റിലയൻസിന്റെ പദ്ധതി രാജ്യത്തിന്റെ ഊർജസുരക്ഷയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ശേഷിയുള്ളതാണ്. എന്നിരുന്നാലും ഭൂമിക്കടിയിലെ സങ്കീർണമായ പ്രക്രിയകൾ സാമ്പത്തിക ലാഭത്തോടെയും സുരക്ഷിതമായും നടപ്പിലാക്കാൻ കഴിയുമെന്ന് ആദ്യഘട്ടത്തിൽത്തന്നെ തെളിയിക്കേണ്ടതുണ്ട്.

ഇന്ധന ഇറക്കുമതി കുറച്ച് ഊർജമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ലക്ഷ്യമിട്ട് ആന്ധ്രപ്രദേശിൽ 2.73 ലക്ഷം കോടി രൂപയുടെ വൻ വാതക പദ്ധതിയുമായി റിലയൻസ് ഇൻഡസ്ട്രീസ്. കൽക്കരി ശേഖരം ഉപരിതലത്തിലേക്ക് ഖനനം ചെയ്തെടുക്കാതെ തന്നെ ഹൈഡ്രജൻ, മെഥനോൾ, അമോണിയ, പ്രകൃതിവാതകം എന്നിവ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. സാങ്കേതികമായി ഒട്ടേറെ വെല്ലുവിളികളുള്ള പദ്ധതിയുടെ ആദ്യഘട്ട വിജയം വിലയിരുത്തിയാകും തുടർനടപടികൾ.
മൂന്നു ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്:
പര്യവേഷണം (2026-2027): സാങ്കേതിക പ്രായോഗികത തെളിയിക്കുന്ന ഈ ഘട്ടത്തിൽ 3,000 കോടി രൂപ നിക്ഷേപിക്കും. 2026-ൻ്റെ മൂന്നാം പാദത്തിൽ തുടങ്ങി 2027-ൻ്റെ അവസാന പാദത്തോടെ പൂർത്തിയാകും.
വികസന പ്രവർത്തനങ്ങൾ (2028-2030): ആദ്യഘട്ടം വിജയകരമായാൽ 1.2 ലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തും.
വാണിജ്യ ഉത്പാദനം (2030 മുതൽ): ഉത്പാദന ഘട്ടത്തിൽ ബാക്കി 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കും.
| ബ്ലോക്ക് | വിസ്തീർണ്ണം (ഏക്കറിൽ) | കൽക്കരി ശേഖരം (ദശലക്ഷം ടണ്ണിൽ) | |
|---|---|---|---|
| ചിന്തലപ്പൂടി | 3,000 | 904.94 | |
| റെച്ചർല | 5,500 | 2,225.67 |
കൽക്കരിയിൽനിന്ന് വാതകം
- പരമ്പരാഗത രീതിയിൽ ഖനനം നടത്താതെ കൽക്കരിയെ ഭൂഗർഭത്തിൽവെച്ചുതന്നെ വാതകമാക്കി മാറ്റുന്ന രീതിയാണിത്.
- ഭൂനിരപ്പിൽനിന്ന് 500 മീറ്ററിലധികം ആഴത്തിലുള്ള കൽക്കരി പാളികളിലേക്ക് കിണറുകൾ നിർമിക്കും.
- തുടർന്ന് വായുവോ നീരാവിയോ കടത്തിവിട്ട് ഭാഗികമായി കത്തിക്കും.
- ഈ പ്രക്രിയയിലൂടെ ഉണ്ടാകുന്ന വാതകം മറ്റൊരു കിണർ വഴി ഉപരിതലത്തിലെത്തിക്കും.
ഹൈഡ്രജൻ, കാർബൺ മോണോക്സൈഡ്, മീഥെയ്ൻ, കാർബൺ ഡയോക്സൈഡ് എന്നിവയടങ്ങുന്ന ഈ വാതകം മെഥനോൾ, അമോണിയ, കൃത്രിമ ഇന്ധനങ്ങൾ, വളം എന്നിവയുടെ നിർമാണത്തിനും സ്റ്റീൽ വ്യവസായത്തിനും ഉപയോഗിക്കാം.
സാമ്പത്തിക നേട്ടങ്ങൾ
ഇന്ധന ഇറക്കുമതിച്ചെലവു കുറയ്ക്കാൻ പദ്ധതി ഏറെ സഹായിക്കുമെന്നാണ് വിലയിരുത്തൽ. എൽ.എൻ.ജി., യൂറിയ, അമോണിയം നൈട്രേറ്റ്, മെഥനോൾ എന്നിവയുടെ ഇറക്കുമതിക്കായി കഴിഞ്ഞ സാമ്പത്തികവർഷം 2.77 ലക്ഷം കോടി രൂപയാണ് രാജ്യം ചെലവഴിച്ചത്.
ആവശ്യമായ എൽ.എൻ.ജി.യുടെ 50 ശതമാനവും യൂറിയയുടെ 20 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. അമോണിയക്കും മെഥനോളിനുമായി വിദേശവിപണികളെയാണ് രാജ്യം പ്രധാനമായും ആശ്രയിക്കുന്നത്. 2030-ഓടെ 10 കോടി ടൺ വാതക ഉത്പാദനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി 8,500 കോടി രൂപയുടെ സാമ്പത്തിക ആനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിലുള്ള റിഫൈനിങ്, പെട്രോകെമിക്കൽ പ്ലാന്റുകളിലേക്ക് ആവശ്യമായ അസംസ്കൃത വസ്തുവായി ഈ വാതകം ഉപയോഗിക്കാമെന്നതും റിലയൻസിന് വലിയ നേട്ടമാകും.
വെല്ലുവിളികൾ
ഭൂനിരപ്പിൽനിന്ന് 600 മീറ്ററിലധികം ആഴത്തിലുള്ള വാതകശേഖരണം ഭൂഗർഭജല മലിനീകരണം, വാതകച്ചോർച്ച, ഭൂമി ഇടിയൽ തുടങ്ങിയ വലിയ അപകടസാധ്യതകൾ ഉയർത്തുന്നുണ്ട്. ഭൂമിക്കടിയിലെ വാതകവൽക്കരണ പ്രക്രിയ പൂർണ നിയന്ത്രണത്തിൽ നിലനിർത്തുക എന്നത് ഏറെ സങ്കീർണമാണ്.
സർക്കാർ പ്രഖ്യാപിച്ച 37,500 കോടി രൂപയുടെ പ്രോത്സാഹന പദ്ധതി ഉപരിതല വാതകവൽക്കരണ പദ്ധതികൾക്കു മാത്രമുള്ളതാണ്. അതിനാൽ ഭൂഗർഭ പദ്ധതിക്ക് ഈ സഹായം നേരിട്ടു ലഭിക്കില്ല. എങ്കിലും ചില പദ്ധതികൾക്ക് 50 ശതമാനം വരുമാനം പങ്കുവെക്കൽ ആനുകൂല്യം സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്.
3.13 ബില്യൺ ടൺ കൽക്കരി 30 വർഷത്തിനുള്ളിൽ പൂർണമായി ഉപയോഗിക്കുകയാണെങ്കിൽ വർഷത്തിൽ 104 ദശലക്ഷം ടൺ ഉത്പാദിപ്പിക്കേണ്ടിവരും. 10 ശതമാനം മാത്രം ഉപയോഗക്ഷമമായാൽ പോലും അത് പ്രതിവർഷം 10.4 ദശലക്ഷം ടൺ മാത്രമായിരിക്കും.
റിലയൻസിന്റെ ഈ പദ്ധതി രാജ്യത്തിന്റെ ഊർജസുരക്ഷയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ശേഷിയുള്ളതാണ്. എന്നിരുന്നാലും ഭൂമിക്കടിയിലെ സങ്കീർണമായ പ്രക്രിയകൾ സാമ്പത്തിക ലാഭത്തോടെയും സുരക്ഷിതമായും നടപ്പിലാക്കാൻ കഴിയുമെന്ന് ആദ്യഘട്ടത്തിൽത്തന്നെ തെളിയിക്കേണ്ടതുണ്ട്. പൈലറ്റ് ഘട്ടത്തിലെ വിജയം മാത്രമായിരിക്കും ഈ വൻ നിക്ഷേപത്തിന്റെ യഥാർഥ ഭാവി നിർണയിക്കുക.
Content Highlights: Reliance Industries invests ₹2.73 lakh crore in Andhra Pradesh for underground coal gasification., Project aims to produce hydrogen, methanol, ammonia, and natural gas without traditional mining., Phased implementation starting with exploration in 2026-2027 and commercial production by 2030., Helps reduce India's fuel import costs for LNG, urea, ammonia, and methanol.
Published: 21 Aug 2026, 12:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented