
തിരുവനന്തപുരം: കാർബൺ ബഹിർഗമനത്തിൽ നേട്ടവുമായി കാട്ടാക്കട നിയോജക മണ്ഡലം. കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 46.75% കുറവുണ്ടായതായാണ് രണ്ടാം കാര്‍ബണ്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു നിയോജക മണ്ഡലത്തിൽ രണ്ടാമതും ഓഡിറ്റ് നടത്തി പ്രവർത്തന പുരോഗതി വിലയിരുത്തുന്നത്. കോഴിക്കോട് ആസ്ഥാനമായുള്ള ജലവിഭവ വിനിയോഗ കേന്ദ്രത്തിൻ്റെ (Centre for Water Resoruces Development & Management) തിരുവനന്തപുരം റീജിയണൽ സെൻ്ററിലെ ഡോ. ശ്രുതി കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടാക്കട മണ്ഡലത്തിലെ ഓഡിറ്റ് പൂർത്തീകരിച്ചത്. ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) 2006, 2019 മാനദണ്ഡങ്ങള്‍ പാലിച്ചാണിത്.
സൗരോർജ്ജ പദ്ധതി, മാലിന്യ മുക്തം കാട്ടാക്കട പദ്ധതി, ഫലവൃക്ഷത്തോട്ടങ്ങൾ, ജലസമൃദ്ധി പദ്ധതി എന്നിവയുമായി ബന്ധപ്പെട്ടാണ് കാർബൺ ബഹിർഗമനത്തിൽ ഏറ്റവും ഗണ്യമായ കുറവുണ്ടായിരിക്കുന്നത്. പ്രകൃതിദത്ത ആഗിരണ മാർഗങ്ങളിലൂടെയുള്ള കാർബൺ ആഗിരണം 16.1ശതമാനമാണ്. ആറ് പഞ്ചായത്തുകളും കാർബൺ ആഗിരണത്തിൽ പുരോഗതി പ്രകടമായി.
മെച്ചപ്പെട്ട വിളഭൂമി ഉൽപ്പാദനക്ഷമതയും ജലസമൃദ്ധി പദ്ധതിക്ക് കീഴിലുള്ള ഇടപെടലുകളും മൂലം കാട്ടാക്കട ഗ്രാമപഞ്ചായത്ത് കാർബൺ ആഗിരണത്തിൽ 221% വർധനവ് രേഖപ്പെടുത്തി മുന്നിലെത്തി. റംബൂട്ടാൻ അടക്കം കൃഷിയിട തോട്ടങ്ങൾ വർധിച്ചതും ജലസമൃദ്ധി പദ്ധതിയിൽ ഏറ്റെടുത്ത മറ്റ് പ്രവർത്തനങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിൽ. സ്ഥാപനാടിസ്ഥാനത്തിൽ നടത്തിയ ഇടപെടലുകളിലൂടെയും സാമൂഹികമായി നടത്തിയ പ്രവർത്തനങ്ങളുടെയും ഫലമായി 2.2% കുറവ് ഉണ്ടാക്കാനായിട്ടുണ്ട്. ഇതിൽ സോളാർ പദ്ധതിയുടെ പങ്ക് മൊത്തം കുറവിന്റെ 39.2 ശതമാനവും മാലിന്യമുക്തം കാട്ടാക്കടയുടെ പങ്ക് മൊത്തം കുറവിന്റെ 60 ശതമാനവും ആണ്. കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള നിരവധി ശുപാർശകളും റിപ്പോർട്ടിലുണ്ട്.
റിപ്പോര്‍ട്ട് മുന്നോട്ടുവെയ്ക്കുന്ന ശുപാര്‍ശകള്‍
1) സൗരോര്‍ജ്ജ പദ്ധതിയില്‍ കൂടുതല്‍ വീടുകളെയും സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തുക
2) മാലിന്യ മുക്തം കാട്ടാക്കടയെ ശക്തിപ്പെടുത്തുക
3) ഗതാഗത മേഖലയിലെ മലിനീകരണം കുറക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുക
4) പൊതു, മുനിസിപ്പല്‍ ഗതാഗതത്തെ വൈദ്യുതീകരിക്കുക
5) 2025 മുതല്‍ സീറോ-എമിഷന്‍ ബസുകള്‍, ടാക്‌സികള്‍, മുനിസിപ്പല്‍ വാഹനങ്ങള്‍ എന്നിവ മാത്രം വാങ്ങുക
6) എല്ലാ പഞ്ചായത്തുകളിലും ഇ.വി ചാര്‍ജിങ് അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുകയും വികസിപ്പിക്കുകയും ചെയ്യുക
7) ഇലക്ട്രിക് വാഹന ഉപയോഗം വര്‍ധിപ്പിക്കുന്നതിന് പ്രോത്സാഹന പദ്ധതികള്‍ അവതരിപ്പിക്കുക
8) മൊബൈല്‍ ആപ്പുകളിലൂടെയും പൊതു പദ്ധതികളിലൂടെയും ഇ-ബൈക്കുകള്‍, ഷെയര്‍ മൊബിലിറ്റി, മോട്ടോറൈസ് ചെയ്യാത്ത ഗതാഗതം (എന്‍എംടി) എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ക്യാംപയിനുകള്‍ ആരംഭിക്കുക
അതേസമയം, കാട്ടാക്കട കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിൽ ശ്രദ്ധേയമായ പുരോഗതി രേഖപ്പെടുത്തിയെങ്കിലും കാട്ടാക്കട നിയോജക മണ്ഡലം ഇപ്പോഴും കാർബൺ പോസിറ്റീവ് എന്ന നിലയിൽ തന്നെ തുടരുകയാണെന്നും നിയോജകമണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളിലും അധിക കാർബൺ ബഹിർഗമനമാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
കാട്ടാക്കട മണ്ഡലത്തിലെ കാര്‍ബണ്‍ ബഹിര്‍ഗമനത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച് തയ്യാറാക്കിയ രണ്ടാമത്തെ കാര്‍ബണ്‍ ഓഡിറ്റ് റിപ്പോര്‍ട്ട് കൃഷിമന്ത്രി പി.പ്രസാദ് ആണ് പ്രകാശനം ചെയ്തത്. വികസനമെന്നാല്‍ റോഡുകളും പാലങ്ങളും ബഹുനില മന്ദിരങ്ങളും മാത്രമല്ലെന്നും പ്രാണവായുവിന്റെ ശുദ്ധീകരണം ലക്ഷ്യമിട്ടുള്ള കാര്‍ബണ്‍ ന്യൂട്രല്‍ കാട്ടാക്കട പ്രൊജ്ക്ട് ഒരു നാടിന്റെ ഭാവിക്കായുളള ഏറ്റവും വലിയ പദ്ധതിയാണെന്നും കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു.
കഴിഞ്ഞദിവസം മിന്നൽപ്രളയവും ഉരുൾപൊട്ടലും നേരിട്ട ഉത്തരാഖണ്ഡ് ഒറ്റപ്പെട്ട സംഭവമല്ല. ഒരു അപകടവും രോഗവും നമ്മളെ ബാധിക്കില്ല എന്നതാണ് മലയാളികളുടെ ചിന്താഗതി. ഓഖിയും മുണ്ടക്കൈ ദുരന്തവും ഈ ചിന്താഗതി മാറ്റിമറിച്ചു. പരിസ്ഥിതിയുടെ രാഷ്ട്രീയത്തെയാണ് കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയിലൂടെ ഐ.ബി. സതീഷ് എം.എൽ.എ മുന്നോട്ടുവച്ചത്. അനിയന്ത്രിതമായ ചൂഷണത്തിനെതിരായ രാഷ്ട്രീയമാണിത്. കാർബൺഡൈ ഓക്സൈഡ് പോലുള്ള ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷത്തിൽ അമിതമായി പുറന്തള്ളപ്പെടുന്ന സാഹചര്യത്തിൽ ഈ കാർബൺ ബഹിർഗമനം കുറയ്ക്കുക എന്നത് ഒരു രാഷ്ട്രീയപ്രവർത്തനവും വികസനപ്രവർത്തനവുമായി കണക്കാക്കുന്നു എന്നതാണ് ഐ.ബി സതീഷിൻ്റെയും കാട്ടാക്കട മണ്ഡലത്തിൻ്റെയും പ്രത്യേകതയെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് സി.ഡബ്ല്യു.ആർ.ഡി.എം സയന്റിസ്റ്റ് ഡോ. ശ്രുതി കെ.വി. കാർബൺ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. ഐ.ബി സതീഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കില ഡയറക്ടർ ജനറൽ നിസാമുദ്ദീൻ ഐ.എ.എസ്, സി.ഡബ്ല്യു.ആർ.ഡി.എം ഡയറക്ടർ ഡോ. മനോജ് പി സാമുവൽ, ഭൂവിനിയോഗ വകുപ്പ് ഓഫീസർ സജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, നേമം ബ്ലോക്ക് പ്രസിഡന്റ് എസ്.കെ. പ്രീജ, കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽകുമാർ, മാറനെല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ. സുരേഷ്കുമാർ, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് കെ. രാകേഷ്, മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എ. വത്സലകുമാരി, വിളവൂർക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി. ലാലി മുരളി, വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ ആർ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: less carbon emission kattakada in the path of carbon neutral
Published: 06 Aug 2025, 05:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented