കോവിഡ് ലോക്ഡൗൺ കാലത്ത് വായുമലിനീകരണം കുറഞ്ഞെങ്കിലും പിന്നാലെ അന്തരീക്ഷത്തിലെ മീഥെയ്ൻ്റെ അളവ് കൂടിയതായി പഠനം. കോവിഡ്കാലത്ത് വാഹനങ്ങളും വ്യവസായങ്ങളും കുറഞ്ഞതോടെ നൈട്രജൻ ഓക്സൈഡിൻ്റെ പുറന്തള്ളൽ കുറഞ്ഞിരുന്നു. അതേസമയം ഇത് മീഥെയ്ൻ ക്രമീകരിക്കുന്ന പ്രകൃതിദത്ത 'ക്ലീനിങ് ഏജന്റായ ഹൈഡ്രോക്സിൽ റാഡിക്കലുകളുടെ അളവും കുറച്ചു. തത്ഫലമായി മീഥെയ്ൻ അളവ് കൂടുകയാണുണ്ടായത്.

To advertise here,

2020-21 കാലത്തെ മീഥെയ്ൻ വർധനയുടെ 80 ശതമാനവും ഈ 'ക്ലീനിങ് ഏജൻ്റിൻ്റെ' കുറവ് മൂലമാണ് സംഭവിച്ചതെന്ന് നെയ്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

ഭൂമധ്യരേഖാ പ്രദേശത്ത് സമുദ്രോപരിതലത്തിലെ താപനില സാധാരണയെക്കാൾ കുറയുമ്പോഴുണ്ടാകുന്ന ലാ നിന പ്രതിഭാസംമൂലം ഉഷ്ണമേഖലാ പ്രദേശങ്ങളിലുണ്ടായ കനത്ത മഴയും ഈർപ്പവും ചതുപ്പുകളിൽനിന്നും കൃഷിയിടങ്ങളിൽനിന്നുമുള്ള മീഥെയ്ൻ പുറന്തള്ളൽ വർധിപ്പിച്ചു.

കാർബൺ ഡയോക്സൈഡിനെക്കാൾ 80 മടങ്ങ് കൂടുതൽ ചൂട് അന്തരീക്ഷത്തിൽ നിലനിർത്താൻ ശേഷിയുള്ള വാതകമാണ് മീഥെയ്ൻ.