കാലാവസ്ഥാ വ്യതിയാനത്തെ "ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി" പ്രഖ്യാപിക്കണമെന്ന് 'ദി ലാൻസെറ്റ്' (The Lancet). 2016-നും 2023-നും ഇടയിൽ കടുത്ത ചൂട് മൂലം മൂന്ന് ദശലക്ഷം ആളുകൾ മരിച്ച സാഹചര്യത്തിൽ സർക്കാരുകളുടെ ഇടപെടൽ അനിവാര്യമാണെന്നും റിപ്പോർട്ടിലുണ്ട്. ബുധനാഴ്ച്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇതേക്കുറിച്ചു വിശദമാക്കിയിരിക്കുന്നത്.

To advertise here,

നവംബറിൽ നടക്കാനിരിക്കുന്ന COP 31 കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായി ബ്രിട്ടീഷ് മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് കാലാവസ്ഥാ വ്യതിയാനത്തെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണമെന്ന് വ്യക്തമാക്കിയത്. 2023-ൽ ചൂടുകൂടിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മൂലം 710,000 മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതിൽ 70 ശതമാനത്തിലധികം മരണങ്ങൾക്കുംപിന്നിൽ മനുഷ്യനിർമിതമായ കാലാവസ്ഥാ വ്യതിയാനമാണെന്നും റിപ്പോർട്ടിലുണ്ട്.

2015-ലെ പാരീസ് ഉച്ചകോടിക്കുപിന്നാലെ എട്ട് വർഷത്തിനുള്ളിൽ ആഗോളതലത്തിൽ ചൂട് മൂലം മൂന്ന് ദശലക്ഷം മരണങ്ങൾ നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മനുഷ്യന്റെ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന താപവർധനവ് കാരണം എത്ര പേർ മരിച്ചു എന്ന് നിർണ്ണയിച്ച വിധവും വ്യക്തമാക്കിയിട്ടുണ്ട്. വിവിധ സർക്കാരുകൾ രേഖപ്പെടുത്തിയ ചൂട് സംബന്ധമായ മരണങ്ങളുടെ കണക്കുകൾ ശേഖരിക്കുകയും തുടർന്ന് കാലാവസ്ഥാ വ്യതിയാനം ഇല്ലായിരുന്നെങ്കിൽ സംഭവിക്കുമായിരുന്ന മരണങ്ങളുടെ എണ്ണം അതിൽ നിന്ന് കുറയ്ക്കുകയുമാണ് ചെയ്തത്.

ചൂട് കൂടുന്നതും കാലാവസ്ഥാ വ്യതിയാനവുമൊക്കെ ഉറക്കം, ഉൽപ്പാദനക്ഷമത, ഉപജീവനം എന്നിവയെ ബാധിക്കുകയും ഡെങ്കിപ്പനി, മലേറിയ, ജലജന്യ അണുബാധകൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നതായി റിപ്പോർട്ട് പറയുന്നു. വായു മലിനീകരണം അകാല മരണങ്ങളുടെ താേത് കൂട്ടിയെന്നും റിപ്പോർട്ടിലുണ്ട്. കടുത്ത താപനില പ്രവചിക്കുന്നതിലുപരി അതിന്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കുന്ന രീതിയിലേക്ക് നടപടികൾ കൈക്കൊള്ളണമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

മറ്റൊരു ആഗോള ആരോഗ്യ ദുരന്തമുണ്ടായാൽ അത് ഒറ്റപ്പെട്ട ഒരു മഹാമാരിയിൽ നിന്നാകണമെന്നില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് അടുത്തിടെ ലാൻസെറ്റ് പുറത്തുവിട്ടിരുന്നു. വായു മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, അമിതവണ്ണം, ആന്റിമൈക്രോബയൽ പ്രതിരോധം തുടങ്ങിയ പതിനേഴ് സംയുക്ത ഘടകങ്ങളാൽ ആകാമെന്നും സർക്കാരുകൾ കൃത്യമായി പ്രവർത്തിച്ചില്ലെങ്കിൽ ഈ അപകടസാധ്യതകൾ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആരോഗ്യകരമായ ജീവിതത്തെ ബാധിക്കാൻ കാരണമായേക്കാമെന്നുമാണ് റിപ്പോർട്ടിൽ പറഞ്ഞത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും (എ.ഐ) ആണവ യുദ്ധവും മനുഷ്യന്റെ നിലനിൽപ്പിനെത്തന്നെ ഭീഷണിപ്പെടുത്താനുള്ള സാധ്യതയുമുണ്ടെന്നും റിപ്പോർട്ട് പറഞ്ഞിരുന്നു.