രാമനാട്ടുകര (കോഴിക്കോട് ): കോഴിക്കോട് ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്ന് വനംവകുപ്പിന്റെ ദ്രുതകർമസേന (ആർ.ആർ.ടി.) പിടികൂടി മാത്തോട്ടം വനശ്രീയിൽ എത്തിച്ച പെരുമ്പാമ്പുകളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തി. വനശ്രീയുടെ വളപ്പിൽ ഇൻസ്പെക്ഷൻ ബെംഗ്ലാവിനോടുചേർന്നുള്ള കിണറ്റിൽ സൂക്ഷിച്ചിരുന്ന 20 പെരുമ്പാമ്പുകളാണ് ചത്തത്. സെപ്റ്റംബർ 30-ന് പുഴുവരിച്ചനിലയിലാണ് ഇവയെ പുറത്തെടുത്തതെന്ന് ബീറ്റ്ഫോറസ്റ്റ് ഓഫീസർ തയ്യാറാക്കിയ മഹസറിൽ പറയുന്നു.
അതേസമയം രണ്ടാഴ്ചയോളം അശ്രദ്ധയോടെ കിണറ്റിൽ അട്ടിക്കിട്ടതാണ് പാമ്പുകളുടെ മരണത്തിനിടയാക്കിയതെന്ന് ആരോപണമുയരുന്നുണ്ട്.
കിണറ്റിൽനിന്ന് ദുർഗന്ധം ഉണ്ടായതിനെത്തുടർന്ന് വാച്ചർമാരും ആർ.ആർ.ടി.കളും നടത്തിയ പരിശോധനയിലാണ് ചത്ത പാമ്പുകളെ കണ്ടെത്തിയത്. പുഴുവരിച്ച പെരുമ്പാമ്പുകളുടെ ജഡങ്ങൾക്കു മുകളിൽനിന്ന് 43 ജീവനുള്ള പെരുമ്പാമ്പുകളെയും പുറത്തെടുത്തു. ഇവയുടെ ഭാരം താങ്ങാനാവാതെയാണ് മറ്റുള്ളവ ചത്തതെന്നും മഹസറിലുണ്ട്. ജഡങ്ങൾക്ക് അഞ്ചുദിവസത്തെ പഴക്കമുണ്ട്.
വനംവകുപ്പ് ആന, പുലി എന്നീ മൃഗങ്ങൾക്കൊപ്പം ഷെഡ്യൂൾഡ് വണ്ണിൽ ഉൾപ്പെടുത്തിയിട്ടുള്ള ജീവികളാണ് പെരുമ്പാമ്പ്.
അഞ്ചടിമാത്രം ആഴം
ഒരു ചെറിയ റിങ് കിണറിന് സമാനമായി വാവട്ടം മാത്രമുള്ള കിണറാണിത്. അഞ്ചടി മാത്രമാണ് ആഴം. താമരശ്ശേരി റേഞ്ചിനു കീഴിലുള്ള ആർ.ആർ.ടി.മാർ ഓരോ ആഴ്ചയിലും കിണറിൽനിന്ന് പാമ്പുകളെ പുറത്തെടുത്ത് കാട്ടിൽവിടുകയാണ് പതിവ്. എന്നാൽ, ഇത്തവണ രണ്ടാഴ്ചയോളമായി ഇവയെ കിണറ്റിൽ അട്ടിക്കിട്ടെന്നാണ് ആരോപണം.
പിടികൂടുന്ന പാമ്പുകളെ അശാസ്ത്രീയമായാണ് കിണറിൽ കൊണ്ടിടുന്നതെന്നും ആക്ഷേപമുണ്ട്. കിണറിന്റെ ഏറ്റവും അടിയിൽക്കിടന്ന പാമ്പുകളാണ് ചത്തത്. വിഷമുള്ള പാമ്പുകളെയും ഇല്ലാത്തവയെയും സൂക്ഷിക്കാൻ കിണറുകളുടെ സ്വഭാവത്തിലുള്ള കുഴികളും ഇവിടെയുണ്ട്.
Content Highlights: 20 pythons were found dead in a well at the Vanasree campus in Mathottam, Kozhikode., The incident came to light on September 30 when foul odor emanated from the 5-foot deep well., 43 living pythons were also rescued from the same well, with allegations of negligence against the Rapid Response Team (RRT)., Pythons are protected under Schedule One of the Wildlife Protection Act, similar to elephants and tigers.
Published: 03 Oct 2026, 09:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented