
ന്യൂഡൽഹി: മുൻ സെൻസസുകളിൽനിന്ന് വ്യത്യസ്തമായി, 2027-ലെ ജനസംഖ്യാ സെൻസസിൽ ഭിക്ഷാടനവുമായി ബന്ധപ്പെട്ട പ്രത്യേക കണക്ക് രേഖപ്പെടുത്തില്ല. ഇതോടെ, രാജ്യത്തെ ഭിക്ഷയെടുത്ത് ജീവിക്കുന്നവരുടെ കണക്കുകൾ ലഭ്യമാകാൻ ബുദ്ധിമുട്ടാകും. അതേസമയം, കുടിയേറ്റത്തിന്റെ കാരണങ്ങളിൽ പ്രകൃതിദുരന്തങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
2011-ലെ സെൻസസിലും അതിന് മുമ്പുള്ള സെൻസസുകളിലും ‘ഭിക്ഷക്കാരും അലഞ്ഞുതിരിയുന്നവരും മറ്റുള്ളവരും’ എന്ന വിഭാഗം സാമ്പത്തികേതര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഭാഗിക തൊഴിലാളികളും തൊഴിൽരഹിതരുമായാണ് രേഖപ്പെടുത്തിയിരുന്നത്. വിദ്യാർഥികൾ, വീട്ടുജോലികളിൽ ഏർപ്പെട്ടവർ, ആശ്രിതർ, പെൻഷൻകാർ, വാടക വരുമാനത്തെ ആശ്രയിക്കുന്നവർ തുടങ്ങിയവരും ഈ വിഭാഗത്തിലുണ്ടായിരുന്നു.
എന്നാൽ, ഇത്തവണ 'സാമ്പത്തികേതര പ്രവർത്തനം’ എന്ന വിഭാഗത്തിൽ ഉൾപ്പെട്ടിരുന്ന ‘ഭിക്ഷക്കാരും അലഞ്ഞുതിരിയുന്നവരും മറ്റുള്ളവരും’ എന്ന വിഭാഗം പുതിയ ചോദ്യാവലിയിൽനിന്ന് ഒഴിവാക്കി. കഴിഞ്ഞ സെൻസസിൽ ഈ വിഭാഗത്തിൽ വളരെ കുറഞ്ഞ പ്രതികരണമാണ് ലഭിച്ചതെന്നതാണ് തീരുമാനത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. 2011-ലെ സെൻസസിൽ വെറും 3.8 ലക്ഷം വരുന്ന തൊഴിൽരഹിതരും ഭാഗികമായി തൊഴിൽ ചെയ്യുന്നവരുമാണ് തങ്ങളെ ഭിക്ഷക്കാരും അലഞ്ഞുതിരിയുന്നവരും എന്ന് രേഖപ്പെടുത്തിയത്.
മുൻ സെൻസസുകളിൽ ഭിക്ഷക്കാരും അലഞ്ഞുതിരിയുന്നവരും എന്ന വിഭാഗത്തിൽ രേഖപ്പെടുത്തിയ കണക്കുകൾ വിശ്വസനീയമല്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. സാമൂഹികമായ അപമാനഭീതിയെ തുടർന്ന് ഈ വിഭാഗത്തിൽപ്പെടുന്ന പലരും തങ്ങളെ ഭിക്ഷക്കാരായി രേഖപ്പെടുത്താൻ മടിച്ചിരുന്നതായാണ് വിലയിരുത്തൽ. പുതിയ സെൻസസ് കണക്കുകൾ പുറത്തുവരുന്നതോടെ രാജ്യത്തെ ഭിക്ഷക്കാരുടെ എണ്ണം, അവരുടെ പ്രായം, മതം, സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം, വിദ്യാഭ്യാസനില തുടങ്ങിയ അടിസ്ഥാനത്തിലുള്ള വർഗീകരണം സെൻസസ് പട്ടികകളിൽ ലഭ്യമാകില്ല.
കുടിയേറ്റത്തിന്റെ കാരണങ്ങളുടെ പട്ടികയിൽ ‘പ്രകൃതിദുരന്തങ്ങൾ’ ഉൾപ്പെടുത്തിയതാണ് മറ്റൊരു പ്രധാന മാറ്റം. ജോലി, ബിസിനസ്, വിദ്യാഭ്യാസം, വിവാഹം, ജനനശേഷം താമസം മാറിയത്, കുടുംബത്തോടൊപ്പം താമസം മാറിയത്, മറ്റുള്ളവ എന്നിവയ്ക്കുപുറമേയാണ് പ്രകൃതിദുരന്തങ്ങളും പുതിയ കാരണമായി ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ സെൻസസ് ചോദ്യാവലിയിൽ മൊബൈൽ നമ്പർ, ആധാർ, വോട്ടർ ഐഡി, ഇന്ത്യൻ പാസ്പോർട്ട് നമ്പർ എന്നിവ ലഭ്യമെങ്കിൽ രേഖപ്പെടുത്താനുള്ള സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Beggary and vagrancy categories will not be recorded in the 2027 Census., Low response and social stigma in previous censuses led to the removal of the category., Natural disasters have been newly added as a cause for migration., Optional fields for Mobile Number, Aadhaar, Voter ID, and Passport Number are introduced.
Published: 25 Aug 2026, 11:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented