ന്യൂഡൽഹി: പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലകളിൽ പ്രകൃതിക്ഷോഭങ്ങളുടെ കാഠിന്യം കൂടുതലെന്ന് പഠനത്തിൽ കണ്ടെത്തൽ. ഇതിൽത്തന്നെ മണ്ണിടിച്ചിൽ സാധ്യതാപ്രദേശങ്ങളെടുത്താൽ രാജ്യത്ത് രണ്ടാംസ്ഥാനത്ത് ഇടുക്കി ജില്ലയാണെന്ന് സ്വകാര്യ പരിസ്ഥിതിപഠന ഏജൻസിയായ വിധി സെന്റർ ഫോർ ലീഗൽ പോളിസിയുടെ കണ്ടെത്തൽ.
പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലകളിൽ പ്രളയഭീഷണിയുടെ തോതിൽ ആയിരം ശതമാനം വർധനയാണ് 50 വർഷത്തിനിടയിലുണ്ടായിട്ടുള്ളതെന്നും റിപ്പോർട്ട് പറയുന്നു. രാജ്യത്തിന്റെ മറ്റ് മേഖലകളിലെല്ലാമായി 410 ശതമാനം മാത്രമാണ് വർധനയെന്നത് പശ്ചിമഘട്ടമേഖല നേരിടുന്ന ഗുരുതര ഭീഷണിയിലേക്ക് വിരൽചൂണ്ടുന്നു. പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല സംബന്ധിച്ച അന്തിമവിജ്ഞാപനം ഇനിയും കേന്ദ്രം പുറത്തിറക്കിയിട്ടില്ല.
ആറ് സംസ്ഥാനങ്ങളിലെ 47 ജില്ലകളിലാണ് പഠനം നടത്തിയത്. 47 ജില്ലകളിലും കുറഞ്ഞത് ഒരു പ്രളയമെങ്കിലും 1990-നും 2010-നുമിടയിൽ സംഭവിച്ചിട്ടുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി. പശ്ചിമഘട്ടമേഖലയിൽ കേരളത്തിൽ മാത്രം 40.8 ശതമാനമാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയ പ്രളയത്തിന്റെ തോത്.
പ്രളയത്തിന്റെ സ്വഭാവം മാറി
പ്രളയത്തിന്റെ സ്വഭാവത്തിലും മാറ്റമുണ്ടായി. പ്രളയത്തിന്റെ ദൈർഘ്യം കുറഞ്ഞെങ്കിലും അടിക്കടി ആവർത്തിക്കുന്നത് വർധിച്ചു. 1970-80 കാലയളവിൽ ശരാശരി 7.3 ദിവസത്തിലൊരിക്കലാണ് സംഭവിച്ചിരുന്നതെങ്കിൽ 2010-20ൽ അത് 3.4 ദിവസത്തിലൊരിക്കലായി. ഒരു ജില്ലയിൽ വർഷത്തിൽ സംഭവിക്കുന്ന പ്രളയത്തിന്റെ എണ്ണം 7.1 മടങ്ങ് വർധിച്ചു.
പരിസ്ഥിതിലോല മേഖലകളിൽ രേഖപ്പെടുത്തിയ പ്രളയങ്ങളിൽ 43.3 ശതമാനവും 10 ജില്ലകളിലാണ്. തിരുവനന്തപുരത്താണ് ഏറ്റവുമധികം. 232 എണ്ണം. വയനാട്-149, പുണെ-139, ഇടുക്കി-116 എന്നിങ്ങനെയാണ് മറ്റു ജില്ലകൾ. 47 ഇ.എസ്.എ. ജില്ലകളിൽ 38 ജില്ലകളെയും കഴിഞ്ഞ 15 വർഷത്തിനിടയിൽ ഒരു തവണയെങ്കിലും വരൾച്ചാബാധിതമേഖലയായി പ്രഖ്യാപിക്കേണ്ടിവന്നിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
Content Highlights: Idukki ranks second in India for landslide-prone areas in the Western Ghats., Flood threats in eco-sensitive zones of the Western Ghats have increased by 1000% over 50 years., Study covers 47 districts across 6 states, highlighting shifting patterns of frequent, shorter floods., 38 out of 47 eco-sensitive districts faced drought conditions in the last 15 years.
Published: 12 Nov 2026, 05:35 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented