''ഒരു കൈയില്‍ തോക്കും മറുകൈയില്‍ ക്യാമറയുമായി ഓരോ ചുവടും ശ്രദ്ധിച്ച്. ആര്‍ട്ടികില്‍ ഞാനങ്ങനെയായിരുന്നു. ആര്‍ട്ടിക്കിലും ജനവാസ മേഖലയില്‍ വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് പതിവാണ്. കാലാവസ്ഥാ വ്യതിയാനമാണ് കാരണം. അത്യാവശ്യഘട്ടങ്ങളില്‍ അവയില്‍നിന്നുള്ള രക്ഷയ്ക്കാണ് തോക്ക് '- ശാസ്ത്ര ഫോട്ടോഗ്രാഫര്‍ രാകേഷ് റാവു അനുഭവം പറയുകയാണ്. ആര്‍ട്ടിക്, അന്റാര്‍ട്ടിക്, ഹിമാലയം എന്നിവിടങ്ങളിലെല്ലാം ക്യാമറയേന്താന്‍ ഭാഗ്യം ലഭിച്ച ഫോട്ടോഗ്രാഫറാണ് ഗോവ സ്വദേശി രാകേഷ് റാവു. ഫോട്ടോഗ്രാഫര്‍ കൂടാതെ ഡോക്യുമെന്ററി ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയാണ് രാകേഷ്.

To advertise here,

ദ െൈക്ലമറ്റ് ചലഞ്ച് എന്ന ഡോക്യുമെന്ററി ഇന്റര്‍നാഷണല്‍ സയന്‍സ് ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയിലും പത്താം ദേശീയ സയന്‍സ് ഫിലിം ഫെസ്റ്റിവലിലും മികച്ച സയന്‍സ് ഫിലിം അവാര്‍ഡ് നേടി. നാഷണല്‍ ജിയോഗ്രാഫിക്, ട്രാവലേഴ്സ് തുടങ്ങിയ മുന്‍നിര മാസികകളില്‍ രാകേഷിന്റെ ചിത്രങ്ങള്‍ ഇടംനേടി. കാലാവസ്ഥാ മാറ്റത്തെ കുറിച്ചുള്ള കുഫോസിന്റെ ദേശീയ ശില്പശാലയില്‍ പങ്കെടുക്കാനാണ് രാകേഷ് കൊച്ചിയിലെത്തിയത്.

ബഹിരാകാശ കാഴ്ചകളിലായിരുന്നു ശാസ്ത്രഭ്രാന്തിന്റെ തുടക്കം. കൊഡാക് കെ.ബി. 10-ഉം ടെലിസ്‌കോപ്പുമായി സൈക്കിളില്‍ ഗോവയില്‍ രാകേഷ് സഞ്ചരിക്കാത്ത വഴികളില്ല. ആ സൈക്കിള്‍ യാത്രകളാണ് തന്നെ ധ്രുവപ്രദേശങ്ങളിലേക്കുള്ള ഇന്ത്യന്‍ ശാസ്ത്രസംഘത്തിലെത്തിച്ചതെന്ന് രാകേഷ് പറയുന്നു.

''ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഹിമാലയന്‍ ഹിമാനികളുടെ മൂന്നിലൊന്ന് അപ്രത്യക്ഷമായേക്കാം. 11 നദികളുടെ ഉദ്ഭവസ്ഥലം കൂടിയാണ് ഏഷ്യയിലെ ജലഗോപുരം എന്ന് അറിയപ്പെടുന്ന ഹിമാലയം. വൈകാതെ ഹിമാലയത്തിലല്‍നിന്ന് ഉദ്ഭവിക്കുന്ന നദികള്‍ വരളാം. ഭാവിയില്‍ കശ്മീരിനുവേണ്ടിയാകില്ല ഇന്ത്യ-പാക് യുദ്ധം. ഹിമാലയത്തില്‍നിന്നു വരുന്ന വെള്ളത്തിനുവേണ്ടിയായിരിക്കും - നാസ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങള്‍ക്കുവേണ്ടി ഹിമാലയ പര്യവേക്ഷണം നടത്തിയ രാകേഷ് പറഞ്ഞു.

ഇന്ത്യയിലെ ബഹിരാകാശ റിസര്‍ച്ച് കേന്ദ്രങ്ങള്‍, ആസ്ട്രോഫിസിക്‌സ്, ആകാശഗോളങ്ങള്‍ എന്നിവയുടെ അറിവുകള്‍ കുട്ടികളിലേക്ക് എത്തിക്കണം എന്നതാണ് രാകേഷിന്റെ ലക്ഷ്യം. ഭാര്യ സോനം റാവുവും മകളുമായി ഗോവ ബംബോലിമിലാണ് രാകേഷിന്റെ താമസം.

രാകേഷിന്റെ ക്യാമറ ഒപ്പിയെടുത്ത പ്രധാന ദൗത്യങ്ങള്‍

- ഇന്ത്യയുടെ മൂന്നാമത്തെ സയന്റിഫിക് സ്റ്റേഷന്‍ - ഭാരതിയുടെ നിര്‍മാണം (അന്റാര്‍ട്ടിക്ക)

- ആര്‍ട്ടിക് ചലനാത്മകത മനസ്സിലാക്കാനുള്ള ഇന്‍ഡ്ആര്‍ക്ക് മൂറിങ് ഉപകരണ വിന്യാസം (ആര്‍ട്ടിക്) - 17,000 അടി ഉയരത്തില്‍ ഹിമപ്പരപ്പ് ഗവേഷണം (ഹിമാലയ പ്രവര്‍ത്തന നിര)