ദിബ്രുഗഢ് (അസം): നാട്ടുകാരും നാടോടികളുമായ പലതരം പറവകൾക്ക് കൂട്ടുകൂടാൻ സ്വച്ഛസുന്ദരമായ ഒരു തണ്ണീർത്തടം- അതാണ് അസമിലെ മാഗൂരി മോട്ടാപ്പുങ് ബീൽ.

To advertise here,

വംശനാശ ഭീഷണി നേരിടുന്ന വിഭാഗങ്ങൾ സഹിതം വലിയ വൈവിധ്യമുള്ള പക്ഷിക്കൂട്ടങ്ങളുടെ സ്വർഗ്ഗമാണിവിടം.

 

1996-ൽ ഐ.ബി. എ ( ഇംപോർട്ടൻ്റ് ബേഡ് എരിയ) ആയി അംഗീകരിക്കപ്പെട്ട മാഗൂരി ബീൽ അസമിലെ തിൻസുക്കിയ ജില്ലയിലാണുള്ളത്. ദിബ്രുഗഢിൽ നിന്ന് 50 കിലോമീറ്ററും തിൻസുക്കിയ പട്ടണത്തിൽ നിന്ന് 11 കിലോമീറ്ററും സഞ്ചരിച്ചാൽ എത്തിച്ചേരാം.

 

 

 

 

പ്രശസ്തമായ ദിബ്രു-സൈഖോവ ദേശീയോദ്യാനത്തിന് സമീപത്തായാണ് 9.6 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന ഈ ജൈവവെെവിധ്യ ഇടം.

 

 

പക്ഷിസമ്പത്തു പോലെതന്നെ മത്സ്യസമ്പത്തുമുണ്ട്. അസമിയ ഭാഷയിൽ 'ബീൽ ' എന്നാൽ തടാകം. പ്രാദേശികമായി 'മാഗുരി 'എന്നു വിളിക്കുന്ന മത്സ്യത്തിൻ്റെയും (വാക്കിങ് ക്യാറ്റ് ഫിഷ്) തൊട്ടടുത്ത ഗ്രാമമായ മോട്ടാപുങ്ങിൻ്റെയും പേരുകൾ ചേർത്താണ് മാഗുരി മോട്ടാപ്പുങ് ബീൽ ആയി മാറിയത്. ബ്രഹ്മപുത്രയുടെ പോഷകനദികളായ ലോഹിതിൻ്റെയും ദിബ്രുവിൻ്റെയും സംഗമസ്ഥലം കൂടിയാണിത്.

 

 

2020 മേയിൽ തൊട്ടടുത്ത ഭാഗ്ജൻ എണ്ണക്കിണറിലെ സ്ഫോടനത്തെത്തുടർന്ന് പരന്നൊഴുകിയ എണ്ണ മാഗുരി ബീലിൻ്റെ നിലനിൽപ്പ് തന്നെ ഭീഷണിയിലാക്കിയിരുന്നു. തൊട്ടടുത്ത മാസം ഈ എണ്ണപ്പരപ്പിന് തീ പിടിക്കുകകൂടി ചെയ്തപ്പോൾ തണ്ണീർത്തടം കണ്ണീർത്തടമായി മാറി. പക്ഷെ, മാഗുരിയുടെ ചരമക്കുറിപ്പിന് സമയമായിട്ടില്ലെന്ന സദ്വാർത്തയുമായി 2021 ഫെബ്രുവരിയിൽ ഒരു വിശിഷ്ടാതിഥിയെത്തി. വർഷങ്ങളുടെ ഇടവേളകളിൽ മാത്രം ദർശനം അനുവദിക്കുന്ന മാൻഡരിൻ താറാവ്. പക്ഷിപ്രേമികളെയെല്ലാം ഇത് ഏറെ ആഹ്ളാദത്തിലാക്കി.

 

തദ്ദേശീയമായ 110 ഇനങ്ങളും ദേശാടനക്കാരായ 300-ൽപ്പരം ഇനങ്ങളും പക്ഷികൾ മാഗുരി ബീലിൽ കാണപ്പെടാറുണ്ട്. ബ്ളാക്ക് ബ്രെസ്റ്റഡ് പാരറ്റ് ബിൽ, ഗാഡ്വാൾ, റെഡ് - ക്രസ്റ്റഡ് പോച്ചാർഡ്, ഫെറൂഗിനസ് ഡക്ക്, ചെസ്റ്റ് നട്ട് ക്യാപ്പ്ഡ് ബാബ്ളർ,മാർഷ് ബാബ്ളർ, ജെർഡോൺസ് ബാബ്ളർ, പോച്ചാർഡ്, പിൻടെയിൽ, യെല്ലോ ബെല്ലീഡ് പ്രിനിന, ബാർഹെഡഡ് ഗൂസ്, താറാവിനങ്ങളായ ഫെറുഗിനസ് ഡക്ക്, ഫാൾക്കേറ്റഡ് ഡക്ക്, ബൈക്കാൾ ടീൽ എന്നിങ്ങനെ നീളുന്നു പേരുകൾ.

നവംബർ മുതൽ ജനുവരി വരെയുള്ള തണുപ്പുകാലമാണ് മാഗുരി സന്ദർശിക്കാൻ പറ്റിയ സമയം. ഇക്കാലത്ത് പിങ്ക് നിറമുള്ള ആമ്പലുകളാൽ നിറഞ്ഞ് ഇവിടം കോട്ടയം ജില്ലയിലുള്ള മലരിക്കലിനെ ഓർമിപ്പിക്കും. രാവിലെയോ വൈകിട്ടോ ആണ് പക്ഷിനിരീക്ഷണത്തിന് പറ്റിയത്. ചെറിയ തോണികൾ സഞ്ചാരത്തിന് ലഭ്യമാണ്. പ്രാദേശിക ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട പിക്നിക് ഇടംകൂടിയാണ് മാഗുരി ബീൽ.