കേരളത്തിലെ എല്ലാ സ്ത്രീകൾക്കും സ്കൂട്ടർ വാങ്ങാൻ സർക്കാർ ഒരു ലക്ഷം രൂപ ധനസഹായം നൽകുന്നു എന്ന വാദത്തോടെ ഇൻസ്റ്റഗ്രാം യൂട്യൂബ്, വാട്സാപ്പ് തുടങ്ങി സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. ഇത് സത്യമാണെന്ന് വിശ്വസിച്ച് ആനുകൂല്യം എങ്ങനെ ലഭിക്കുമെന്ന അന്വേഷണങ്ങളുമായി ഒട്ടേറെപ്പേരാണ് ഈ പോസ്റ്റുകൾക്ക് താഴെ പ്രതികരിക്കുന്നത്. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ വസ്തുത പരിശോധനയിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി
https://www.youtube.com/shorts/SzmDcRfqqdo
അന്വേഷണം
മത്സ്യത്തൊഴിലാളികളായ സ്ത്രീകൾക്കായി സംസ്ഥാന സർക്കാർ കഴിഞ്ഞ മാസം നടപ്പിലാക്കിയ ഇലക്ട്രിക് സ്കൂട്ടർ പദ്ധതിയാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കപ്പെടുന്നത് എന്നതാണ് യാഥാർത്ഥ്യം. ഈ വിഭാഗത്തിൽപ്പെടുന്നവർക്ക് ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നതിനായി വാഹനവിലയുടെ 75 ശതമാനം വരെ ഗ്രാന്റായി (സബ്‌സിഡി) നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. മത്സ്യത്തൊഴിലാളികളായ സ്ത്രീകൾക്ക് മാത്രമായി പ്രഖ്യാപിച്ച ഈ പ്രത്യേക പദ്ധതിയാണ് 'കേരളത്തിലെ എല്ലാ സ്ത്രീകൾക്കും സ്കൂട്ടർ വാങ്ങാൻ സർക്കാർ ഒരു ലക്ഷം രൂപ നൽകുന്നു' എന്ന പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നത്
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളി വനിതകൾക്കായി നടപ്പിലാക്കിയ പദ്ധതിയാണ് ‘ഷീ സ്‌കൂട്ടർ’. ഇതിനായുള്ള പൂരിപ്പിച്ച അപേക്ഷകൾ മത്സ്യഭവൻ ഓഫീസുകളിലാണ് നൽകേണ്ടത്.
പദ്ധതിയുടെ മാനദണ്ഡങ്ങൾ :
-
എഫ്.എഫ്.ആറിൽ (FFR) രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗങ്ങളായ വനിതകൾക്കാണ് അർഹത.
-
അപേക്ഷകർ മത്സ്യഗ്രാമത്തിലെ സ്ഥിരതാമസക്കാരായിരിക്കണം
-
സ്വന്തമായി ഇരുചക്രവാഹനം ഇല്ലാത്തവരും ടൂവീലർ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരുമാണ് അപേക്ഷിക്കാൻ യോഗ്യർ.
-
അപേക്ഷകർക്ക് 45 വയസ്സാണ് ഉയർന്ന പ്രായപരിധി
-
എന്നാൽ 'സാഫ്' (SAF) ഗുണഭോക്താക്കൾക്ക് ഇത് 50 വയസ്സ് വരെയാകാം
പദ്ധതി പ്രഖ്യാനത്തിൻ്റെയും 100 സ്കൂട്ടർ വിതരണം ചെയ്തതിൻ്റെയും വിവരങ്ങൾ മുഖ്യമന്ത്രി തൻ്റെ ഔദ്യോഗിക ഫേസുബുക്ക് പേജിൽ ഒക്ടോബർ 5 ന് പോസ്റ്റ് ചെയ്തിട്ടുണ്ട്
https://www.govtschemes.in/keralam-she-scooter-scheme ഷീ സ്കൂട്ടർ പദ്ധതിയുമായി ബന്ധപ്പെട്ട പൂർണ വിവരങ്ങൾ ഔദ്യോഗിക വെബ്സെറ്റിൽ ലഭ്യമാണ്.
ലഭ്യമായ തെളിവുകളുടെ അടിസ്ഥാത്തിൽ കേരളത്തിലെ എല്ലാ വനിതകൾക്കും സ്കൂട്ടർ വാങ്ങാൻ സർക്കാർ 1 ലക്ഷം രൂപ നൽകുന്നു എന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്. വനിതാ മത്സ്യത്തൊഴിലാളിക്കായുള്ള ഷീ സ്കൂട്ടർ പദ്ധതിയാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.
Content Highlights: Viral claim that all women in Kerala get 1 lakh for scooters is fake., The scheme is exclusively for women from fisherwomen families (She Scooter scheme)., Beneficiaries receive up to 75% subsidy on electric scooters under the 100-day action plan., Applicants must have a driving license, be under 45 (or 50 for SAF), and not own a two-wheeler.
Published: 11 Nov 2026, 01:00 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented