തിരുവനന്തപുരം: കേരള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പേരിൽ വ്യാജ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നിർമിച്ച് സംരക്ഷിത വിദേശ ജീവിയെ വിൽപന നടത്താൻ ശ്രമിച്ചയാൾ പിടിയിൽ. തിരുവനന്തപുരം വിളപ്പിൽ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ‘PETS EMPORE’ എന്ന പെറ്റ് ഷോപ്പ് നടത്തുന്ന, വിഴിഞ്ഞം ചൊവ്വര സ്വദേശിയായ ബിനോയ് എസ്. മനോഹരൻ (32) ആണ് പിടിയിലായത്.
വനംവകുപ്പിന്റെ പ്രത്യേക അന്വേഷണത്തിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന Green Iguana എന്ന വിദേശ ജീവിയെ കണ്ടെത്തി. 1972-ലെ വന്യജീവി സംരക്ഷണ നിയമ ഭേദഗതി (2022) പ്രകാരം ഷെഡ്യൂൾ IV, Appendix II-ൽപെട്ട സംരക്ഷിത വിഭാഗത്തിൽപെട്ട ജീവിയാണ് ഇത്. ഇതിനെ കൈവശം വെക്കാനും വിൽപന നടത്താനും ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി നിർബന്ധമാണ്.
'Dr. Rajeev R, Chief Wildlife Warden, Kerala Forest & Wildlife Department'- എന്ന പേരിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചാണ് 200 രൂപ എന്ന നിരക്കിൽ പ്രതി വിൽപന നടത്തിവന്നത്. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള സംഘമാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമാണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
പാറൂത്തിപ്പള്ളി റേഞ്ച് ഓഫീസർ ബിപിൻ ചന്ദ്രൻ വി., ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽ കുമാർ, എസ്എഫ്ഒ ജിത്തുമോൻ, ബിഎഫ്ഒ മാത്യു, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കാവ്യ എസ്. നായർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
വ്യാജരേഖ ചമയ്ക്കൽ കേസിൽ വിശദമായ അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് റേഞ്ച് ഓഫീസർ അറിയിച്ചു.
ഇത്തരത്തിലുള്ള വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് വിദേശ ജീവികളുടെ അനധികൃത കൈവശവും വിൽപനയും നടത്തുന്നത് ഗൗരവമുള്ള കുറ്റമാണെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.
Published: 26 Sept 2026, 10:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented