ന്യൂഡൽഹി: വടക്കുകിഴക്കൻ ഇന്ത്യയിലെ വനമേഖലകളിൽ പുതിയ ഇനം തവളകളെ കണ്ടെത്തി ഗവേഷകർ. ഡൽഹി സർവകലാശാലയിലെയും അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയിലെയും ശാസ്ത്രജ്ഞരുടെ സംഘമാണ് അഞ്ചുവർഷം നീണ്ട ഗവേഷണത്തിലൂടെ ജിംഗോഫ്രിസ് ജനുസിൽപ്പെട്ട അഞ്ച് പുതിയ തവളയിനങ്ങളെ തിരിച്ചറിഞ്ഞത്. ജിംഗോഫ്രിസ് താനീതാതി, ജിംഗോഫ്രിസ് തനോഗോഗോ, ജിംഗോഫ്രിസ് സിയാങെൻസിസ്, ജിംഗോഫ്രിസ് ഹാർഡി, ജിംഗോഫ്രിസ് വുലാർസോണി എന്നിവയാണ് പുതുതായി കണ്ടെത്തിയ ഇനങ്ങൾ.

To advertise here,

ചെറുകൊമ്പൻ തവളകൾ എന്നറിയപ്പെടുന്ന ഇവയെ അരുണാചൽ പ്രദേശിൽനിന്നാണ് കണ്ടെത്തിയത്. ആഗോള ജൈവവൈവിധ്യ പ്രാധാന്യമുള്ള ഹിമാലയൻ മേഖലയിലാണ് ഇവയെ കണ്ടെത്തിയത്. റോയൽ സൊസൈറ്റി ഓപ്പൺ സയൻസ് എന്ന ശാസ്ത്രജേണലിലാണ് പഠനഫലങ്ങൾ പുറത്തുവിട്ടത്. പുതുതായി കണ്ടെത്തിയ അഞ്ച് ഇനങ്ങൾക്ക് പുറമേ, ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ രണ്ട് ഇനങ്ങളെയും ഇതുവരെ പേരുനൽകാത്ത ചില വ്യത്യസ്ത വിഭാഗങ്ങളെയും ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഏഷ്യൻ കൊമ്പൻ തവളകൾ എന്നറിയപ്പെടുന്ന മെഗോഫ്രൈഡേ കുടുംബത്തിലെ മെഗോഫ്രൈനേ ഉപകുടുംബത്തിൽ ഉൾപ്പെടുന്ന ജിംഗോഫ്രിസ് ജനുസ്സിലെ തവളകളിലാണ് പഠനം നടന്നത്. വടക്കുകിഴക്കൻ ഇന്ത്യയിലും തെക്കൻ ചൈനയിലും മാത്രം കാണപ്പെടുന്ന, വേണ്ടത്ര പഠിക്കപ്പെട്ടിട്ടില്ലാത്ത തവളകളുടെ വിഭാഗമാണ് ജിംഗോഫ്രിസ്. ഈ തവളകുടുംബത്തിലെ ഏറ്റവും വൈവിധ്യം തെക്കുകിഴക്കൻ ഏഷ്യയിലാണെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ ഹിമാലയൻ മേഖലയിൽ തിരിച്ചറിയപ്പെടാതെ കിടക്കുന്ന നിരവധി തവളയിനങ്ങളുണ്ടെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.

ഇതിനുപുറമെ, ഹിമാലയൻ മേഖലയിൽ മെഗോഫ്രൈനേ ഉപകുടുംബത്തിൽപ്പെട്ട തവളകൾ പ്രതീക്ഷിച്ചതിലും വലിയ പരിണാമ വൈവിധ്യത്തിന് വിധേയമായിട്ടുണ്ടെന്നും പുതിയ പഠനം വ്യക്തമാക്കുന്നു. ഹിമാലയൻ പർവതനിരകളുടെ ഉയർച്ചയും മൺസൂൺ പാറ്റേണും ഈ പരിണാമ പ്രക്രിയയുമായി ബന്ധപ്പെട്ടിരിക്കുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.

പുതിയ ഇനങ്ങളുടെയും ഇന്ത്യയിൽ ആദ്യമായി രേഖപ്പെടുത്തിയ ഇനങ്ങളുടെയും കണ്ടെത്തലോടെ രാജ്യത്ത് നേരത്തേ തിരിച്ചറിഞ്ഞിരുന്ന ചെറുകൊമ്പൻ തവളകളുടെ വൈവിധ്യം ഏഴിരട്ടിയായി വർധിച്ചു. ജിംഗോഫ്രിസ് ജനുസിൽ ഇതുവരെ രേഖപ്പെടുത്തിയിരുന്ന ഇനങ്ങളുടെ എണ്ണത്തിൽ ഇതോടെ ഇരട്ടിയിലധികം വർധനവുമുണ്ടായി.