ന്യൂഡൽഹി: പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസത്തെ കാഠിന്യമേറിയ 'സൂപ്പർ എൽ നിനോ' ആക്കി മാറ്റുന്നതിൽ ഇന്ത്യൻ മഹാസമുദ്രത്തിന് പ്രധാന പങ്കെന്ന്‌ പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമുദ്രങ്ങൾ തമ്മിലുള്ള അപൂർവവും നിർണായകവുമായ ബന്ധമാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്.

To advertise here,

'നേച്ചർ കമ്മ്യൂണിക്കേഷൻസ്' എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 1972, 1982, 1997 വർഷങ്ങളിൽ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ എൽ നിനോ പ്രതിഭാസങ്ങളെയാണ് പഠനം വിശകലനം ചെയ്തത്. ഈ മൂന്ന് എൽ നിനോ കാലഘട്ടങ്ങളിലും ഇന്ത്യൻ മഹാസമുദ്രത്തിൽ പോസിറ്റീവ് ഡൈപോൾ പ്രതിഭാസം നിലനിന്നിരുന്നതായി ഗവേഷകർ കണ്ടെത്തി.

ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറൻ ഭാഗം സാധാരണയേക്കാൾ ചൂടുപിടിക്കുകയും ഇൻഡൊനീഷ്യയ്ക്ക് സമീപമുള്ള കിഴക്കൻ ഭാഗത്ത് തണുപ്പ് കൂടുകയും ചെയ്യുമ്പോഴാണ് പോസിറ്റീവ് ഐഒഡി രൂപപ്പെടുന്നത്. പോസിറ്റീവ് ഐഒഡി രൂപപ്പെടുമ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിലെ താപനില വ്യതിയാനങ്ങൾ പടിഞ്ഞാറൻ, മധ്യരേഖാ പസഫിക് മേഖലകളിലെ കാറ്റിന്റെ ഗതിയെ സ്വാധീനിക്കുന്നു. ഇതിന്റെ ഫലമായി പസഫിക്കിൽ ശക്തമായ പടിഞ്ഞാറൻ കാറ്റ് വ്യതിയാനങ്ങൾ (Westerly Wind Anomalies) രൂപപ്പെടാം. ഈ കാറ്റ്‌ ചൂടുള്ള സമുദ്രജലത്തെ കിഴക്കൻ പസഫിക്കിലേക്ക് നീക്കുന്നതിനും അവിടെ സമുദ്രോപരിതല താപനില ഉയർത്തുന്നതിനും വഴിയൊരുക്കുന്നു. ഇതുവഴി സാധാരണ എൽ നിനോയെക്കാൾ ശക്തമായ ‘സൂപ്പർ എൽ നിനോ’ രൂപപ്പെടാനുള്ള സാഹചര്യമുണ്ടാകുന്നു.

എന്നാൽ എല്ലാ പോസിറ്റീവ് ഐഒഡി പ്രതിഭാസങ്ങളും സൂപ്പർ എൽ നിനോയ്ക്ക് കാരണമാകണമെന്നില്ലെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, 2015-ലെ എൽ നിനോ സമയത്ത് സമാനമായ കിഴക്കൻ പസഫിക് ഘടനയല്ല പ്രകടമായത്. എങ്കിലും, ആഗോള കാലാവസ്ഥാ വ്യതിയാനങ്ങളെയും തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളെയും മുൻകൂട്ടി മനസ്സിലാക്കുന്നതിൽ പസഫിക്കിനൊപ്പം ഇന്ത്യൻ മഹാസമുദ്രത്തിലെ താപനില വ്യതിയാനങ്ങൾ നിരീക്ഷിക്കുന്നതും നിർണായകമാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.