കൊച്ചി: 'നെറ്റ് സീറോ കാർബൺ എമിഷൻ' എന്ന ലക്ഷ്യം 2070-ഓടെ കൈവരിക്കാൻ രാജ്യത്തെ നിരത്തുകളിൽനിന്ന് ഭാവിയിൽ ഡീസൽ വാഹനങ്ങളെ പൂർണമായി ഒഴിവാക്കേണ്ടി വരും. പകരമായി ഹൈബ്രിഡ്, വൈദ്യുത (ഇ.വി.), സി.എൻ.ജി. വാഹനങ്ങൾക്ക് കൂടുതൽ മുൻഗണന നൽകേണ്ടത് അനിവാര്യമാണെന്ന് നിതി ആയോഗിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

To advertise here,

നെറ്റ് സീറോ ലക്ഷ്യത്തിനായി ഉയർന്ന മലിനീകരണ തോതുള്ള ഡീസൽ വാഹനങ്ങൾ നിരത്തിൽ നിന്ന് ഒഴിവാക്കുമ്പോൾ പെട്രോൾ വാഹനങ്ങളുടെ ഉപയോഗത്തിലും കുറവ് വരുത്തേണ്ടി വരും. നിലവിലുള്ള 76 ശതമാനത്തിൽനിന്ന് 2070-ഓടെ പെട്രോൾ വാഹനങ്ങളുടെ എണ്ണം 29 ശതമാനമായി കുറയ്ക്കണമെന്നാണ് കണക്ക്.

ഇതേ കാലയളവിൽ വൈദ്യുത വാഹന (ഇ.വി.) ങ്ങളുടെ ഉപയോഗം നിലവിലെ 24 ശതമാനത്തിൽ നിന്ന് 45 ശതമാനമായി ഉയർത്തേണ്ടതുണ്ട്. ബയോഫ്യുവൽ വാഹനങ്ങളുടെ ഉപയോഗം നിലവിലെ എട്ട് ശതമാനത്തിൽനിന്ന് 20 ശതമാനമായും, സി.എൻ.ജി./ ഹൈഡ്രജൻ വാഹനങ്ങളുടെ ഉപയോഗം 90 ശതമാനമായും ഉയർത്തേണ്ടി വരും.

ബാറ്ററികൾ ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ അവയുടെ നിർമാണവേളയിൽ കാർബൺ മലിനീകരണം നടത്തുന്നുണ്ട്. നിർമാണ സമയത്തുണ്ടായ മലിനീകരണത്തെ മറികടക്കാൻ ഏകദേശം ഒന്നര മുതൽ രണ്ടുലക്ഷം കിലോമീറ്റർ വരെ ഇ.വി.കൾ സഞ്ചരിക്കേണ്ടി വരും. അതിനാലാണ് ഇ.വി.കളേക്കാൾ സി.എൻ.ജി. മാതൃകയിലുള്ള വാഹനങ്ങൾ കൂടുതലായി ശുപാർശ ചെയ്യുന്നത്.

ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനൊപ്പം വാഹനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് കർശനമായ കോർപ്പറേറ്റ് ആവറേജ് ഫ്യുവൽ ഇക്കോണമി (സി.എ.എഫ്.ഇ.) മാനദണ്ഡങ്ങൾ, ഭാരത് സ്റ്റേജ് (ബി.എസ്.) മാനദണ്ഡങ്ങൾ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്നിവയും നടപ്പിലാക്കേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.