23 ആവാസവ്യവസ്ഥകളിലായി 350-ലേറെ ജീവികളാണ് നിലവില് പുത്തൂരിലുള്ളത്.

തൃശ്ശൂർ: അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവേശന കവാടം. 100 രൂപയ്ക്ക് പ്രവശന ടിക്കറ്റും 50 രൂപയ്ക്ക് ബസ്സിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റുമെടുത്ത് അകത്തുകടന്നു. 'പ്രകൃതിയെത്ര സുന്ദരമാണ്' എന്ന് തോന്നിപോകുന്ന നിരവധി കാഴ്ചകളാണ് പുത്തൂർ സൂവോളജിക്കൽ പാർക്കിൽ കാത്തിരുന്നത്. കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ചകൾ. 150 ഏക്കറിൽ സജ്ജമാക്കിയിട്ടുള്ള 23 വ്യത്യസ്ത ആവാസ വ്യവസ്ഥകൾ. സൈ്വര്യ വിഹാരം നടത്തുന്ന 150-ലേറേ പക്ഷി-മൃഗാദികൾ. കാട്ടിലെന്ന പോലെ പ്രൗഢിയിൽ ഉലാത്തുന്ന പുലികൾ, കടുവകൾ, മാനുകൾ, കാട്ടുപോത്തുകൾ...
വന്യതയും ജൈവവൈവിധ്യവും ഇഴചേർന്ന മനോഹര അനുഭൂതി. ഭയംകൂടാതെ ഇനി അവ അടുത്തറിയാം. കാത്തിരിപ്പിനു വിരാമമിട്ട് ഏഷ്യയിലെ ആദ്യ ഡിസൈനർ മൃഗശാലയായ തൃശ്ശൂർ പുത്തൂർ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുനൽകി. മന്ത്രിമാരായ എ.കെ. ശശീന്ദ്രനും കെ. രാജനും ടിക്കറ്റെടുത്ത് ആദ്യ സന്ദർശകരായി. പാർക്കിലെ നാലര കിലോമീറ്ററിലൂടെ സഞ്ചാരികൾക്ക് കറങ്ങാൻ ഒരുക്കിയിട്ടുള്ള കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസിൽക്കയറി മന്ത്രിമാർ യാത്രയും ചെയ്തു.
23 ആവാസവ്യവസ്ഥകളിലായി 350-ലേറെ ജീവികളാണ് നിലവിൽ പുത്തൂരിലുള്ളത്. മനോഹരമായ പ്രകൃതിഭംഗിയിൽ സ്വന്തം ആവാസവ്യവസ്ഥയിൽ സൈ്വര്യവിഹാരം നടത്തുന്ന വന്യമൃഗങ്ങളുടെ കാഴ്ച മനസ്സിന് കുളിർമയേകുമെന്നതിൽ സംശയമില്ല. ഗ്ലാസ്മറയ്ക്കപ്പുറം വെള്ളത്തിൽ നീന്തിത്തുടിക്കുന്ന പുലിയും കൂടിന്റെ അഴികളില്ലാതെ തുറന്ന പ്രദേശത്ത് രാജകീയമായി വിലസുന്ന കടുവയുമെല്ലാം പാർക്കിലെത്തുന്നവർക്ക് ദൃശ്യവിസ്മയമൊരുക്കുന്നു.
'ജയിലഴിക്കുള്ളിലെ ജീവിതം' അവസാനിപ്പിച്ചാണ് പല മൃഗങ്ങളും പൂത്തൂരിലെ തുറന്നയിടത്ത് എത്തിയിരിക്കുന്നത്. മൃഗങ്ങൾ പുതിയ ഇടത്തോട് ഇണങ്ങിവരുന്നു. പാർക്ക് ഇനിയുമേറേ വിപുലീകരിക്കാനുണ്ടെങ്കിലും 30 വർഷത്തെ കാത്തിരിപ്പവസാനിപ്പിച്ച് പൊതുജനങ്ങൾക്ക് തുറന്നുനൽകിയതിലൂടെ സഞ്ചാരികളും നാട്ടുകാരും ഏറെ സന്തോഷത്തിലാണ്. ആദ്യദിനംതന്നെ പാർക്കിൽ വൻ തിരക്കായിരുന്നു.ആദ്യ ദിവസം 5000 ഓളം പേർ ടിക്കറ്റ് എടുത്ത് സന്ദർശിച്ചു. ഏകദേശം നാലര ലക്ഷം രൂപ വരുമാനം ലഭിച്ചു.
പുത്തൂർ കേന്ദ്രീകരിച്ച് വിനോദസഞ്ചാര ഇടനാഴി - മന്ത്രി കെ. രാജൻ
പുത്തൂർ: ചുരുങ്ങിയ കാലത്തിനുള്ളിൽ പുത്തൂർഗ്രാമം ലോകവിനോദസഞ്ചാരഭൂപടത്തിൽ ഇടംനേടുമെന്നും ഗ്രാമീണ വിനോദസഞ്ചാരരംഗത്ത് ശ്രദ്ധേയമാകുമെന്നും മന്ത്രി കെ. രാജൻ. സുവോളജിക്കൽപാർക്ക് ജനങ്ങൾക്ക് തുറന്നുനൽകിയശേഷം കാഴ്ചകൾ ആസ്വദിച്ച് ഭാവിപദ്ധതികൾ വിലയിരുത്തുകയായിരുന്നു അദ്ദേഹം. പുത്തൂരിലേക്ക് രണ്ടു മാസത്തിനകം കുറച്ച് ജീവികളെക്കൂടി കൊണ്ടുവരും.രാജ്യത്തെ ആദ്യത്തെ ആധുനിക ഡിസൈനർ മൃഗശാല പുത്തൂരിലേതാണ്. പുതിയ ഡബിൾഡെക്കർ ബസ് അടുത്തയാഴ്ച എത്തും. നഗരത്തിൽനിന്ന് സുവോളജിക്കൽപാർക്കിലേക്കും ഇവിടെ നിന്ന് തിരിച്ചും സർവീസ് ഏർപ്പെടുത്തും. പീച്ചി-ചിമ്മിനി മലയോരപാതയിൽ മധ്യഭാഗത്തായുള്ള പുത്തൂരിനെ ഉൾപ്പെടുത്തി വിനോദസഞ്ചാര ഇടനാഴിക്ക് പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
ഇതിൽ മരോട്ടിച്ചാലിലെ ഓലക്കയം, ഇലഞ്ഞിക്കുത്ത് വെള്ളച്ചാട്ടങ്ങൾ, പുത്തൂർ കായൽ ടൂറിസം പദ്ധതി, എരവിമംഗലം ഡോ. സുകുമാർ അഴീക്കോട് സ്മാരകം, കേരളപഴനി ചോച്ചേരിക്കുന്ന് ക്ഷേത്രം, ഒല്ലൂരിലെ വിശുദ്ധ എവുപ്രാസ്യമ്മ തീർഥകേന്ദ്രം, കൈനൂർ സൈനികകേന്ദ്രം, വാണിയംപാറയിലെ തുരങ്കയാത്ര തുടങ്ങിയ വിവിധ മേഖലകളെ ഉൾപ്പെടുത്തും. രാത്രി താമസിച്ച് ഒരു മുഴുവൻദിവസം വിനോദസഞ്ചാരികൾക്ക് ചെലവഴിക്കാൻ കഴിയുന്ന വിധത്തിലുള്ള പാക്കേജാണ് വിഭാവന ചെയ്തിട്ടുള്ളത്. ഇതിനായി പുത്തൂരിൽ വീട്ടുകാർക്ക് ഹോംസ്റ്റേ ഒരുക്കുന്നതിന് അനുമതി നൽകും. വനംവകുപ്പിന്റെ നിരീക്ഷണവും ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. പുത്തൂർ-വരന്തരപ്പിള്ളി പഞ്ചായത്തുകളെ ബന്ധപ്പെടുത്തിയുള്ള റോഡ് നവീകരിച്ച് പീച്ചി -ചിമ്മിനി മലയോരയാത്ര സുഗമമാക്കും. പുത്തൂരിൽ പുതിയ പോലീസ്സ്റ്റേഷൻ ഉടൻ സജ്ജമാക്കും. തത്കാലം സുവോളജിക്കൽപാർക്കിനുസമീപം റോഡരികിലെ ഓഫീസ് കെട്ടിടം പോലീസ്സ്റ്റേഷനായി വിട്ടുനൽകുമെന്നും മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ നാല് പഞ്ചായത്തുകൾക്കും പദ്ധതി നേട്ടമാകും. തൃശ്ശൂർ നഗരത്തിലെ ഇടുങ്ങിയ കൂടുകളിൽനിന്ന് സുവോളജിക്കൽപാർക്കിലെ വളരെ വിസ്തൃതമായ ആവാസ ഇടങ്ങളിലേക്ക് പക്ഷിമൃഗാദികളെ മാറ്റാൻ കഴിഞ്ഞതിനും ജനങ്ങൾക്ക് കാണാൻ അവസരം ഉണ്ടാക്കിയതിനും വളരെ സംതൃപ്തിയുണ്ടെന്ന് ഫ്രൻഡ്‌സ് ഓഫ് സൂ സെക്രട്ടറി എം. പീതാംബരൻ അറിയിച്ചു. പൊതുജനങ്ങൾക്ക് തുറന്നുനൽകുന്ന ചടങ്ങിൽ കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യാ രാജേഷ്, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സേതുമാധവൻ, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ജോബി ജോസ് തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Asia's first 'designer' zoological park is now open to the public in Thrissur., Features 23 distinct, cageless habitats spread across 150 acres.
Published: 01 Mar 2026, 08:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented