കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ബോട്ടണി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ബൊട്ടാണിക്കൽ ഗാർഡനെ സംസ്ഥാനത്തെ രണ്ടാമത്തെ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച് കേരള സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. സർവകലാശാലയിൽ വിവിധ കാലങ്ങളിൽ സേവനമനുഷ്ഠിച്ച അധ്യാപകരുടെ ദീർഘ വീക്ഷണത്തിന്റെ ഫലമായാണ് ഈ അംഗീകാരം. പ്രൊഫ. സന്തോഷ് നമ്പിയുടെ ശ്രമങ്ങളും ദേശീയ, സംസ്ഥാന ജൈവവൈവിധ്യ ബോർഡുകളുടെ സഹായവും ഇതിന് വഴിയൊരുക്കി.

To advertise here,

19.5 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ബൊട്ടാണിക്കൽ ഗാർഡൻ അപൂർവ സസ്യങ്ങളുടെ കലവറയാണ്. ബ്രയോഫൈറ്റുകൾ, പന്നൽവർഗങ്ങൾ, കാക്ടസുകൾ, ജലസസ്യങ്ങൾ, ഇഞ്ചിവർഗങ്ങൾ, കാട്ടുവാഴകൾ, ഔഷധസസ്യങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള സസ്യങ്ങൾ ഉദ്യാനത്തെ സമ്പന്നമാക്കുന്നു. പശ്ചിമഘട്ടം, അൻഡമാൻ നിക്കോബാർ ദ്വീപുകൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സസ്യങ്ങൾ ഇവിടെയുണ്ട്. കൂടാതെ, 13.5 ഏക്കറോളം സ്ഥലത്ത് സ്വാഭാവിക സസ്യജാലങ്ങളും സംരക്ഷിച്ചുവരുന്നു. ഉദ്യാനത്തിലെ വിശാലമായ ജലസംഭരണികൾ സമീപപ്രദേശങ്ങളിലെ ജലസ്രോതസ്സുകളെയും ഗുണകരമായി സ്വാധീനിക്കുന്നു.

പ്രൊഫ. ബി.കെ. നായരുടെ നേതൃത്വത്തിൽ 1968ൽ സ്ഥാപിതമായ ഉദ്യാനം രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽനിന്നുള്ള സസ്യശാസ്ത്ര ഗവേഷകരും വിദ്യാർഥികളും പഠനത്തിനും ഗവേഷണത്തിനുമായി പ്രയോജനപ്പെടുത്തുന്നുണ്ട്. കാഴ്ചാപരിമിതിയുള്ളവർക്ക് സസ്യങ്ങളെ മണത്തും തൊട്ടറിഞ്ഞും പരിചയപ്പെടാനുള്ള പ്രത്യേക സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ഓഡിയോ സംവിധാനത്തിന് പുറമേ, പേരും മറ്റ് വിവരങ്ങളും ബ്രെയിൽ ലിപിയിലും രേഖപ്പെടുത്തിയിട്ടുണ്ട്.

കാടിന്റെ കുളിർമ അനുഭവിക്കാനും സസ്യങ്ങളെ പരിചയപ്പെടാനും കുട്ടികൾക്കായി ഹ്രസ്വദൂര ട്രെക്കിങ് സൗകര്യമുണ്ട്. ഉദ്യാനത്തിന്റെ വിവിധ ഭാഗങ്ങൾ, ഗ്രീൻഹൗസുകൾ, ജലസംഭരണികൾ എന്നിവയെ ബന്ധിപ്പിക്കുന്ന മനോഹരമായ നടപ്പാതകളും ഇവിടുത്തെ പ്രത്യേകതയാണ്.