ്ട്രീയം ലോകത്തെ വായിക്കുന്നത്. ചില പേരുകൾ തന്നെ സംശയത്തിന്റെ പര്യായങ്ങളായി മാറിയിരിക്കുന്നു; ചില മുഖങ്ങൾ ജനിച്ച നാൾമുതൽ കുറ്റാരോപിതരായി ജീവിക്കേണ്ടിവരുന്നു. 9/11 ആക്രമണം ലോകരാഷ്ട്രീയത്തെ മാത്രമല്ല മാറ്റിമറിച്ചത്; അതിനെക്കുറിച്ച് ഒന്നും അറിയാത്ത ദരിദ്രരും നിരാലംബരുമായ ലക്ഷക്കണക്കിന് അഭയാർത്ഥികളുടെ ജീവിതത്തെയും അത് ശിക്ഷിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അഭയാർത്ഥികളെ പുനരധിവസിപ്പിക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്യേണ്ടത് അന്താരാഷ്ട്ര സമൂഹത്തിന്റെ സംയുക്ത ഉത്തരവാദിത്തമാണെന്ന ധാരണ രൂപപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ ഒരു ദശകത്തിനിടെ ആ ധാർമിക സമവായം ക്രമേണ അലിഞ്ഞുപോയി. ഇന്നത്തെ യൂറോപ്പ് പഴയ യൂറോപ്പല്ല. ആന്തരിക വൈരുദ്ധ്യങ്ങളും സാമ്പത്തിക പ്രതിസന്ധികളും ആഗോളരാഷ്ട്രീയത്തിലെ വ്യതിയാനങ്ങളും അതിനെ മാറ്റിമറിച്ചിരിക്കുന്നു. കുടിയേറ്റക്കാരോടുള്ള അവരുടെ സമീപനം പഴയ മൂല്യവ്യവസ്ഥയോട് ചേർന്നുപോകുന്നതല്ല. അത്തരമൊരു ഭൂഖണ്ഡത്തിലേക്കാണ് അനധികൃത കുടിയേറ്റക്കാരായി കടക്കാൻ ശ്രമിക്കുന്നവർ ജീവിതത്തിന്റെ ഗതികേടിൽ അജ്ഞതയുടെ തിരകളെ തുഴഞ്ഞുതള്ളുന്നത്. ഇന്നത്തെ യൂറോപ്പിനെക്കുറിച്ച് അവർക്ക് ശരിക്കും അറിയാമായിരുന്നെങ്കിൽ, ആരെങ്കിലും ഇങ്ങനെ രാപ്പകലില്ലാതെ കടൽ നീന്തി ആ തീരത്തേക്കു പുറപ്പെടുമായിരുന്നോ?
ഹന്നാ ആരെന്റ് 'ഞങ്ങൾ, അഭയാർത്ഥികൾ' (We, Refugees) എന്ന ഉപന്യാസത്തിൽ എഴുതിയ ഒരു ഭാഗം നോക്കൂ:
'ഞങ്ങൾക്ക് ഞങ്ങളുടെ വീട് നഷ്ടപ്പെട്ടു. ദൈനംദിന ജീവിതത്തിലെ പരിചയങ്ങൾ നഷ്ടപ്പെട്ടു. ഞങ്ങൾക്ക് ഉണ്ടായിരുന്ന തൊഴിൽ നഷ്ടപ്പെട്ടു. അതായത് ഈ ലോകത്തിൽ ഞങ്ങൾക്ക് എന്തെങ്കിലും പ്രയോജനമുണ്ടെന്ന ആത്മവിശ്വാസം നഷ്ടപ്പെട്ടു. ഞങ്ങൾക്ക് ഞങ്ങളുടെ ഭാഷ നഷ്ടപ്പെട്ടു. അതായത് ജീവിതത്തിലെ എല്ലാ സ്വാഭാവികതകളും നഷ്ടപ്പെട്ടു. ആംഗ്യങ്ങളിലെ ലാളിത്യം നഷ്ടപ്പെട്ടു. വികാരപ്രകടനങ്ങളിലെ അകൃത്രിമത്വവും നഷ്ടപ്പെട്ടു.'
ഇങ്ങനെയൊരു മനുഷ്യാവസ്ഥയിൽ നിന്നാണ് ആഗസ്ത് മാസത്തിന്റെ ആദ്യദിവസങ്ങളിൽ അൻപതിനായിരം പേർ ലോകചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പലായനങ്ങളിലൊന്നിന് മൊറോക്കോയിൽ നിന്ന് കടലിലിറങ്ങിയത്. അവർക്ക് ദേശീയതയെക്കാൾ, മതത്തേക്കാൾ, ഭാഷയേക്കാൾ പ്രധാനം വിശപ്പിനുള്ള പരിഹാരമായിരുന്നു. അവരെ തിരിച്ചയയ്ക്കാൻ സ്പാനിഷ് ദേശീയതയ്ക്ക് അതിന്റേതായ കാരണങ്ങളുണ്ട്. പ്രാധാന്യത്തോടെ നാം കാണേണ്ടത് സ്പാനിഷ് തീരുമാനമല്ല, പരാജയപ്പെട്ട ഈ പലായനം നമ്മോട് പറയുന്ന മറ്റൊരു കാര്യമാണ്. നാം ജീവിക്കുന്ന ലോകത്തിന് സാരമായ എന്തോ കുഴപ്പമുണ്ട്. ഒരു മനുഷ്യന് സ്വന്തം അമ്മയെയും ഭാഷയെയും നാടിനെയും ഉപേക്ഷിച്ച് കടൽ നീന്തേണ്ടിവരുന്ന അവസ്ഥയും, കടൽ നീന്തിയെത്തിയ അതേ മനുഷ്യൻ ഉടൻ തന്നെ വഴിമുട്ടിയ ജീവിതത്തിലേക്ക് മടങ്ങേണ്ടിവരുന്ന അവസ്ഥയും—രണ്ടും ഒരുപോലെ നമ്മുടെ കാലത്തിന്റെ പരാജയങ്ങളാണ്.
Published: 06 Aug 2026, 11:22 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented