ന്യൂഡൽഹി: ഝാർഖണ്ഡിലെ ചത്ര ജില്ലയിൽ കൽക്കരി ഖനന പദ്ധതി വികസിപ്പിക്കുന്നതിനായി 928.03 ഹെക്ടർ വനഭൂമി വിട്ടുനൽകാനുള്ള നിർദേശത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വനം ഉപദേശക സമിതി അംഗീകാരം നൽകി. ചത്ര ജില്ലയിലെ നോർത്ത് കരണപുര കൽക്കരിപ്പാടത്ത് സ്ഥിതിചെയ്യുന്ന അശോക് വിപുലീകരണ ഓപ്പൺകാസ്റ്റ് കൽക്കരി ഖനന പദ്ധതിയുടെ ഉൽപ്പാദനശേഷി പ്രതിവർഷം രണ്ട് കോടി ടണ്ണായി ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വനഭൂമി വിട്ടുനൽകുന്നതിന്റെ ഭാഗമായി 5.67 ലക്ഷം മരങ്ങൾ മുറിച്ചുമാറ്റേണ്ടിവരും. ഇതിൽ 2.43 ലക്ഷം എണ്ണം സാൽ മരങ്ങളാണ്. വനനശീകരണം, ആനകളുടെ ആവാസവ്യവസ്ഥയുടെ വിഭജനം, ഖനന പ്രവർത്തനങ്ങൾ, കൃഷിയുടെ വ്യാപനം എന്നിവയാണ് ഝാർഖണ്ഡിൽ മനുഷ്യരും ആനകളും തമ്മിലുള്ള സംഘർഷം വർധിക്കുന്നതിന് പ്രധാന കാരണങ്ങളായി പരിസ്ഥിതി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അതിനാൽ പദ്ധതി പൂർത്തിയാകുന്നതോടെ, കാട്ടാനകൾ ജനവാസമേഖലകളിലേക്ക് ഇറങ്ങുമെന്ന ആശങ്കകളും വർധിച്ചിരിക്കുകയാണ്.
സംരക്ഷിത വനമേഖലയുടെ പരിധിയിൽ ഉൾപ്പെടുന്നില്ലെങ്കിലും ഖനനത്തിനായി വിട്ടുനൽകാൻ നിർദേശിച്ച വനഭൂമിയിൽ ആനകൾ, കഴുതപ്പുലികൾ, കുറുനരികൾ, ബംഗാൾ കുറുക്കന്മാർ, പെരുമ്പാമ്പുകൾ തുടങ്ങിയ വന്യജീവികളുടെ സാന്നിധ്യമുണ്ട്. നിലവിലുള്ള ഖനനമേഖലയുടെ പടിഞ്ഞാറൻ ഭാഗത്തേക്കാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. ചത്ര സൗത്ത് വനം ഡിവിഷന്റെ പരിധിയിലാണ് ഈ പ്രദേശം.
ഖനനപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി പ്രദേശത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്തുള്ള വന്യജീവി പരിപാലന പദ്ധതി തയ്യാറാക്കണമെന്ന് എഫ്.എ.സി നിർദേശിച്ചിട്ടുണ്ട്. ഝാർഖണ്ഡ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അംഗീകാരം ലഭിക്കേണ്ട പദ്ധതിയിൽ ഗ്രാമവാസികളുടെ ശുപാർശകളും ഉൾപ്പെടുത്തണം.
ഖനനപദ്ധതി വന്യജീവികളിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും പരിപാലന പദ്ധതിയുടെ ഫലപ്രാപ്തിയും വിലയിരുത്തുന്നതിനായി ഡബ്ല്യു.ഐ.ഐയുടെ നേതൃത്വത്തിൽ ഗവേഷണവും നിരീക്ഷണവും നടത്തണമെന്നും സമിതി നിർദേശിച്ചു. പദ്ധതി തയ്യാറാക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള മുഴുവൻ ചെലവും ഖനനപദ്ധതിയുടെ നടത്തിപ്പുകാർ വഹിക്കണമെന്നും എഫ്.എ.സി നിർദേശമുണ്ട്.
Content Highlights: 928.03 hectares of forest land in Jharkhand's Chatra district approved for open-cast coal mining., 5.67 lakh trees, including 2.43 lakh Sal trees, will be cut down for the project., Raises serious concerns over increasing human-elephant conflicts in the region., Wildlife Institute of India (WII) reported 20 deaths in early 2026 due to such conflicts., FAC mandated a specialized wildlife management plan and continuous monitoring at the project's expense.
Published: 16 Nov 2026, 02:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented