തൃശ്ശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് വിദേശരാജ്യങ്ങളിൽനിന്ന് കൊണ്ടുവരാനിരുന്ന പക്ഷിമൃഗാദികളുടെ ടെൻഡർ പണമില്ലാത്തതിനാൽ കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ റദ്ദാക്കി. 15 കോടിയോളം രൂപ ചെലവുവരുന്ന ടെൻഡറാണ് റദ്ദായത്. ജിറാഫ്, ഗ്രീൻ അനാക്കോണ്ട, സീബ്ര, എലാന്റ, മക്കൗ, കൊക്കാറ്റ് തുടങ്ങിയ ഇനങ്ങളെയായിരുന്നു വിദേശത്തുനിന്നെത്തിക്കാൻ പദ്ധതിയിട്ടിരുന്നത്.

To advertise here,

തിരഞ്ഞെടുപ്പടുത്തതോടെ പാർക്ക് പൂർണതോതിൽ സജ്ജമാകുന്നതിനുമുൻപേ ധൃതിപിടിച്ച് ഉദ്ഘാടനം നടത്തുകയായിരുന്നു. എന്നാൽ, ജീവികൾക്കാവശ്യമായ ആവാസവ്യവസ്ഥയൊരുക്കാൻ കഴിയാത്തതിനാൽ ചെമ്പുക്കാവിൽനിന്നുള്ള ജീവികളെ മുഴുവനായും ഇവിടേക്ക് മാറ്റാനായിട്ടില്ല. ടിക്കറ്റെടുത്ത് ഇവിടെയത്തുന്നവരെ ഇത് നിരാശപ്പെടുത്തുകയാണ്.

രാജ്യത്തെത്തന്നെ ആദ്യത്തെ ഡിസൈനർ സുവോളജിക്കൽ പാർക്കാണ് കേരളത്തിലേത്. 300 ഏക്കറിലധികം സ്ഥലത്ത് 371 കോടിയോളം രൂപ ചെലവഴിച്ചാണ് പാർക്ക് നിർമാണം. 35 ഇനങ്ങളിലായി 331 ജീവികൾ ഇവിടെയുണ്ട്.

പണി വൈകുന്നതും പ്രശ്നം

ജീവികൾക്ക് അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയൊരുക്കുന്നതാണ് പുത്തൂരിലെ പ്രത്യേകത. ഈ ബയോഡൈവേഴ്സിറ്റി സെന്ററിന്റെ പണി ഇഴയുകയാണ്. കഴിഞ്ഞ ഒക്ടോബറിൽ തീർക്കേണ്ടത് ഇനിയും പാതിയായി കിടക്കുകയാണ്. ഇതു തീർന്നാലേ മൃഗങ്ങളെ പൂർണമായും പാർക്കിലേക്കെത്തിക്കാനാകൂ. സെൻട്രൽ പബ്ലിക് വർക്ക് ഡിപ്പാർട്ട്മെന്റി (സി.പി.ഡബ്ല്യു.ഡി.)നാണ് നിർമാണച്ചുമതല.

ആദ്യമേ ഇഴഞ്ഞുനീങ്ങിയ പണി ഇപ്പോൾ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളുടെ ക്ഷാമവുംകൂടിയായപ്പോൾ നിലച്ച മട്ടിലായി. പക്ഷികൾ, പാമ്പുകൾ, കരടി എന്നിവയുടെ കൂടുകളുടെ പണികളും തീർന്നിട്ടില്ല. പണി പൂർത്തിയാകുന്നതിനനുസരിച്ചാണ് ചെമ്പുക്കാവിലെ മ്യൂസിയത്തിൽനിന്ന് ജിവികളെ ഇങ്ങോട്ടെത്തിക്കുന്നത്.

ഇനിയും കാത്തിരിക്കണം

സഫാരി പാർക്ക് മാതൃകയിൽ ട്രാമിൽ സഞ്ചരിക്കാൻ ഇനിയും കാത്തിരിക്കണം. മൃഗങ്ങൾ കൂടുന്നതിനനുസരിച്ചേ ഇത്തരം സൗകര്യങ്ങൾ ഒരുക്കാനാകൂവെന്നാണ് അധികൃതർ പറയുന്നത്. പ്രധാന പദ്ധതികളായ 100 കോടിയോളം ചെലവുവരുന്ന ടൈഗർ സഫാരി, വെർച്വൽ സൂ (ഹോളോഗ്രാം സൂ) തുടങ്ങിയവയും വിദൂരസാധ്യതകളായി മാറുകയാണ്. ടൈഗർ സഫാരിക്ക് ചെലവു കൂടുതലാണെങ്കിൽ വെർച്വൽ സൂ നടപ്പാക്കണമെങ്കിൽ ഓസ്ട്രേലിയയിൽ പോയി ഇതേക്കുറിച്ച് വിശദപഠനം നടത്തേണ്ടതുണ്ട്.

വികസനത്തിന് പണം പ്രശ്നമല്ലെന്ന് സർക്കാർ

സുവോളജിക്കൽ പാർക്കിന് എൽ.ഡി.എഫ്. സർക്കാർ അനുവദിച്ച ആറുകോടി പുതിയ ബജറ്റിൽ രണ്ടുകോടിയായി കുറഞ്ഞിട്ടുണ്ട്. എന്നാൽ, ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചതെന്ന് ഡയറക്ടർ ബി.എൻ. നാഗരാജ്. ഫണ്ട് വെട്ടിക്കുറയ്ക്കില്ലെന്നും വികസനത്തിന് പണം പ്രശ്നമാകില്ലെന്നുമാണ് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.