ലോകത്തെ സമുദ്ര താപനില ക്രമാതീതമായി ഉയരുന്നതിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് അടുത്തകാലത്തായി പുറത്തുവരുന്നത്. 2025-ൽ ലോകത്തിലെ സമുദ്രങ്ങൾ താപനിലയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചതായും കഴിഞ്ഞ ആയിരം വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയിലാണ് സമുദ്രങ്ങൾ നിലകൊള്ളുന്നതെന്നും ശാസ്ത്രലോകം കണക്കുകൾ നിരത്തി വ്യക്താമാക്കുന്നു.
മനുഷ്യ ഇടപെടൽ മൂലം അനിയന്ത്രിതമായി പുറന്തള്ളപ്പെടുന്ന കാർബൺ മൂലമുണ്ടാകുന്ന അധിക താപത്തിന്റെ 90 ശതമാനത്തിലധികവും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. അതിനാൽ, ആഗോളതാപനത്തിന്റെ അളവ് കൃത്യമായി മനസ്സിലാക്കാൻ സമുദ്രങ്ങളിലെ ഈ ചൂടിനെയാണ് ശാസ്ത്രജ്ഞർ പ്രധാന സൂചകമായി കണക്കാക്കുന്നത്.
സമുദ്രങ്ങൾ ആഗിരണം ചെയ്യുന്ന ഈ ചൂടിന്റെ അളവ് ലോകമെമ്പാടുമുള്ള മനുഷ്യർ ഉപയോഗിക്കുന്ന മൊത്തം വൈദ്യുതിയുടെ 200 മടങ്ങോളം അധികമാണ് എന്നതാണ് വസ്തുത. സമുദ്രത്തിന്റെ ഉപരിതലം മുതൽ 2,000 മീറ്റർവരെ താഴ്ചയിലുള്ള ഭാഗങ്ങളിലാണ് ഈ ചൂട് പ്രധാനമായും സംഭരിക്കപ്പെടുന്നത്. എൽ നിനോ, ലാ നിനാ തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങൾക്കനുസരിച്ച് അന്തരീക്ഷ താപനില മാറുമെങ്കിലും സമുദ്രങ്ങൾ സ്ഥിരമായി ചൂട് സംഭരിക്കുന്നത് തുടർന്നുകൊണ്ടേയിരിക്കുന്നു. ഈ താപവർധനവ് ആഗോളതലത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്.
രണ്ടായിരമാണ്ടിന്റെ തുടക്കം മുതൽ എല്ലാ വർഷങ്ങളിലും സമുദ്രതാപനില വർധിച്ചുവരികയാണ്. ചുഴലിക്കാറ്റുകൾക്ക് ശക്തിപകരുന്ന പ്രധാന ഇന്ധനം സമുദ്രോപരിതല താപനിലയാണ്. അതിനാൽ സമുദ്രോപരിതലത്തിലെ ചൂട് കൂടുന്നത് തീരദേശങ്ങളിൽ ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റുകളുടെയും ടൈഫൂണുകളുടെയും തീവ്രത വർധിപ്പിക്കുന്നു. അതിശക്തമായ മഴയ്ക്കും വലിയ പ്രളയങ്ങൾക്കും ഈ പ്രതിഭാസം വഴിവെക്കുന്നുണ്ട്.
കൂടാതെ, ദീർഘനേരം നീണ്ടുനിൽക്കുന്ന സമുദ്രതാപതരംഗങ്ങൾ (marine heatwaves) കടലിലെ ജീവജാലങ്ങളെ വൻതോതിൽ നശിപ്പിക്കുന്നു. ചൂട് കൂടുമ്പോൾ സമുദ്രജലം വികസിക്കുന്നതുമൂലം (thermal expansion) സമുദ്രനിരപ്പ് ഉയരുന്നത് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിന് ഭീഷണിയാകുന്നുണ്ട്.
ലോകത്തിന്റെ വിവിധ സമുദ്ര മേഖലകളിൽ ഈ മാറ്റങ്ങൾ പ്രകടമാകുന്നുണ്ട്. അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളിലും അന്റാർട്ടിക്കയ്ക്ക് ചുറ്റുമുള്ള സതേൺ ഓഷ്യനിലും ചൂട് ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
അന്റാർട്ടിക്കയിലെ കടൽ മഞ്ഞ് കഴിഞ്ഞ വർഷങ്ങളിൽ വൻതോതിൽ ഉരുകിയത് ശാസ്ത്രലോകത്തെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ, മെഡിറ്ററേനിയൻ കടലിലും വടക്കൻ അറ്റ്ലാന്റിക്കിലും കടൽവെള്ളം ചൂടുപിടിക്കുന്നതിനൊപ്പം ഉപ്പുരസം കൂടുകയും ഓക്സിജന്റെ അളവ് കുറയുകയും ചെയ്തതായി പഠനങ്ങൾ തെളിയിക്കുന്നു. ഇത് സമുദ്രത്തിലെ ആവാസവ്യവസ്ഥയെ കൂടുതൽ ദുർബലപ്പെടുത്തുകയും കടൽ ജീവികളുടെ നിലനിൽപ്പിന് ഭീഷണിയാവുകയും ചെയ്യുന്നു.
കാർബൺ മലിനീകരണം നിയന്ത്രണവിധേയമാക്കുന്നത് വരെ താപനിലയിലെ ഈ റെക്കോർഡുകൾ മാറിമറിഞ്ഞുകൊണ്ടേയിരിക്കുമെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ്. സമുദ്രങ്ങളെ സംരക്ഷിക്കാനും സന്തുലിതമായ കാലാവസ്ഥ ഉറപ്പാക്കാനും നമുക്ക് മുന്നിലുള്ള വഴി മലിനീകരണം കുറയ്ക്കുക എന്നതാണ്. കാർബൺ മലിനീകരണം ഗണ്യമായി കുറയ്ക്കാത്ത പക്ഷം, താപനിലയിലെ ഈ റെക്കോർഡുകൾ ഉയർന്നുകൊണ്ടേയിരിക്കും. ഇതിനായുള്ള ഏക പോംവഴി മലിനീകരണം നിയന്ത്രിക്കുക എന്നത് മാത്രമാണെന്ന് ശാസ്ത്രജ്ഞർ ഓർമിപ്പിക്കുന്നു.
Content Highlights: 2025 ocean temperatures shatter records. Oceans absorb 90% of excess heat, driving extreme weather.
Published: 12 Jan 2026, 02:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented