ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾ നടക്കാനിരിക്കെ ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായി. തിങ്കളാഴ്ച രാവിലെ നഗരത്തിലെ വായുനിലവാര സൂചിക (എ.ക്യു.ഐ) 349 രേഖപ്പെടുത്തി. ഇതു പ്രകാരം നിലവിലെ വായുവിന്റെ ഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിലാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വായുനിലവാരം ‘മോശം’ വിഭാഗത്തിൽ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര വായുനിലവാര മുന്നറിയിപ്പ് സംവിധാനം (എ.ക്യു.ഇ.ഡബ്ല്യു.എസ്) അറിയിച്ചു. കൂടാതെ ബുധനാഴ്ചയോടെ ‘അതീവമോശം’ വിഭാഗത്തിലേക്ക് ഗുണനിലവാരം താഴാനും സാധ്യതയുണ്ട്. തുടർന്നുള്ള ആറുദിവസങ്ങളിലും മോശം, അതീവ മോശം വിഭാഗങ്ങൾക്കിടയിൽ തുടരാനാണ് സാധ്യത.

To advertise here,

വൈക്കോൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതും താപനില കുറയുന്നതും ഡൽഹിയിലെ വായുമലിനീകരണത്തിന്റെ തോത് വർധിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച 5.33 ശതമാനമായിരുന്ന മലിനീകരണതോത് ഞായറാഴ്ച 18.57 ശതമാനമായി ഉയർന്നു. കാറ്റിന്റെ വേഗം കുറയുന്നതും മൂടൽമഞ്ഞും മലിനവായു അന്തരീക്ഷത്തിൽ തങ്ങിനിൽക്കാൻ കാരണമാകുന്നുണ്ട്. ഞായറാഴ്ച ഡൽഹിയിൽ കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസായിരുന്നു. കാലാവസ്ഥാ ശരാശരിയേക്കാൾ 1.9 ഡിഗ്രി കുറവാണിത്.

മലിനീകരണം നിയന്ത്രിക്കാൻ നവംബർ ഒന്നുമുതൽ ഡൽഹിയിൽ മലിനീകരണ നിയന്ത്രണത്തിനുള്ള പ്രത്യേക കർമപദ്ധതി നിലവിൽവന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബി.എസ്-VI നിലവാരത്തിൽ താഴെയുള്ള, ഡൽഹിക്ക് പുറത്തുള്ള വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശിക്കാനാകില്ല. പൊടിപടലങ്ങൾ ഉയരാൻ ഇടയാക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണമുണ്ട്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർ നേരിട്ടെത്തിയും ശേഷിക്കുന്നവർ വീട്ടിലിരുന്നും ജോലിചെയ്യണമെന്നാണ് നിർദേശം. അവശ്യസേവനങ്ങൾക്ക് ഇളവുണ്ട്.